തിരുവനന്തപുരം: ഒറ്റപ്പടംകൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ സംവിധായകൻ. മലയാളിക്ക് സുപരിചതനായ തോപ്പിൽഭാസിയുടെ മകൻ അജയന് മലയാള സിനിമാലോകം വിധിച്ചത് ദേശീയ അവാർഡുകൾ ഉൾപ്പെടെ നേടിയ പെരുന്തച്ചൻ എന്ന ഒരേ ഒരു സിനിമയായിരുന്നു. എംടി വാസുദേവൻ നായരുടെ 'മാണിക്യക്കല്ല' എന്ന കുട്ടികൾക്കായുള്ള നോവലിൻെ ചലച്ചിത്രാവിഷ്‌ക്കാരത്തിനുള്ള ശ്രമത്തിലായിരുന്നു അജയൻ പിന്നീട്. ഹോളിവുഡ്ഡിലും ഡിസ്‌നിലാൻഡിലുമൊക്കെ സ്പെഷ്യൽ ഇഫക്ടുകൾ അന്വേഷിച്ചു നടന്ന അദ്ദേഹം ചിത്രം നടക്കില്ലെന്ന് അറിഞ്ഞതോടെ കടുത്ത മാനസിക സംഘർഷത്തിലുമായി.

ആദ്യമേതന്നെ പെരുന്തച്ചനെപ്പോലുള്ള ഒരു വലിയ പടം ചെയ്തിനാൽ ചെറിയ പ്രോജക്റ്റുകൾക്ക് അദ്ദേഹത്തെ ആരും വിളിച്ചില്ല. അന്തർമുഖനായ അജയനാവട്ടെ എവിടെയും അവസരം തേടിപോയതുമില്ല. സിനിമാരംഗം അടക്കിഭരിക്കുന്ന ചില പ്രമാണിമാർ തനിക്കെതിരെ സംഘടിതമായ ഗൂഢാലോചന നടത്തിയതായി അജയൻ കരുതിയിരുന്നു. ദുഷ്പ്രചാരണം നടത്തി അവർ ഈ രംഗത്തുനിന്നും തന്നെ അകറ്റിനിർത്തുന്നു. ചുറ്റുംസഹായിവൃന്ദങ്ങളോ ഗോഡ്ഫാദറോ ഇല്ലാത്ത, കഴിവുകൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട ഒരു നവാഗതന് നേരിടേണ്ടിവന്ന മഹാദുരന്തത്തിന്റെ നേർക്കാഴ്ചയാണ് അജയന്റെ സിനിമാജീവിതം. 1990ൽ ഇറങ്ങിയ പെരുന്തച്ചനുശേഷം ഇതുവരെ ഒരുപടംപോലും അജയന് ചെയ്യാൻ കഴിയാഞ്ഞത് മലയാള ചലച്ചിത്രമേഖലയുടെയും നഷ്ടമാണ്.

നിർമ്മാതാവ് ഗുഡ്‌നൈറ്റ് മോഹനനും സംവിധായകൻ പ്രിയദർശനുമാണ് തന്റെ സിനിമാ ജീവിതം തകർത്തതെന്ന് അദ്ദേഹം ഒരിക്കൽ ആരോപിച്ചുിരുന്നു. 'മാണിക്യക്കല്ലിന് എം ടി എഴുതിയ തിരക്കഥ ഗുഡ്‌നൈറ്റ് മോഹൻ കരസ്ഥമാക്കുകയായിരുന്നു. ഈ പടം പ്രിയദർശൻ സംവിധാനം ചെയ്യുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. രണ്ടുവർഷത്തോളം ഇതിനായി ശ്രമിച്ചെങ്കിലും പിന്നീടത് മുടങ്ങിപ്പോവുകയും ചെയ്തു. അന്ന് മാണിക്യകല്ല് യാഥാർഥ്യമാവുകയാണെങ്കിൽ റസൂൽ പൂക്കൂട്ടിക്ക് മുമ്പേ ഓസ്‌കർ അവാർഡ് കേരളത്തിൽ എത്തുമായിരുന്നു'.

