പാലക്കാട്: സർക്കാരിന് എതിരെ ശബ്ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി പകവീട്ടുന്നത് തുടരുന്നു. സ്വർണക്കടത്ത് കേസിൽ, സർക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വപ്‌ന സുരേഷിന് ജോലി കൊടുത്തതിന്റെ പേരിൽ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിന് (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) എതിരെ പ്രതികാര നടപടികൾ തുടരുകയാണ്. എച്ച്ആർഡിഎസ് സെക്രട്ടറിയായ അജി കൃഷ്ണാണ് ഒടുവിലത്തെ ഇര. അജി കൃഷ്ണനെ ഇന്ന് അട്ടപ്പാടിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസികളെ ആട്ടിയോടിച്ച് ദേഹോപദ്രവം എൽപ്പിച്ചുവെന്നാണ് കേസ്. വാര്യർ ഫൗണ്ടേഷൻ എച്ചആർഡിഎസിന് 56 ഏക്കർ പാട്ടത്തിന് നൽകിയിരുന്നു. ഈ ഭൂമി ആദിവാസികളുടേതായിരുന്നുവെന്നാണ് ആരോപണം. പിന്നീട്, ഇവിടെ ആദിവാസികൾ കുടിൽ കെട്ടി താമസമാക്കി. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൽ എച്ച്. ആർ.ഡി.എസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രാവിലെ അഗളി ഡിവൈഎസ്‌പി ഓഫീസിലേക്ക് അജി കൃഷ്ണനെ വിളിപ്പിച്ചിരുന്നു. എന്നാൽ, ദീർഘനേരം കാത്തിരുന്നിട്ടും, ഡിവൈഎസ്‌പി എത്തിയില്ല. ചൊവ്വാഴ്ച ഓഫീസിൽ എത്തിക്കൊളാമെന്ന ഉറപ്പിൽ അജി കൃഷ്ണൻ മടങ്ങി. എന്നാൽ, ആനക്കട്ടിയിൽ വച്ച് ഷോളയൂർ സിഐയും സംഘവും വാഹനം തടഞ്ഞു. തുടർന്ന് സ്‌റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇടുക്കി സ്വദേശിയായ അജി കൃഷ്ണനാണ് എച്ച്ആർഡിഎസ് സ്ഥാപകൻ.അജി കൃഷ്ണന്റെ സഹോദരനായ ബിജു കൃഷ്ണനാണ് എച്ച്ആർഡിഎസ് പ്രോജക്ട് ഡയരക്ടർ. സ്വപ്ന സുരേഷിനെ കഴിഞ്ഞ ദിവസം ഡയറക്ടർ സ്ഥാനത്തുനിന്ന് എച്ച്.ആർ.ഡി.എസ് നീക്കം ചെയ്തിരുന്നു. സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി പറയുന്നു. സർക്കാർ സംവിധാനങ്ങൾ നിരന്തരമായി വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സ്വപ്നയെ എച്ച്.ആർ.ഡി.എസ് സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്.ആർ.ഡി.എസ് വ്യക്തമാക്കുകയും ചെയ്തു.

നാല് മാസം മുമ്പാണ് സ്വപ്ന സുരേഷിന് ആർ.എസ്.എസ് അനുകൂല എൻ.ജി.ഒയായ എച്ച്.ആർ.ഡി.എസിൽ ജോലി ലഭിച്ചത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്ന സുരേഷിനെ നിയമിച്ചത്. അതേസമയം,
സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ ശബ്ദം ഉയർത്തുന്നവർക്കതിരെ ക്രൂരമായ പ്രതികാര നടപടികൾ തുടരുകയാണ്. തട്ടിപ്പുകേസിലെ പ്രതിയുടെ പീഡന പരാതിയിൽ, പി സി ജോർജിനെ അറസ്റ്റ് ചെയ്തത് മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ്. ഇതേ കാരണത്താൽ തന്നെ കോടതി പിസി ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ക്രൈം നന്ദകുമാറാണ് സർക്കാരിന്റെ പകയുടെ മറ്റൊരു ഇര. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചെന്ന പരാതിയിൽ ക്രൈം വാരികയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. ഈ കേസിൽ, നന്ദകുമാറിന് ഇതുവരെയും ജാമ്യം കിട്ടിയിട്ടില്ല.

