കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി സി. പി. എമ്മിനെ മാത്രമല്ല സി. പി. ഐ യുടെ യുവജന സംഘടനയായ എ. ഐ. വൈ. എഫിനെയും വെട്ടിലാക്കി. ശ്രീകൃഷ്ണ ജയന്തിക്ക് അഭിവാദ്യമർപ്പിച്ച് കോഴിക്കോട് ബേപ്പൂർ നടുവട്ടത്തെ എ. ഐ. വൈ. എഫ് പ്രവർത്തകർ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതാണ് പ്രശ്‌നമായത്. ബോർഡ് സ്ഥാപിച്ചിട്ട് ദിവസങ്ങൾ ഏറെയായെങ്കിലും മാദ്ധ്യമങ്ങൾ ഉൾപ്പെടെ ആരും അത് കാര്യമായി എടുത്തിരുന്നില്ല.

ഇതിനിടെ സി പി എമ്മിന്റെ ഓണാഘോഷത്തിൽ കൃഷ്ണ വേഷത്തിലുള്ള കുട്ടികൾ അണിനിരന്നതും ശ്രീനാരായണഗുരുവിനെ മോശമായി ചിത്രീകരിച്ചതുമെല്ലാം വലിയ വാർത്തകളായി. സി. പി. എം നടപടിക്കെതിരെ, സി. പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തത്തെി. ഗുരുവിനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പാർട്ടികൾ ആത്മീയ യാത്ര നടത്തുന്നത് കണ്ണൂരിലെ മാത്രം പ്രതിഭാസമാണെന്നും വിപ്‌ളവ പാർട്ടികൾ ഇത്തരം പരിപാടികൾ നടത്തരുതെന്നും ഒരു മതത്തിന്റെ ആഘോഷം നടത്താൻ സി. പി. ഐ തയ്യറാവില്ലന്നെും കാനം തുറന്നടിച്ചിരുന്നു.

ഘോഷയാത്രയോടെ വെട്ടിലായി നിൽക്കുന്ന സി. പി.എമ്മിന് ഏറ്റ അടികൂടിയായി കാനത്തിന്റെ പ്രസ്താവന. ഇത് ബേപ്പൂരിലെ ഡി.വൈ. എഫ്.ഐ പ്രവർത്തകരെ വല്ലാതെ പ്രകോപിപ്പിച്ചു. തന്നെയുമല്ല ശ്രീകൃഷ്ണ ജയന്തിക്ക് അഭിവാദ്യമർപ്പിച്ച് ബോർഡുകൾ സ്ഥാപിച്ച എ. ഐ. വൈ. എഫ് പ്രവർത്തകർ മുൻകാല ഡി. വൈ. എഫ് .ഐപ്രവർത്തകരായിരുന്നു. അടുത്തിടെയാണ് അവർ രാജിവച്ച് എ. ഐ വൈ എഫിൽ ചേർന്നത്. ഈ ദേഷ്യം ഉള്ളിൽ ഉള്ള ഡി. വൈ. എഫ്. ഐ പ്രവർത്തകർ ബോർഡ് സ്ഥാപിച്ചതിനെക്കുറിച്ച് മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

എ.ഐ. വൈ. എഫും സംഘടനയ്ക്ക് കീഴിൽ രൂപീകരിച്ച ചെഗുവേര ക്‌ളബും ചേർന്നായിരുന്നു ബോർഡ് സ്ഥാപിച്ചത്. 'ലോകത്തെ സകല ചരാചരങ്ങൾക്കും സുഖം ഭവിക്കട്ടെ, ശ്രീകൃഷ്ണ ജയന്തിക്ക് വിപ്‌ളാഭിവാദ്യങ്ങൾ' എന്നതായിരുന്നു ബോർഡിലെ വാക്കുകൾ. കാനത്തിന്റെ പ്രസ്താവയുടെ കൂടി അടിസ്ഥാനത്തിൽ ഈ വാർത്ത ചില മാദ്ധ്യമങ്ങൾ ആഘോഷിച്ചതോടെ എ. ഐ. വൈ. എഫ് വല്ലാത്ത കുരുക്കിലാവുകയായിരുന്നു.

സിപിഐ നേതൃത്വത്തിനും കാര്യം തലവേദനയായി മാറിയതോടെ കടുത്ത നടപടികൾ സ്വീകരിക്കാൻ എ. ഐ. വൈ. എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സംഭവത്തെ അപലപിച്ച സംഘടന അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച വൈ എഫ് ഘടകം പിരിച്ചുവിടാനും തീരുമാനിച്ചു. വൈ എഫ് സംസ്ഥാന കമ്മിറ്റി പറയുന്നത് ഇങ്ങനെ.

