- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ പരിസ്ഥിതിലോല മേഖല; ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനംമന്ത്രി; ഉത്തരവ് സംസ്ഥാനത്ത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിശകലനം; മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം നിയമോപദേശം തേടുമെന്നും എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: സംരക്ഷിത വനമേഖലകളുടെ ഒരു കിലോ മീറ്റർ നിർബന്ധമായും പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനം മന്ത്രി. സംസ്ഥാനത്ത് ഗുരുതര പ്രശ്നങ്ങളാണ് ഉത്തരവ് ഉണ്ടാക്കുന്നതെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്ത് നിയമോപദേശം തേടി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ മാത്രമെ തുടർന്നാൽ മതിയെന്നും കോടതി നിശ്കർഷിക്കുന്നുണ്ട്.
നിലവിൽ ഈ മേഖലകളിലുള്ള കെട്ടിടങ്ങളെയും നിർമ്മിതികളെയും സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാർ മൂന്ന് മാസത്തിനകം സമർപ്പിക്കാനും ഉത്തരവുണ്ട്.സംരക്ഷിത മേഖലകൾ സംരക്ഷിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. 60 പേജോളം വരുന്ന കോടതി വിധിയിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സുപ്രീംകോടതി ഉത്തരവ് വനമേഖലയിൽ താമസിക്കുന്നവരെ സാരമായി ബാധിക്കുന്നതാണ്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല (ഇഎസ്സെഡ്) ആയി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവാണ് ആശങ്കയിലാക്കുന്നത്.
ഇത്തരം ഇഎസ്സെഡ് മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കോടതി വിധിച്ചു. ഇതുപ്രകാരം, നിലവിലെ ഇഎസ്സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമ്മിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാനും വനംവകുപ്പ് അധികൃതരോടു നിർദേശിച്ചു.
ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാണെന്ന വിധി നിലവിൽ അതിലധികം ബഫർ സോൺ നിശ്ചയിച്ചിരിക്കുന്ന മേഖലകൾക്കു ബാധകമാകില്ലെന്നും ജഡ്ജിമാരായ എൽ. നാഗേശ്വർ റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ചുരുക്കത്തിൽ നിലവിലുള്ള ബഫർ സോണുകളും ഇഎസ്സെഡ് മേഖലകളും നിലനിൽക്കും. നീലഗിരിയിലെ വനനശീകരണത്തിനെതിരെ നിയമയുദ്ധം നടത്തി ശ്രദ്ധ നേടിയ, പരേതനായ ടി.എൻ.ഗോദവർമൻ തിരുമുൽപ്പാട് നൽകിയ ഹർജിയിലെ അപേക്ഷകളും റിപ്പോർട്ടുകളുമാണു കോടതി പരിഗണിച്ചത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് വന്യജീവിസങ്കേതങ്ങളോട് ചേർന്ന ജനവാസ മേഖലകളടക്കം പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നിരിക്കെ ഇവയിൽനിന്ന് കിഴക്കൻ മേഖലയിലെ ജനവാസമേഖലകൾ ഒഴിവാക്കണമെന്ന നിർദേശമാണ് കേന്ദ്ര സർക്കാറു നിരസിച്ചിരുന്നു. അതോടെയാണ് വന്യജീവി സങ്കേതത്തോട് ചേർന്നു ജീവിക്കുന്നവർ ഏറെ ആശങ്കയിലായിരുന്നു.
ഇരവികുളം ദേശീയോദ്യാനത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനം പുറത്തിറങ്ങിയത് ജനജീവിതത്തെ ബാധിക്കുമോയെന്ന് ആശങ്കയും ശക്തമായിരുന്നു. മതികെട്ടാൻ ചോല ദേശീയോദ്യാനത്തിനു ചുറ്റുമായി 17.5 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി (ഇഎസ്സെഡ്) പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനമിറക്കിയിരുന്നു. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയിൽ. അതിനു പിന്നാലെയാണ് ഇരവികുളം ദേശീയോദ്യാനത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖല വരുന്നത്. ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ആനമുടി ചോല ദേശീയോദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം,
പാമ്പാടുംചോല ദേശീയോദ്യാനം എന്നിവയ്ക്കു ചുറ്റുമായി മൊത്തം 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കാനാണ് വിജ്ഞാപനം. ഇവയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ ദൂരത്തിലാണ് പരിസ്ഥിതി ലോല മേഖല. ആകെ 264.643 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയുടെ വിസ്തീർണം.
ജിയോ കോർഡിനേറ്റ്സ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയും പരിസ്ഥിതി ലോല മേഖലയുടെ അതിരുകളും നിശ്ചയിച്ചിട്ടുള്ളത്. പരിസ്ഥിതി ലോല മേഖലയിൽ നിരോധനങ്ങളും നിയന്ത്രണങ്ങളും അനുമതികളും ഏതിനൊക്കെയെന്ന് കരടു വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ആകെ 41 വിഭാഗങ്ങളായാണ് ഇവ തരം തിരിച്ചിട്ടുള്ളത്.അതിൽ 9 കാര്യങ്ങൾക്ക് പൂർണ നിരോധനവും 21 കാര്യങ്ങൾക്ക് നിയന്ത്രണവും 10 കാര്യങ്ങൾക്ക് അനുമതിയും നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