- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർമാർക്കറ്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയപ്പോൾ പ്രായം 20; കടക്കാർ വീട്ടിലേക്ക് ഒഴുകിയെത്തിയപ്പോൾ മുടങ്ങിയത് സഹോദരിയുടെ നിക്കാഹ്; വീട് വിറ്റ് ഗൾഫിലെത്തി മടങ്ങിയപ്പോൾ കോടീശ്വരൻ; ആഡംബരക്കാറിൽ കറങ്ങിയത് പണിയെടുക്കാതെ പണമുണ്ടാക്കി; അജ്മൽ റഷാദ് എന്ന 'മുയൽ' പാവങ്ങളെ പറ്റിച്ച കഥ
മലപ്പുറം: വിര്യ ട്രേടേഴ്സ് എന്ന കമ്പനിയുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും കോടികൾ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി സംഭവത്തിലെ പ്രതികളിലൊരാളായ അജ്മൽ റഷാദ് തട്ടിപ്പുകൾ ആരംഭിച്ചത് 2008 മുതൽ. മലപ്പുറം ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ കാട്ടുമുണ്ട മാരമംഗലത്തായിരുന്നു അജ്മൽ റഷാദിന്റെ വീട്. മുയൽ എന്ന ഇരട്ടപ്പേരിലായിരുന്നു അജ്മൽ റഷാദ് നാട്ടിൽ അറിയപ്പെട്ടിരുന്നത്.
2008ൽ നാട്ടിൽ നിന്നും നിരവധി ആളുകളിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ മാർക്കറ്റുകളിലേക്കെന്ന് പറഞ്ഞ് പണം വാങ്ങിയിരുന്നു. എല്ലാ മാസവും ലാഭ വിഹിതം ലഭിക്കുമെന്നും പറഞ്ഞായിരുന്നു പണം വാങ്ങിയിരുന്നത്. 12000 രൂപയുടെ ഷെയറുകളായിട്ടായിരുന്നു അന്ന് പണം സ്വീകരിച്ചിരുന്നത്. അന്നു തന്നെ നിരവധിയാളുകൾ ഇത്തരത്തിൽ അജ്മൽ റഷാദിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അക്കാലത്ത് പണം നൽകിയവർക്ക് ഒരു വർഷം കഴിഞ്ഞിട്ടും പ്രഖ്യാപിച്ച ലാഭവിഹിതം തിരികെ ലഭിക്കാതായതോടെ പലരും പരാതികളുമായി രംഗത്ത് വന്നു. അന്ന് 20 വയസ്സ് മാത്രം പ്രായമാണ് അജ്മലിനുണ്ടായിരുന്നത്.
അതുകൊണ്ട് തന്നെപലരും വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയില്ല. എങ്കിലും പണം നൽകിയവരിൽ ഒരാൾ നാട്ടിൽ നടുറോഡിൽ വെച്ച് അജ്മലിനെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവം നടന്ന തൊട്ടടുത്ത ദിവസം തന്നെ കൈയേറ്റം ചെയ്ത രണ്ട് വ്യക്തികളുടെ പണം പൂർണമായും തിരികെ നൽകുകയും ചെയ്തു. എന്നാൽ പിന്നീടും നിരവധി ആളുകൾ പണം തിരികെ ആവശ്യപ്പെട്ട് എത്തിയതോടെ നാട്ടിലും വലിയ പ്രശ്നമായി. ആളുകൾ പണം ആവശ്യപ്പെട്ട് അജ്മൽ റഷാദിന്റെ വീട്ടിലേക്ക് എത്താൻ തുടങ്ങിയതോടെ കുടുംബം പ്രതിസന്ധിയിലായി.
ഇക്കാരണത്താൽ തന്നെ അജ്മലിന്റെ സഹോദരിയുടെ വിവാഹവും നടക്കാതായി. ആളുകൾ പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയും സഹോദരിയുടെ വിവാഹം നടക്കാതിരിക്കുകയും ചെയ്തതോടെ അജ്മലിന്റെ കുടുംബം കാട്ടുമുണ്ട മാരമംഗലത്തുണ്ടായിരുന്ന വീട് വിൽപന നടത്തി സ്ഥലം മാറിപ്പോവുകയായിരുന്നു. പിന്നീട് ഏറെ കാലം ഇവർക്ക് നാട്ടുകാരുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. മമ്പാട് അങ്ങാടിയിൽ വാടകക്ക് താമസിക്കുകയായിരുന്നു എന്ന് മാത്രമായിരുന്നു നാട്ടുകാർക്കുണ്ടായിരുന്ന വിവരം. അപ്പോഴും നിരവിധി ആളുകൾക്ക് പണം നൽകാനുണ്ടായിരുന്നു. ഇതിനിടയിൽ അജ്മൽ ഗൾഫിലേക്ക് പോവുകയും ചെയ്തു.