മുമ്പും എച്ച്ആർഡിഎസിന് എതിരെ പകപോക്കൽ

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ നിയമ നടപടികൾക്ക് മുമ്പും പകപോക്കുന്ന നിലപാടാണ് സിപിഎമ്മും ബന്ധപ്പെട്ട അധികൃതരും പിന്തുടരുന്നതെന്ന് അജി കൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. അട്ടപ്പാടി മേഖലയിൽ എന്ത് ചെയ്താലും എതിർക്കുന്ന രീതിയാണ് സിപിഎം തുടരുന്നത്. 192 വീടുകൾ അട്ടപ്പാടിയിൽ പൂർത്തിയാക്കി ആദിവാസികൾക്ക് കൈമാറാൻ തയ്യാറെടുത്തപ്പോഴും പഞ്ചായത്ത് അധികൃതർ വീട്ട് നമ്പർ നൽകാതെ തടസ്സം സൃഷ്ടിച്ചിരുന്നു.

വീട്ട് നമ്പർ ഇടാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ അടക്കം എടുക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്നു. ആദിവാസികൾക്കായി വീടുകൾ പൂർത്തീകരിച്ചിട്ടും കൈമാറുന്നതിന് തടസ്സം സൃഷ്ടിക്കുന്ന നടപടികളാണ് സിപിഎമ്മിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്.

എച്ച് ആർ ഡി എസിനെതിരെ അവർ നീക്കം നടത്തുമ്പോഴും യഥാർത്ഥത്തിൽ ദ്രോഹിക്കപ്പെടുന്നത് പ്രദേശത്തെ ആദിവാസികളാണ്. അവരുടെ നിസഹായവസ്ഥയാണ് സിപിഎം അടക്കം ചൂഷണം ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യാനുള്ള ശേഷിയില്ലായ്മയാണ് രാഷ്ട്രീയ പാർട്ടികൾ അടക്കം മുതലെടുക്കുന്നതെന്നും അജി കൃഷ്ണൻ ആരോപിച്ചു. അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ കേസിന്റെ വിവരങ്ങൾ മറുനാടൻ മലയാളിയോട് അജി കൃഷ്ണൻ വെളിപ്പെടുത്തിയത്.

45 ഏക്കറോളം ഭൂമി തട്ടിയെടുത്തെന്ന വിവിധ ആദിവാസി സംഘടനകളുടെ പരാതിയിൽ എച്ച് ആർ ഡി എസ് പ്രോജക്ട് കോഓർഡിനേറ്റർ ഷൈജു ശിവരാമനെ അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. ഇത് ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ച് അറിയാനാണെന്നും കൈവശം ഉണ്ടായിരുന്ന രേഖകൾ കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്നയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതിൽ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസ് വിശദീകരണം തേടിയിരുന്നു. എച്ച് ആർ ഡി എസിലെ ജീവനക്കാരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൽ എച്ച്. ആർ.ഡി.എസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്.

എന്നാൽ ഔഷധ കൃഷി ചെയ്യുന്നതിനായി വിദ്യാധിരാജ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നടപടികൾ തുടരുന്നതിനിടെയാണ് ഭൂമി കയ്യേറാൻ ഒരു വിഭാഗം പ്രദേശവാസികൾ ശ്രമിച്ചതെന്നും അതിന്റെ നിയമ നടപടികൾ തുടരുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു.

അട്ടപ്പാടിയിൽ ഔഷധ കൃഷി ചെയ്യുന്നതിനായി കാർഷിക പദ്ധതി എച്ച് ആർ ഡി എസ് കൊണ്ടുവന്നിരുന്നു. അയ്യായിരം ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായിരുന്നു പദ്ധതി. എന്നാൽ കളക്ടർ ഇടപെട്ട് സ്റ്റോപ് മെമോ നൽകിയിരുന്നു. ഈ പദ്ധതി ഇവിടെ നടപ്പാക്കേണ്ടതില്ല എന്ന് പറഞ്ഞായിരുന്നു സ്റ്റോപ് മെമോ നൽകിയത്.

