ആയൂർ: ലോറി അജയൻ പിള്ളയുടെ കൊലപാതകികളെ കണ്ടെത്താൻ പൊലീസ്. പതിവായി വണ്ടി ഒതുക്കി വിശ്രമിച്ചിരുന്ന സ്ഥലത്തുവച്ചാണ് അജയൻ പിള്ള കൊല്ലപ്പെട്ടത്. കാലിത്തീറ്റ ഇറക്കിയ ശേഷം തിരികെ ലോഡുമായി പോകേണ്ട സമയത്തെല്ലാം ഇവിടെയാണ് വാഹനം ഒതുക്കിയിരുന്നത്. സൗമ്യമായി പെരുമാറിയിരുന്ന അജയൻ പിള്ള സമീപവാസികൾക്കെല്ലാം പരിചിതനായിരുന്നു.

കൊല്ലം കേരളപുരം അരുൺ വിഹാറിൽ അജയൻപിള്ളയാണ് മരിച്ചത്. ആയൂർ-അഞ്ചൽ റോഡിൽ ജവാഹർ ജംക്ഷനും കാട്ടുവമുക്കിനും മധ്യേ കളപ്പില വളവിൽ, ലോറിയുടെ മുൻവശത്തെ ചക്രത്തോടു ചേർന്നു രക്തം വാർന്ന നിലയിലാണ് അജയൻ പിള്ളയെ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് കാലിത്തീറ്റ ഇറക്കിയ ശേഷം രാവിലെ അഞ്ചൽ അഗസ്ത്യക്കോട് ഭാഗത്തെ കടയിൽ നിന്നു റബർ ഷീറ്റ് കയറ്റി കോട്ടയത്തേക്കു കൊണ്ടു പോകാനാണ് അജയൻ പിള്ള ഇവിടെ കാത്തു കിടന്നത്.

സമീപത്തെ ആറ്റിൽ കുളിച്ച്, വാഹനത്തിൽ വച്ചു തന്നെ ഭക്ഷണം പാകം ചെയ്തു കഴിച്ച്, സമീപത്തെ കടയിൽ നിന്ന് ചായയും കുടിച്ച ശേഷമാണ് ഈ സ്ഥലത്തു നിന്ന് എന്നും അജയൻ പിള്ള പോയിരുന്നത്. കുടിവെള്ളം സമീപത്തെ വീടുകളിൽ നിന്നു ശേഖരിക്കും. അങ്ങനെ നാട്ടുകാരുടെ പരിചയക്കാരനായി മാറി. ഇന്നലെ പുലർച്ചെയായിരുന്നു കൊല. പുലർച്ചെ സമീപത്തെ വീട്ടുകാർ രാത്രി അജയൻ പിള്ളയുടെ നിലവിളി കേട്ടു. ലോറി കിടന്ന ഭാഗത്തേക്കു ടോർച്ച് തെളിച്ചപ്പോൾ ടയറിനോടു ചേർന്ന് ചോരയിൽ കുളിച്ചു കമഴ്ന്നു കിടക്കുന്നതാണ് കണ്ടതെന്നു സമീപവാസി തോമസുകുട്ടി പറഞ്ഞു.

കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയിൽ ജോലിക്കു പ്രവേശിച്ചിട്ട് ഒരു വർഷത്തോളമായി. തിരുവനന്തപുരത്തു കാലിത്തീറ്റ ഇറക്കിയ ശേഷം കോട്ടയത്തേക്കു റബർ ഷീറ്റ് കയറ്റിപ്പോകുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം ഇവിടെ വിശ്രമിച്ചത്. ബുധൻ ഉച്ചയോടെ ലോറിയുമായി എത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. പതിവായി ലോറി ഇട്ടിരുന്ന സ്ഥലത്ത് റോഡ് നിർമ്മാണത്തിനായി നീക്കം ചെയ്ത മണ്ണ് നിരത്തിയിരുന്നു.

അതിനാൽ കുറച്ചു മാറിയാണ് വണ്ടി നിർത്തിയത്. ബൈക്കിലും സ്‌കൂട്ടറിലുമായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകസമയത്ത് പ്രദേശത്ത് സംഘത്തിന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചു. സമീപത്തെ വീടുകളിൽ ഇതിനു തൊട്ടുമുൻപ് മോഷണശ്രമമുണ്ടായി. ലോറി കിടന്നതിന്റെ സമീപത്തുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെയും സംഘം ഭീഷണിപ്പെടുത്തി.

ശേഷം ഇവർ വാളകം ഭാഗത്തു വരെ പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസിനു വിവരം ലഭിച്ചു. ഇതനുസരിച്ച് ഇന്നലെ പുലർച്ചെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വാഹന പരിശോധന നടത്തിയെങ്കിലും അക്രമിസംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.