എ ഐ വൈ എഫിന്റെ ഏതെങ്കിലും ഘടകമെടുത്ത തീരുമാനത്തിന്റെയോ രാഷ്ട്രീയ നിലപാടിന്റെയോ ഭാഗമായിരുന്നില്ല ആ ബാനർ. സംഘപരിവാരത്തിന്റെ ഭാഗമായ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോട് അനുഭാവം പ്രകടിപ്പിക്കേണ്ടവരല്ല എ ഐ വൈ എഫ്. വിശ്വാസികൾക്ക് ഞങ്ങൾ എതിരല്ല. എന്നാൽ വിശ്വാസത്തിന്റെ മറപറ്റി വർഗീയ ധ്രുവീകരണം ലക്ഷ്യം വെക്കുന്ന സംഘപരിവാർ ഒളി അജണ്ടകളെ തുറന്നെതിർക്കുന്ന സംഘടനയാണ് എ.ഐ. വൈ. എഫ്. ഇത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്.

ജന്മാഷ്ടമി പോലുള്ള ദിനങ്ങൾ കെട്ടുകാഴ്ചകളില്ലാതെ ആഘോഷിക്കുന്ന യഥാർത്ഥ വിശ്വാസികളായ ലക്ഷക്കണക്കിന് പേരുണ്ട്. അതിൽ നിന്ന് മുതലെടുക്കാനുള്ള സംഘപരിവാർ പരിശ്രമങ്ങൾക്കെതിരെ നാം ജാഗരൂകരാവണം. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് അഭിവാദ്യം അർപ്പിക്കുകയും സമാന്തരമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുമല്ല വേണ്ടത്. നിരന്തരമായ ബോധവത്കരണവും ബദൽ രാഷ്ട്രീയം വളർത്തിയെടുക്കലുമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. ഇവിടെ ബേപ്പൂരിലെ ചില സഖാക്കൾ കാണിച്ച ജാഗ്രതക്കുറവിനെയും വീഴ്ചയെയും ഞങ്ങൾ ന്യായീകരിക്കുന്നില്ലന്നെും വൈ. എഫ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ഒരു പ്രദേശത്തെ ഏതാനും പ്രവർത്തകർ കാണിച്ച അവിവേകത്തെ ഒരു സംഘടനയുടെ മൊത്തം അഭിപ്രായമായി പർവതീകരിച്ച മാദ്ധ്യമ പ്രവർത്തിയും ന്യായീകരിക്കാവുന്നതല്ലന്നെ കുറ്റപ്പെടുത്തലും സംഘടന നടത്തി.

ഇതേ സമയം വാർത്ത ചില പത്രങ്ങൾ പത്രം റിപ്പോർട്ട് ചെയ്ത രീതിയെ എ.ഐ. വൈ. എഫ് കോഴിക്കൊട് ജില്ലാ സെക്രട്ടറി ഗവാസ് ഫേസ് ബുക്ക് പോസ്റ്റിൽ രൂക്ഷമായി വിമർശിച്ചു. സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകൾക്ക് എ. ഐ. വൈ. എഫ് ഫ്‌ളക്‌സ് ബോർഡിലൂടെ മറുപടി നൽകി എന്നായിരുന്നു ഒരു പത്രത്തിലെ വാർത്ത. ലക്ഷക്കണക്കിന് പ്രവർത്തകരും ആയിരക്കണക്കിന് യൂണിറ്റുകളുമുള്ള സംഘടനയാണ് എ ഐ വൈ എഫ്. ഒരു പ്രദേശത്തെ ഏതാനും പ്രവർത്തകർ കാണിച്ച അവിവേകത്തെ ഒരു സംഘടനയുടെ മൊത്തം അഭിപ്രായമായി പർവ്വതീകരിച്ച മാദ്ധ്യമ പ്രവർത്തി ന്യായീകരിക്കാവുന്നതല്ലന്നെ് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച ബാനർ ജയന്തിയുടെ പിറ്റന്നേ് പാർട്ടി സെക്രട്ടറി നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയാണെന്ന വില കുറഞ്ഞതും വിചിത്രവുമായ വാദമാണ് മാദ്ധ്യമങ്ങളിൽ കണ്ടതെന്ന് ഗവാസ് കുറ്റപ്പെടുത്തി.