തുടർന്ന് പദ്ധതിയുടെ മാതൃകയായിട്ട് കാണിക്കാൻ വേണ്ടി മുൻ ചീഫ് സെക്രട്ടറിയായ ആർ. രാമചന്ദ്രൻ നായർ അംഗമായ വിദ്യാധിരാജ ട്രസ്റ്റിന്റെ പേരിലുള്ള അമ്പത്തിയഞ്ച് സെന്റ് സ്ഥലത്ത് കാർഷിക പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ ഹിന്ദു മിഷൻ റോഡിൽ പ്രവർത്തിക്കുന്ന വിദ്യാധിരാജ വിദ്യാ സമാജം എന്ന ട്രസ്റ്റിന്റെ കൈവശമാണ് ഭൂമി. സർവകലാശാല പ്രവർത്തനങ്ങൾക്ക് വേണ്ടി വാങ്ങിയ സ്ഥലമായിരുന്നു ഇത്. ഈ സ്ഥലം വെറുതെ കിടക്കുകയായിരുന്നു. രാമചന്ദ്രൻ നായരോട് സംസാരിച്ചതിനെ തുടർന്ന് കൃഷി ചെയ്യുന്നതിന് ഭൂമി വിട്ടു തന്നിരുന്നു.

കൃഷിക്കായി വെട്ടിത്തെളിക്കാൻ ചെന്നപ്പോൾ പ്രദേശവാസികളായ കുറച്ചുപേർ എതിർപ്പുമായി വന്നു. അവരുടെ സ്ഥലമാണെന്നായിരുന്നു വാദം. തടസ്സം പറയാതിരുന്ന മറ്റൊരു പ്രദേശത്ത് ഭൂമി പൂജ നടത്തി കൃഷി ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ചർച്ച നടത്തി ഭൂമി അളന്നു തിരിച്ച ശേഷമായിരുന്നു കൃഷിക്കു വേണ്ട കാര്യങ്ങൾ ചെയ്തത്.

പിന്നീട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രദേശവാസികൾ ആ ഭൂമി കയ്യേറുകയും തുടർന്ന് എച്ച് ആർ ഡി എസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതി നൽകിയതിനെ തുടർന്ന് ഷോളയൂർ സി ഐ വന്ന് കയ്യേറ്റം തടഞ്ഞു. ഭൂമിയുടെ ഉടമകളായ വിദ്യാധിരാജ ട്രസ്റ്റ് കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഈ സ്റ്റേ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.

സർവകലാശാല തുടങ്ങുന്നതിന് തമിഴ്‌നാട്ടുകാരായ ആളുകളിൽ നിന്നും പണം കൊടുത്തു വാങ്ങിയ ഭൂമിയിലാണ് അവർ കയ്യേറ്റത്തിന് ശ്രമിച്ചത്. ഇതിൽ ആദിവാസികളുടെ ഭൂമി ഇല്ലെന്നും വ്യക്തമായിരുന്നു. എന്നാൽ കാർഷിക വൃത്തിക്കായി എച്ച് ആർ ഡി എസ് ഇടപെട്ടതിനെ തുടർന്നാണ് സിപിഎം ആദിവാസികളായ ഏതാനും പ്രദേശവാസികളെ മുന്നിൽ നിർത്തി പ്രതിഷേധം ഉയർത്തിയതെന്നും അജി കൃഷ്ണൻ പറഞ്ഞു.

എച്ച്.ആർ.ഡി.എസ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ ട്രസ്റ്റ് ഭൂമി കൈമാറിയെന്ന് രേഖപ്പെടുത്തിയത്. 1982 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങൾ പ്രകാരം ട്രസ്റ്റിന്റെ കൈവശമിരിക്കുന്ന ഭൂമിയാണ്. പൊലീസിന് നൽകിയ പരാതി പ്രകാരം കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിന് എച്ച്.ആർ.ഡി.എസ് പ്രവർത്തകർ എത്തിയപ്പോൾ ഈ ഭാഗത്ത് ആദിവാസികളുടെ ഭൂമിയുണ്ടെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ആളുകൾ പണികൾ തടഞ്ഞു. ഭൂമിക്കുമേൽ അവർ തർക്കം ഉന്നയിക്കുകയും ചെയ്തിരുന്നു.