ഗൾഫിൽ ഡ്രൈവറായും മറ്റും ജോലി ചെയ്തിരുന്ന അജ്മൽ റഷാദ് പിന്നീട് നാട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് വീണ്ടും ഇത്തരം തട്ടിപ്പുകൾ തുടങ്ങിയത്. പിന്നീട് വണ്ടൂർ പുളിക്കൽ എന്ന സ്ഥലത്തുകൊട്ടാരസമാനമായ വീടുണ്ടാക്കുകയും വലിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ ജോലിയോ മറ്റോ ഇല്ലാത്ത അജ്മൽ റഷാദ് മാസങ്ങൾ കൊണ്ട് കോടീശ്വരനായ സംഭവത്തിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകളായിരിക്കാം എന്ന് അജ്മലിന്റെ തട്ടിപ്പുകൾക്ക് തുടക്കത്തിൽ തന്ന ഇരകളായവർക്ക് സശയമുണ്ടായിരുന്നു.
ജനിച്ചുവളർന്നതും തന്റെ തട്ടിപ്പുകൾക്ക് ആദ്യം തന്നെ തുടക്കമിട്ടതുമായ കാട്ടുമുണ്ടയിലേക്ക് അജ്മൽ എല്ല വെള്ളിയാഴ്ചകളിലും എത്താറുണ്ടായിരുന്നു. ഒരു കാലത്ത് തന്നെ അങ്ങാടിയിൽ വെച്ച് തല്ലിയവരുടെ മുന്നിൽ തന്റെ ആഡംബര വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനും തന്റെ വളർത്ത മറ്റുള്ളവരെ അറിയിക്കുന്നതിനും വേണ്ടിയായിരുന്നു ഈ വരവ്. എല്ലാ വെള്ളിയാഴ്ചകളിലും കാട്ടുമുണ്ടയിലെ പള്ളിയിലെത്തി പ്രാർത്ഥനയിലും പങ്കെടുക്കാറുണ്ടായിരുന്നു. അജ്മലിന്റെ പെട്ടെന്നുള്ള വളർച്ചക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടാകാം എന്ന നാട്ടുകാരുടെ സംശയമാണ് ഇപ്പോൾ സത്യമായിരിക്കുന്നത്.
കേരളത്തിൽ നിന്നും സംസ്ഥാത്തിന് പുറത്ത് നിന്നുമായി 1000 കോടിയോളം രൂപയാണ് വിര്യ ട്രേഡ്ഴ്സ് എന്ന കമ്പനിയുടെ പേരിൽ അജ്മലും കൂട്ടാളികളും തട്ടിയെടുത്തിട്ടുള്ളത്. അജ്മലിനെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ല. നിക്ഷേപകൾ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. തന്റെ 20-ാം വയസ്സിൽ 2008-2009 കാലഘട്ടത്തിൽ തുടങ്ങിയ തട്ടിപ്പിന്റെ അതേ മാതൃക തന്നെയാണ് അജ്മൽ ഇപ്പോഴും പ്രാവർത്തികമാക്കിയിരിക്കുന്നത്.
അന്ന് തന്നെ അജ്മലിന്റെ തട്ടിപ്പുകൾക്കെതിരെ കൃത്യമായ പരാതികളോ നടപടികളോ ഉണ്ടായിരുന്നെങ്കിൽ ഇക്കാലത്ത് വീണ്ടും ഇത്തരം തട്ടിപ്പുകളുമായി രംഗത്ത് വരാൻ അജ്മലിന് സാധിക്കുമായിരുന്നില്ല. മാത്രവുമല്ല ജോലി ചെയ്യാതെ പണം സമ്പാദിക്കാമെന്ന ജനങ്ങളുടെ ആർത്തിയാണ് ഒരു പതിറ്റാണ്ടിന് ഇപ്പുറവും ഇത്തരത്തിലുള്ള തട്ടിപ്പുളുമായി വീണ്ടും രംഗപ്രവേശനം ചെയ്യാൻ അജ്മലിന് തുണയായതും.
മറുനാടന് മലയാളി ബ്യൂറോ