ബംഗളുരുവിൽ നടക്കുന്ന എയറോ ഇന്ത്യ 2017ൽ മൂന്നാം ദിവസം ബ്രിട്ടീഷ് സേനയുടെ വിമാനങ്ങൾ തിളങ്ങുന്ന താരങ്ങളായി ഏവരെയും അമ്പരിപ്പിച്ചു. യുകെയിൽ നിന്നുള്ള യാകോവ്ലെവ്സ് എയറോബോട്ടിക്സ് ടീം റഷ്യയിൽ നിന്നും ഡിസൈൻ ചെയ്തിരിക്കുന്ന യാകോവ്ലെവ്സ് വിമാനങ്ങൾ പറത്തിയാണ് ഏവരെയും സ്തംബ്ധരാക്കിയിരിക്കുന്നത്. ഇവ ബംഗളുരുവിലെ ആകാശത്ത് വട്ടമിട്ട് പറന്ന് ഏവരുയെടും കൈയടി നേടുകയായിരുന്നു. കുതിച്ചും കിതച്ചും മലക്കം മറിഞ്ഞും ഇന്ത്യൻ എയറോ ഷോയിൽ ഇവ മുന്നേറി. ഇവിടെ കണ്ണഞ്ചിക്കുന്ന എറബാറ്റിക്സ് പ്രദർശനമാണിവർ നടത്തിയിരിക്കുന്നത്. ഈ ടീം ഇത് രണ്ടാം പ്രാവശ്യമാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഈ ടീം സിംഗിൾ സീറ്റ് എയർക്രാഫ്റ്റും ഡബിൾ സീറ്റ് എയർക്രാഫ്റ്റും ഷോയിൽ പറത്തിയിട്ടുണ്ട്. ഇവിടെയെത്തിയിരിക്കുന്ന ടീമിൽ ഒരു സ്റ്റാൻഡ് ബൈ അടക്കമുള്ള അഞ്ച് പൈലറ്റുമാരും , മൂന്ന് എൻജിനീയർമാർ എന്നിവരാണുള്ളത്. കൂടാതെ ടീമിൽ റോയൽ എയർഫോഴ്സിൽ നിന്നുള്ള നാല് അംഗങ്ങളും റോയൽ നേവിയിൽ നിന്നുള്ള ഒരു അംഗവുമുണ്ട്. ഒരു ഫ്രഞ്ച് മിലിട്ടറി പൈലറ്റും ലിത്വാനിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുമുള്ള ഓരോ പൈലറ്റുമുണ്ട്.

എയറോ ഇന്ത്യ 2017ൽ ബ്രിട്ടീഷ് സംഘത്തെ നയിക്കുന്നത് ബ്രിട്ടീഷ് ഡിഫെൻസ് മിനിസ്റ്ററായ ഹാരിയറ്റ് ബാൽഡ് വിൻ ആണ്. ബ്രിട്ടനും ഇന്ത്യയും പങ്കാളിത്തം, കൂട്ട് ചേർന്നുള്ള പ്രവർത്തനം, നിക്ഷേപം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങിയ മേഖകളിൽ ശ്രദ്ധയൂന്നി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ബ്രിട്ടീഷ് വിമാനങ്ങൾ ഷോയിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ബാൾഡ് വിന് ഒപ്പം യുകെയിൽ നിന്നുള്ള 20 കമ്പനികളും ബംഗളുരുവിലെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിൽ വച്ച് നടക്കുന്ന എയറോസ്പേസ് എക്സിബിഷനിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പ്രതിരോധം , ഏവിയേഷൻ, സെക്യൂരിറ്റി സെക്ഷനുകൾ തുടങ്ങിയവയിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളാണിവിടെ പ്രദർശിപ്പിക്കുന്നത്.ഈ സാങ്കേതിക വിദ്യകൾ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് കൊണ്ട് ഇവിടെ ശക്തിപ്പെടുത്തുകയും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്.

നവംബർ 2015ന് ഇത് സംബന്ധിച്ച ഒരു കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പ് വച്ചിരുന്നു. പ്രതിരോധവും അന്താരാഷ്ട്ര സുരക്ഷയും കെട്ടിപ്പടുക്കുന്നതിനായി പരസ്പരം യോജിച്ച് പ്രവർത്തിക്കാമെന്നായിരുന്നു ആ കരാർ. ഈ സന്ദർശനത്തിലൂടെ അവ വികസിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. ഇന്ത്യയ്ക്കും യുകെയ്ക്കും പ്രതിരോധത്തിൽ പരസ്പരം ഏറെ സഹായിക്കാനും സഹകരിക്കാനുമാവുമെന്നാണ് ബാഡ് വിൻ പറയുന്നത്.ഈ മേഖലയിലെ നിർമ്മാണ സഹവർതിത്വം, കയറ്റുമതി അനായാസമാക്കൽ, സൈനിക സഹകരണം, പരിശീലനവും ഗവേഷണ പങ്കാളിത്തവും അവയിൽ ചിലത് മാത്രമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ബ്രിട്ടൻ ലോകത്തിൽ മുന്നേറുന്നതിലൂടെ ഇന്ത്യയുമായി ചേർന്ന് അടുത്ത വ്യാവസായിക, സൈനിിക, സാമ്പത്തിക പങ്കാളിത്തതോടെ അറിവ്, സുരക്ഷ, സമൃദ്ധി, എന്നിവ കൈവരിക്കാനാവുമെന്നും ബാഡ് വിൻ പറയുന്നു.

ബാഡ് വിനൈാപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈമ്മീഷണറായ ലെഫ്റ്റനന്റ് ജനറൽ മാർക്ക് പോഫ്ലെ, യുകെ പ്രതിരോധ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ഫോർ മിലിട്ടറി കേപബിലിറ്റി ആയ സോഫി ലൈൻ തുടങ്ങിയ നിരവധി മുതിർന്ന ഒഫീഷ്യലുകളും എത്തിയിട്ടുണ്ട്. വായു, കര, നാവിക മേഖലകളിൽ ലോക നിരവാരത്തിലുള്ള നിരവധി യുദ്ധോപകരണങ്ങൾ യുകെയ്ക്കുണ്ടെന്നും അതിനാൽ യുകെയിലെയും ഇന്ത്യയിലെയും കമ്പനികളെ ദീർഘകാലത്തേക്ക് സഹകരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിച്ച് ഭാവിയിൽ നല്ല ഉൽപന്നങ്ങൾ നിർമ്മിക്കുമെന്നും ലോകമാർക്കറ്റിലെ ആവശ്യങ്ങൾക്കനുസൃതമായി പുതിയ സൈനിക ഉപകരണങ്ങള്ൾ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നുമാണ് സോഫി ലൈൻ പറയുന്നത്.