തിരുവനന്തപുരം: കെഎസ്ആർടി സിയിൽ നിന്ന് പിരിച്ചു വിട്ട താൽക്കാലിക കണ്ടക്ടർമാർക്ക് ആശ്വാസ വാർത്തയുമായി ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പിരിച്ചു വിട്ട താൽക്കാലിക കണ്ടക്ടർമാരിൽ യോഗ്യതയുള്ളവർക്ക് നിയമാനുസൃതമായി നിയമനം നൽകുമെന്ന് മന്ത്രി പറഞ്ഞു. താൽക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി ഒരു മാധ്യ്മത്തോട് പറഞ്ഞു. ഇതിനായി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ എസ് ആർ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതി ഉത്തരവ് തങ്ങൾക്കും ബാധകമാകുമോയെന്ന ആശങ്കയിലാണ് താത്കാലിക ഡ്രൈവർമാർ. പി എസ് സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. വർഷങ്ങളായി താത്കാലിക ഡ്രൈവർമാരായി തുടരുന്ന രണ്ടായിരത്തോളം പേർ കെഎസ്ആർടിസിയിലുണ്ട്. താത്കാലിക ജീവനക്കാരുടെ നിയമന സാധ്യത പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.

കെഎസ്ആർടിസിയിൽ താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോൾ ജോലി നഷ്ടപ്പെട്ട കണ്ടക്ടർമാരുടെ ലോങ്ങ് മാർച്ച് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സമാപിച്ചിരുന്നു. പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ച കണ്ടക്ടർമാരിൽ 1248 പേർ ഇതിനകം അതാത് ഡിപ്പോകളിൽ പരിശീലനത്തിനു എത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളിൽ നിയോഗിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കെ എസ് ആർ ടി സിയുടെ പ്രതീക്ഷ.

പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ ദിവസവും കെ എസ് ആർ ടി സിയുടെ വരുമാനം ഏഴ് കോടി കടന്നു. കഴിഞ്ഞ ശനിയാഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപയുടെ വർധനയാണിത്. അവധിക്കാല തിരക്കും സർവ്വീസുകളുടെ പുനക്രമീകരണവും ഗുണം ചെയ്‌തെന്നാണ് കെ എസ് ആർ ടി സിയുടെ വിലയിരുത്തൽ.

ഉത്തരവിനെത്തുടർന്ന് പിരിച്ചുവിട്ട നാലായിരത്തോളം എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ കാൽനടയായി നടത്തുന്ന ജാഥയിൽ രണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം പങ്കെടുത്തത്. ജോലി നഷ്ടപ്പെട്ട മുഴുവൻ പേരെയും സർവീസിൽ തിരിച്ചെടുക്കുക, ജീവിത സാഹചര്യം മനസ്സിലാക്കി തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് ജീവനക്കാരുടെ ലോംഗ് മാർച്ച്.സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവർ സംബന്ധിക്കുന്ന മാർച്ച് തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടേറിയേറ്റിലെത്തി.

അതേസമയം കെഎസ്ആർടിസിയിൽ കണ്ടക്ടർ തസ്തികയിൽ പിഎസ്‌സി വഴി പുതിയതായി നിയമിക്കുന്നവർക്ക് എല്ലാ ആനുകൂല്യവും നൽകുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. എംഡി ടോമിൻ തച്ചങ്കരി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും മന്ത്രി പറഞ്ഞു.

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സ്ഥിര നിയമനം നൽകില്ല. ഒരു വർഷത്തെ പ്രവർത്തനം നോക്കി മാത്രമാകും ഇവർക്ക് സ്ഥിരനിയമനം നൽകുകയെന്നും ടോമിൻ ജെ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാൽ ജീവനക്കാരുടെ പ്രകടനം നോക്കിയാണ് പൊതുവേ സ്ഥിരപ്പെടുത്താറെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാർക്ക് പകരം പിഎസ്‌സി നിയമന ഉത്തരവ് നൽകിയ 4051 പേരെ നാളെ നിയമിക്കും. പക്ഷെ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്‌സി നിർദ്ദേശിക്കുന്ന ശമ്പളം ഇവർക്ക് നൽകാനാകില്ലെന്ന് എംഡി പറ തച്ചങ്കരി പറഞ്ഞിരുന്നു. 480 രൂപ ദിവസ വേതനത്തിലാകും ഇവർക്ക് ഒരു വർഷത്തെ നിയമനം നൽകുക.