- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയുടെ വാറൻ ബഫറ്റ്' രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന ആകാശ എയർലൈന് കേന്ദ്രാനുമതി; അടുത്ത വർഷം പറക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഇനി വേണ്ടത് ഓപ്പറേറ്റർ പെർമിറ്റ് മാത്രം; കളമൊരുങ്ങിയത് ജുൻജുൻവാല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ; ആകാശയുടെ വരവോടെ ബോയിങ് കമ്പനിക്കും ഇത് ഇന്ത്യയിലെ തിരിച്ചുവരവിന്റെ കാലം
ന്യൂഡൽഹി:രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർലൈന് കേന്ദ്രാനുമതി. വ്യോമയാന മന്ത്രാലയം എയർലൈന് എതിർപ്പില്ലാ സർട്ടിഫിക്കറ്റ് നൽകി. ഇതോടെ, കമ്പനിക്ക് ഓപ്പറേറ്റർ പെർമിറ്റിന് വ്യോമയാന ഡയറക്ടർ ജനറൽ മുമ്പാകെ അപേക്ഷിക്കാം. അടുത്ത വേനൽകാലത്ത് സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ഏറ്റവും ആശ്രയിക്കാവുന്ന ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദമായ എയർലൈനായിരിക്കുമെന്നാണ് കമ്പനി വാഗ്ദാനം.വ്യോമയാന രംഗത്തെ മികച്ച പരിചയമുള്ള വിനയ് ദുബെയാണ് എയർ ലൈൻ സിഇഒ. കമ്പനിക്ക് അനുമതി കിട്ടുന്നതിന് മുന്നോടിയായി ആകാശ് എയർലൈനെ പിന്തുണയ്ക്കുന്ന രാകേഷ് ജുൻജുൻവാല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Delighted to meet the one and only Rakesh Jhunjhunwala...lively, insightful and very bullish on India. pic.twitter.com/7XIINcT2Re
- Narendra Modi (@narendramodi) October 5, 2021
രാജ്യ പുരോഗതിക്ക് ശക്തമായ വ്യോമ ഗതാഗതം അത്യാവശ്യമെന്നാണ് വിശ്വാസമെന്നും എൻഒസി നൽകിയതിന് വ്യോമയാന മന്ത്രാലയത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മുൻ ജെറ്റ് എയർവേസ് സിഇഒ കൂടിയായ വിനയ് ദുബെ പറഞ്ഞു. സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക വ്യത്യാസം ഇല്ലാതെ എല്ലാ ഇന്ത്യാക്കാർക്കും ആകാശ എയർ സേവനം നൽകും.
അടുത്ത വർഷം വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങളാണ് വരുന്നത്. എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്‌പ്രസും ടാറ്റ ഗ്രൂപ്പിന്റെ എയർ ലൈനായി പറക്കുന്നു. ആകാശ ആദ്യമായി പറക്കുന്നതിനൊപ്പം, ജെറ്റ് എയർവെയ്‌സ് വീണ്ടും ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്യും.
ബോയിങ്ങിനും തിരിച്ചുവരവ്
ആകാശ എയർലൈൻ ബോയിങ് 737 മാക്‌സിന്റെ 100 വിമാനങ്ങൾ വാങ്ങുമെന്നാണ് കരുതുന്നത്. ഭേദഗതി വരുത്തിയ ബോയിങ് 737 മാക്‌സിന് ഇന്ത്യയിൽ പറക്കാൻ ഡിജിസിഎ അടുത്തിടെ അനുമതി നൽകിയിരുന്നു. വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിംഗുമായി ആകാശ എയർലൈൻ ചർച്ച നടത്തിയിരുന്നു. രണ്ട് അപകടങ്ങളിലായി നിരവധി പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ബോയിങ് 737 മാക്‌സ് വിമാനം ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയരുന്നു.
.
70 വിമാനങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതിയെന്ന് ജുൻജുൻവാല അടുത്തിടെ ബ്ലൂംബെർഗിനോട് പറഞ്ഞിരുന്നു. നിലവിൽ കോടികൾ നഷ്ടമുള്ള ബിസിനസാണെങ്കിലും ഈ മേഖലയിലെ നിക്ഷേപം ദീർഘ നാളത്തേക്ക് മെച്ചപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദ്ഗ്ധർ പറയുന്നത്. ജുൻജുൻവാലയുടെ വ്യോമയാന പദ്ധതിയിലൂടെ ബോയിങ് വിമാന നിർമ്മാണ കമ്പനിക്കും ഇന്ത്യയിൽ തിരിച്ചുവരുന്നതിന് അവസരം ഒരുങ്ങും. രണ്ട് വർഷം മുമ്പ്, കമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായ ജെറ്റ് എയർവേസിന്റെ പതനത്തോടെയാണ് ബോയിങ് വിമാന നിർമ്മാണ കമ്പനിക്ക് ഇന്ത്യയിൽ സ്വാധീനം നഷ്ടമായത്. വിജയകരമായ ഓഹരി വിപണി നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന പദവി സ്വന്തമാക്കിയ ആളാണ് രാകേഷ് ജുൻജുൻവാല. മുൻ ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷും ആകാശയുടെ സഹസ്ഥാപകൻ ആകുമെന്നാണ് റിപ്പോർട്ട്.
ബോയിംഗും എയർബസും തമ്മിൽ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ നിരക്കിലുള്ള ചെറുകിട വിമാനങ്ങൾക്കാണ് ആധിപത്യം. ഇത്തരം വിമാനങ്ങൾ കൂടുതലും എയർബസിന്റേതാണ്. വലിയ വിമാനങ്ങളുടെ വിപണിയിൽ ബോയിംഗാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ നിരക്കുമായ ബന്ധപ്പെട്ട മത്സരം ഇത്തരം വിമാനങ്ങളെ സാരമായി ബാധിച്ചു.ഇതോടെയാണ് എയർബസിന്റെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ ഇന്ത്യൻ വ്യോമയാന മേഖലയിൽ ആധിപത്യം ഉറപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