തിരുവനന്തപുരം: എകെജി സെന്റെ ആക്രമണം പൊലീസിന് തലവേദനയാകുന്നു. രണ്ടാം ദിവസവും പ്രതിയെ കുറിച്ചൊരു സൂചനയും പൊലീസിന് കിട്ടിയില്ല. ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയെന്ന് പൊലീസ് സംശയിക്കുന്നു. വഴിയിൽവെച്ച് പ്രതിക്ക് ആരോ സ്‌ഫോടക വസ്തു കൈമാറിയെന്നാണ് പൊലീസ് കരുതുന്നത്. ചുവന്ന സ്‌കൂട്ടറിലെത്തിയ പ്രതി എകെജി സെന്ററിന് സമീപത്തെ കാര്യങ്ങൾ നിരീക്ഷിച്ച് പോയശേഷം തിരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. ഇതും സിസിടിവിയിൽ വ്യക്തമാണ്. തിങ്കളാഴ്ച നിയമസഭാ സമ്മേളനമുണ്ട്. അതിന് മുമ്പ് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ലെങ്കിൽ സർക്കാരും വെട്ടിലാകും.

സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അക്രമിയെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്‌ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മിനിറ്റുകൾക്കുള്ളിൽ സ്‌ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്ത പൊലീസ് വിട്ടയച്ചു. ഇയാൾക്ക് അക്രമത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നും ഇയാളെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം അന്തിയൂർകോണം സ്വദേശിയാണ് ഇയാൾ.

എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തിൽ കൃത്യം നടത്തിയ ആൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സൂചനയും സിസിടിവിയിൽ നിന്നാണ് ലഭിച്ചത്, കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. സ്ഫോടക വസ്തുവെറിയുന്നതിന് മുമ്പെ മറ്റൊരു സ്‌കൂട്ടറിൽ വന്നയാൾ ഒരു കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഏത് ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് വെളിപ്പെടുത്തുന്നില്ലെങ്കിലും കുന്നുകുഴി പരിസത്തെ സി.സി.ടി.വിയാണ് എന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ പാർട്ടി കേന്ദ്രങ്ങൾക്ക് നേരേ നടന്ന അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് സിപിഎം പ്രവർത്തകർ. അത്തരത്തിലുള്ള ഒരു പ്രതിഷേധ സമരം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബോംബാക്രമണത്തിന് ഉത്തരവാദികൾ എസ്എഫ്ഐ പ്രവർത്തകാരാണെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രകടനം വിവാദത്തിലായിരിക്കുന്നത്. എസ്എഫ്ഐക്ക് എതിരെയുള്ള അസഭ്യവാക്യം ഒരാൾ വിളിച്ചുകൊടുക്കുകയും മറ്റു സിപിഎം പ്രവർത്തകർ ഏറ്റുവിളിക്കുകയുമായിരുന്നു.

എകെജിയുടെ നാമഥേയത്തിൽ, തിരുവനന്തപുരത്തെ ആഫീസിൽ, ബോംബോറിഞ്ഞ ചെറ്റകളെ, എസ്എഫ്ഐ പട്ടികളെ എന്നായിരുന്നു പ്രതിഷേധ മുദ്രാവാക്യം. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അബദ്ധം സംഭവിച്ചതാണ് ഈ മുദ്രാവാക്യം വിളി. ഇതിനിടെ പാർട്ടി സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിൽ ബോംബെറിഞ്ഞയാളെ 24 മണിക്കൂർ പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നത് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.