തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികളെ ഇന്ന് രാത്രിക്ക് അകം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഉന്നതതല നിർദ്ദേശം. നാളെ നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് ഇത്. സർക്കാരിന് സഭയിൽ പറയാൻ കൃത്യമായ ഉത്തരം ഉണ്ടാകണമെന്ന നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. അതിനിടെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമ തീവയ്‌പ്പ് കേസിന് സമാനമായി ഈ അന്വേഷണം മാറുമെന്ന സംശയം പ്രതിപക്ഷത്തിനുണ്ട്.

എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ ഉള്ള ഒരാൾ അക്രമിയല്ലെന്നാണ് ഇപ്പോൾ പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്‌കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് തവണ ഈ സ്‌കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാൽ, നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. അതിനിടെ ഇന്ന് രാത്രി നാടകീയ അറസ്റ്റുണ്ടാകുമെന്ന സൂചന പൊലീസ് നൽകുന്നുമുണ്ട്. വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചതായാണ് അവർ പറയുന്നത്.

എന്നാൽ എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും അന്വേഷണം വഴിയടഞ്ഞ അവസ്ഥയിലാണ് എന്നതാണ് പൊതു വിലയിരുത്തൽ. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന പറഞ്ഞിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയിലേക്കെത്താനുള്ള സൂചനകൾ ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയെന്നാണ് നിഗമനം. സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.

എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാൾക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കലാപാഹ്വാന വകുപ്പ് അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. അന്തിയൂർകോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പോസ്റ്റിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് വിവാദമായിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മൊബൈൽ ടവറിന് കീഴിൽ വന്ന ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയാനാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. മാത്രമല്ല സംഭവം നടന്ന സമയത്തെ ഫോൺവിളികളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാൽ പ്രതി ഫോണില്ലാതെയാണ് അക്രമണത്തിന് എത്തിയതെന്നും സൂചനയുണ്ട്. ചുവന്ന സ്‌കൂട്ടറിലുള്ള ആളിൽ നിന്നും വ്യക്തമായ സൂചന കിട്ടുമെന്നായിരുന്നു പൊലീസ് നിഗമനം.

എ.കെ.ജി. സെന്ററിലേക്കു സ്ഫോടകവസ്തു എറിഞ്ഞവരെ പിടികൂടാൻ വൈകുന്നത് പൊലീസിനും സിപിഎമ്മിനും ഒരുപോലെ തിരിച്ചടിയാണ്. പ്രതികളെ കണ്ടെത്താൻ വൈകുന്നതോടെ ആരോപണത്തിന്റെ കുന്തമുന സിപിഎമ്മിനു നേരേ തിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. ആക്രമണത്തെ തള്ളിപ്പറയാത്ത കോൺഗ്രസാണ് സംഭവത്തിനു പിന്നിലെന്ന ആരോപണം സിപിഎം. കടുപ്പിച്ചു. എന്നാൽ, കണ്ണടച്ചു കോൺഗ്രസ് ഉൾപ്പെടെ ആരിലും ഉത്തരവാദിത്വം അടിച്ചേൽപ്പിക്കാൻ തയാറല്ലെന്ന നിലപാടിലാണ് സിപിഐ.

ആക്രമണം സിപിഎം. ആസൂത്രണം ചെയ്തതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആദ്യം പഴി കോൺഗ്രസിൽ കെട്ടിവച്ചശേഷം അതിൽനിന്ന് പിന്മാറിയെന്ന ആരോപണം ഇ.പി. ജയരാജൻ തള്ളി. ആക്രമണം ഇ.പി. ജയരാജൻ ആസൂത്രണം ചെയ്തതാണെന്ന കെ. സുധാകരന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി എം വി ഗോവിന്ദനും പ്രതികരിച്ചു.