കിളിമാനൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പത്താംക്ലാസുകാരിയെ അഖിൽ പരിചയപ്പെടുന്നത് പെൺകുട്ടിയുടെ അമ്മ നടത്തുന്ന ബേക്കറിയിൽ വച്ചായിരുന്നു.

കൊട്ടാരക്കര ചക്കുവരക്കൽ സ്വദേശിനിയും പത്താം ക്ലാസുകാരിയുമായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കന്യാകുമാരി, പഴനി മധുര എന്നീ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് കിളിമാനൂർ സർക്കിൾ ഇൻസ്പക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. തിരുവനന്തപുരത്ത് ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സർക്കിൾ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാർ എത്തിയത്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

കഴിഞ്ഞ ആറുമാസമായി പെൺകുട്ടിയും അഖിലും തമ്മിൽ പ്രണയത്തിലാണ്. ബേക്കറികളിൽ സാധനമെത്തിക്കുന്ന ഒരു മൊത്ത വ്യാപാരിയുടെ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു അഖിൽ. കൊട്ടാരക്കര ചക്കുവരയ്ക്കൽ മേഖലയിലെ ബേക്കറികളിൽ സ്ഥിരമായി പലഹാരങ്ങൾ എത്തിച്ചിരുന്നത് അഖിലാണ്. അക്കൂട്ടത്തിൽ പെൺകുട്ടിയുടെ അമ്മ നടത്തിയിരുന്ന ബേക്കറിയിലും സാധനങ്ങൾ എത്തിച്ചിരുന്നു. ഒരു ദിവസം ബേക്കറിയിൽ വച്ച് പെൺകുട്ടിയെ കാണുകയായിരുന്നു. പിന്നീട് സ്ഥിരമായി കാണാനും അടുക്കാനും തുടങ്ങുകയായിരുന്നു. പെൺകുട്ടി ട്യൂഷൻ ക്ലാസിൽ പോകുന്ന വഴിയിലും സമയത്തുമെല്ലാം പിന്നാലെ നടക്കുകയും പ്രണയത്തിൽ കുടുക്കുകയുമായിരുന്നു.

ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും സ്ഥിരമായി കാണാനും സംസാരിക്കാനും തുടങ്ങിയതോടെ പെൺകുട്ടിയുടെ വീട്ടിൽ സംഭവം അറിയുകയായിരുന്നു. തുടർന്ന് കിളിമാനൂർ പള്ളിക്കലുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പെൺകുട്ടിയെ വീട്ടുകാർ മാറ്റുകയായിരുന്നു. യുവാവുമായുള്ള പ്രണയം നാട്ടുകാർ അറിഞ്ഞ് തുടങ്ങിയതിനെതുടർന്നാണ് വീട്ടുകാർ ഇങ്ങനെ ചെയ്തത്. പിന്നീട് ഇരുവർക്കും പരസ്പരം കാണാനോ സംസാരിക്കാനോ കഴിയാത്ത സാഹചര്യമുണ്ടായപ്പോഴാണ് പെൺകുട്ടി ഒരു ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരം അഖിൽ അറിയുന്നത്.

ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് അഖിൽ പെൺകുട്ടിയെ പുറത്തിറക്കിയതും ഇരുവും നാട് വിട്ടതും. ട്രെയ്നിലും ബസ്സിലുമായിട്ടായിരുന്നു ഇവരുടെ യാത്ര. അഞ്ച് ദിവസത്തോളം വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയും യുവാവും ഒരുമിച്ച് താമസിക്കുകയായിരുന്നു.ഇവിടെ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടയിലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ അച്ഛനും വിമുക്തഭടനുമായ ആൾ പരാതി നൽകിയത്. അഖിലിനെ സംശയമുണ്ടെന്നും ഇയാൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നതായിരുന്നു പെൺകുട്ടിയുടെ കുടുംബം. അഖിലിന്റെ അച്ഛന് ലോട്ടറി കച്ചവടവും അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ബലാൽസംഘ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ ഇപ്പോൾ ആറ്റിങ്ങൽ സബ് ജയിലിലാണ്്. പത്താം ക്ലാസ് പരീക്ഷയെഴുതാനായി തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി.

പഠനത്തിൽ വലിയ മികവ് പുലർത്തിയിരുന്ന കുട്ടിക്ക് വരുന്ന പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിക്കാൻ പോലും സാധ്യതയുണ്ടായിരുന്നുവെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നതെന്നും കിളിമാനൂർ സർക്കിൾ ഓഫീസ് പറയുന്നു.