സിനിമയും നാടകവും രാഷ്ട്രീയവുമൊക്കെ ചെറുപ്പകാലത്തുതന്നെ തോപ്പിൽഭാസിയുടെ മകൻ അജയന്റെ മനസ്സിൽ കുടിയേറിയതാണ്. ഒരു പൈലറ്റാകാൻ കൊതിക്കുകയും എന്നാൽ, സംവിധാനസഹായിയായി സിനിമാരംഗത്ത് വരികയും ചെയ്ത അജയൻ പക്ഷേ, മദിരാശി അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സിനിമാട്ടോഗ്രാഫിയിലാണ് ഒന്നാം റാങ്കോടെ ബിരുദം നേടിയത്. ഏതാനും ഡോക്യുമെന്ററികൾ ചെയ്തുകൊണ്ടാണ് തുടക്കം. തകര, പ്രയാണം, ഒഴിവുകാലം തുടങ്ങിയ എത്രയോ ചിത്രങ്ങളുടെ പണിപ്പുരയിൽ സിനിമാലോകത്തെ പെരുന്തച്ചന്മാരായിരുന്ന ഭരതനും പത്മരാജനുമായുള്ള ദീർഘകാലത്തെ സഹവാസവും തന്റെ കുടുംബത്തിന്റെ കലാപാരമ്പര്യവുമാണ് ഒരു സ്വതന്ത്രസംവിധായകന്റെ മേലങ്കിയണിയാനുള്ള ആത്മധൈര്യം അദ്ദേഹത്തിന് പകർന്നുകൊടുത്തത്.

ഇൻസ്റ്റിറ്റൂട്ടിൽനിന്ന് പഠിച്ചിറങ്ങിയശേഷം ഒരു തിരക്കഥ എഴുതിക്കിട്ടണമെന്ന ആവശ്യവുമായാണ് അജയൻ ആദ്യം എം ടി.യുടെ അടുത്തുചെന്നത്. മാണിക്യക്കല്ല് എന്ന അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എം ടി.ക്കും വലിയ താത്പര്യം. വലിയ ഹിറ്റുപടങ്ങൾക്കൊന്നും നിൽക്കാതെ ഇതുപോലെ ഒരു സുരക്ഷിതമല്ലാത്ത ഒരു പ്രോജക്റ്റിന് ഈ ചെറുപ്പക്കാരൻ വന്നത് തന്നെ അമ്പരിപ്പിച്ചിരുന്നു എന്ന് എംടി പിന്നീട് എഴുതി. പക്ഷേ, എന്തുകൊണ്ടോ അന്നത് നടന്നില്ല.

വർഷങ്ങൾക്കുശേഷം പെരുന്തച്ചന്റെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി അദ്ദേഹം വീണ്ടും എം ടി.യെ തേടിച്ചെന്നു. 'ആലോചിക്കാം' എന്നുമാത്രമാണ് എം ടി. അപ്പോൾ പറഞ്ഞത്. ഇരുവരും പിരിഞ്ഞു. തിരക്കൊഴിഞ്ഞ സമയത്ത് അജയനുവേണ്ടി എം ടി. പെരുന്തച്ചൻ എഴുതാൻ തുടങ്ങി. വാസ്തുശാസ്ത്രപാരമ്പര്യം ഇന്നും നിലനിൽക്കുന്ന മംഗലാപുരത്തെ കുന്ദാപുരം എന്ന ഗ്രാമത്തിൽ നാലുമാസം താമസിച്ച് പഴങ്കഥകളും ഐതിഹ്യങ്ങളും തച്ചുശാസ്ത്രഗ്രന്ഥങ്ങളും ആഴത്തിൽ പഠിച്ചശേഷമാണ് എം ടി. തിരക്കഥ പൂർത്തിയാക്കിയത്. നായകനായി തിലകൻ മതിയെന്ന് നിർദ്ദേശിച്ചതും എം ടി.തന്നെ.

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന തിലകൻ അത് മാറ്റിവെച്ചിട്ടാണ് പടവുമായി സഹകരിച്ചത്. കേവലം 57 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയായി. ഒരു സിനിമയ്ക്ക് 50-60 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന അക്കാലത്ത് പെരുന്തച്ചന് ചെലവായത് വെറും 32 ലക്ഷം.
1990ൽ ഭാവചിത്രയുടെ ബാനറിൽ ജയകുമാർ നിർമ്മിച്ച് തിയേറ്ററുകളിലെത്തിച്ച പെരുന്തച്ചൻ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി. ഏറ്റവും മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയന് ഈ ചിത്രം നേടിക്കൊടുത്തു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി തിലകന് ലഭിക്കുന്നത് ഈ ചിത്രത്തിനാണ്. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച കലാസംവിധാനം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രം വാരിക്കൂട്ടി.

