- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തേക്ക് കടത്തിയ യുവതികളിൽ ചിലരെ സിറിയയിൽ എത്തിച്ചു; കുവൈത്ത് മനുഷ്യ കടത്തിന് പിന്നിൽ ആടുമെയ്ക്കാനുള്ള ആളെ കണ്ടെത്തലോ? തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കൈകഴുകി അജുമോൻ; മജീദും സറിയയിലേക്ക് കടക്കാൻ സാധ്യത ഏറെ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; തളിപ്പറമ്പുകാരനെ കണ്ടെത്താൻ എൻഐഎ എത്തിയേക്കും
കൊച്ചി: കുവൈത്തിലേക്കു യുവതികളെ കടത്തിയ കേസിൽ പൊലീസിനു മുന്നിൽ കീഴടങ്ങിയ പത്തനംതിട്ട സ്വദേശി അജുമോന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ. മനുഷ്യക്കടത്തിന്റെ സൂത്രധാരൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണെന്ന് (എം.കെ.ഗസ്സലി) അജുമോന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം നടത്തുന്നുണ്ട്. ഇവരും അജുമോനെ ചോദ്യം ചെയ്യും.
വിദേശത്തു സ്ഥിര ജോലി ലഭിക്കാൻ യാത്രാരേഖകൾ സഹായകരമാവില്ലെന്ന ബോധ്യത്തോടെയാണു പലരും ഭാഗ്യപരീക്ഷണത്തിനായി പോകാൻ തയാറായതെന്നാണു അജുമോന്റെ മൊഴി. വിദേശത്തേക്കു കടത്തിയ യുവതികളെ സിറിയയിൽ എത്തിച്ചതായുള്ള പരാതിക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും മജീദിനാണ് ഇത്തരം കാര്യങ്ങൾ അറിയാവുന്നതെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ട്. മജീദിന്റെ നിർദ്ദേശപ്രകാരം പ്രാദേശികമായി പരസ്യം ചെയ്തു ജോലി സന്നദ്ധതയുള്ളവരെ കണ്ടെത്തുക മാത്രമാണു താൻ ചെയ്തിരുന്നത് എന്നാണു അജുമോന്റെ മൊഴി. മജീദിന്റെ പാസ്‌പോർട്ട് റദ്ദാക്കി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് ശ്രമം തുടങ്ങി.
അതിനിടെ കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽനിന്നു രക്ഷപ്പെട്ട മറ്റൊരു സ്ത്രീയും പരാതിയുമായെത്തി. തൃക്കാക്കരയിൽ താമസിക്കുന്ന നാൽപത്തിയേഴുകാരിയാണ് 'ഗോൾഡൻ വയ' എന്ന ഏജൻസിക്കെതിരെ പരാതി ഉന്നയിച്ചത്. 'ആനന്ദ്' എന്നു വിളിക്കുന്ന ഒരാളാണ് ഏജൻസിയിൽ നിന്നു വിദേശത്തേക്ക് അയച്ചതെന്ന് ഇവർ പറയുന്നു. കുവൈത്തിൽ എത്തിയ ഇവരെ കണ്ണൂർ സ്വദേശി മജീദ് ഇടപെട്ടാണ് അവിടെയുള്ള ഒരു വീട്ടിലേക്കു കൈമാറിയത്. മൂന്നര ലക്ഷം രൂപ മജീദ് കൈപ്പറ്റിയെന്നും അവിടെവച്ചു മർദനമേറ്റെന്നും പറയുന്നു. അവസാനം 50,000 രൂപ അജുമോന് അയച്ചുകൊടുത്തതോടെയാണു നാട്ടിലേക്കെത്താൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.
തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റത്തിന്റെ വകുപ്പുകൂടി ചേർത്തതോടെ കൂടുതൽ യുവതികളിലേക്ക് അന്വേഷണം നീളുന്നു. കൊച്ചി സ്വദേശിയായ യുവതി നൽകിയ പരാതിയിൽ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേർത്തത്. ഈ യുവതിയുടെ പരാതിയിൽ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു യുവതികൾ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇതെല്ലാം പൊലീസ് പരിശോധിക്കും.
പുതിയ വകുപ്പ് ചേർത്തതോടെ കേസ് അന്വേഷണം എൻ.ഐ.എ. ഏറ്റെടുക്കാൻ സാധ്യത കൂടി. നേരത്തേ പൊലീസ് മനുഷ്യക്കടത്തു കുറ്റങ്ങൾക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്താതിരുന്നതിനാൽ അന്വേഷണം ഏറ്റെടുക്കുന്നതിൽ എൻ.ഐ.എ.ക്ക് തടസ്സമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ്, ഇയാളുടെ ഏജന്റായ എറണാകുളം സ്വദേശി അജുമോൻ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ അജുമോൻ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു.
റിമാൻഡിലായ അജുമോനെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിർണായകമായ വിവരങ്ങൾ ലഭിച്ചേക്കും. ഇപ്പോൾ വിദേശത്തുള്ള മുഖ്യ പ്രതി മജീദിനെ കണ്ടെത്തുന്നതിലും അജുമോൻ നൽകുന്ന വിവരങ്ങൾ നിർണായകമാകും. അതിന് ശേഷം പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കും. ആരോപണം ശരിയെങ്കിൽ മജീദ് സിറിയയിലേക്ക് കടക്കാനും സാധ്യത ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