പെരുന്തച്ചൻ നൂറും നൂറ്റിഅൻപതും ദിവസം പിന്നിട്ട് കേരളത്തിലങ്ങോളമിങ്ങോളം നിറഞ്ഞ സദസ്സുകളിൽ തകർത്തോടുമ്പോൾ പഴയ മാണിക്യക്കല്ല് അജയൻ വീണ്ടും പൊടിതട്ടിയെടുത്തു. തുടർന്നുള്ള രണ്ടുരണ്ടര വർഷക്കാലം അതിന് ദൃശ്യഭാഷ്യം ഒരുക്കുന്നതിനുള്ള തീവ്രയജ്ഞത്തിലായിരുന്നു. കമ്പ്യൂട്ടർ ആനിമേഷനും അനുബന്ധ സാങ്കേതികവിദ്യകളും സാർവത്രികമല്ലാതിരുന്ന അക്കാലത്ത് സ്‌പെഷൽ ഇഫക്ടുകളെപ്പറ്റി പഠിക്കാൻ അമേരിക്കയിലും യൂറോപ്പിലുമുള്ള ധാരാളം സ്ഥാപനങ്ങൾ അദ്ദേഹം പലതവണ സന്ദർശിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്തി. ഈ തരത്തിൽപ്പെട്ട ധാരാളം ക്‌ളാസിക് സിനിമകൾ കണ്ടു. ഊണും ഉറക്കവുമുപേക്ഷിച്ചുള്ള ഓട്ടത്തിനിടെ സ്വന്തം കാര്യങ്ങൾപോലും മറന്നു.

മൈസൂരിലെ ലളിതമഹാൾ എന്ന പുരാതനമായ കൊട്ടാരമാണ് ചിത്രീകരണത്തിനായി അജയൻ മനസ്സിൽ കണ്ടുവെച്ചത്. ബെംഗളൂരുവിലുള്ള ഏതാനും കുട്ടികളെ അഭിനേതാക്കളായി തീരുമാനിച്ചു. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ദ്ധർ, ലൊക്കേഷൻ എന്നിങ്ങനെയുള്ള
പല കാര്യങ്ങളിലും ഏകദേശ ധാരണയായി. പക്ഷേ, അവിടെനിന്ന് പിന്നെ ഒന്നും മുന്നോട്ടുപോയില്ല. ആദ്യചിത്രത്തിന് നവാഗതസംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആൾക്ക് രണ്ടാമത്തെ ചിത്രം ഒരിക്കലും ചെയ്യാൻ കഴിഞ്ഞില്ല! ഒന്നുരണ്ട് ഡോക്യുമെന്ററികൾ ചെയ്‌തെങ്കിലും അടുത്ത സിനിമ എന്ന ആഗ്രഹം കൈയെത്താദൂരത്ത് തുടർന്നു. ഒരു സിനിമ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്യാനുള്ള ശ്രമങ്ങൾ ഇദ്ദേഹം ഇടയ്ക്ക് നടത്തിയെങ്കിലും വിജയിച്ചില്ല. അജയൻ അതോടെ ഏകാന്തതയിൽ ഒതുങ്ങിക്കൂടി.

തന്റെ കൈയിൽനിന്ന് ഗുഡ്നൈറ്റ് മോഹനും പ്രിയദർശനും ചേർന്ന് തിരക്കഥ തട്ടിയെടുത്തതായും ചില പ്രമാണിമാർ തന്റെ പടം മുടക്കാൻ ശ്രമിക്കുന്നുവെന്നും അജയൻ നിരന്തരം ആരോപിച്ചിരുന്നു. തനിക്ക് എന്ത് പ്രോജക്ടുകൾ വന്നാലും അയാൾ വലിയ സിനിമകൾ മാത്രമേ ചെയ്യൂവെന്ന് പറഞ്ഞ് അവസരം ഇവർതട്ടിക്കളയുമെന്ന് അദ്ദേഹം പറയുന്നു. അജയനായിട്ട് എവിടെയും അവസരങ്ങൾ തേടിപോയില്ല. ഇടക്കാലത്ത് അതിഭീകരമായ മദ്യപാനവും അജയനുണ്ടായി. എംടിക്കുമുന്നിൽവെച്ചുപോലും ഒരിക്കൽ താൻ മദ്യപിച്ചിരുന്നെന്നും പിന്നീട് കുറ്റബോധം കാരണം മദ്യപാനം പൂർണ്ണമായും നിർത്തിയെന്ന് തുറന്നടിക്കാനും അജയന് മാത്രമേ കഴിഞ്ഞിട്ടുള്ള. പിന്നീടുള്ള ദീർഘകാലത്തെ വിസ്മൃതിക്കുശേഷമാണ് തന്റെ പിതാവിന്റെ അത്മകഥയായ 'ഒളിവിലെ ഓർമ്മകൾ' സിനിമയാക്കണമെന്ന ആഗ്രഹം അജയൻ മുന്നോട്ടുവെച്ചത്. പക്ഷേ കാലം അതിന് അനുവദിച്ചില്ല.