സ്വവർഗ രതി നിയമവിധേയമാക്കിയതോടെ സന്തോഷത്തിലാണ് ഇന്ത്യയിലെ എൽജിബിടി സമൂഹം. എന്നാൽ ട്രാൻസ്‌ജെൻഡർ എന്ന് കേൾക്കുമ്പോൾ തന്നെ കലിതുള്ളുന്ന ഒരു കാലമായിരുന്നു വർഷങ്ങൾക്ക് മുമ്പേ ഇന്ത്യയിൽ. അക്കാലത്ത് ഇന്ത്യൻ നിയമവ്യവസ്ഥയോട് പോരാടി തന്റെ അവകാശങ്ങൾ നേടി എടുക്കുകയുംവിവാഹം കഴിച്ച ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ ആകുകയും ആണായി പിറന്ന് പെണ്ണെന്ന പേരിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയും ചെയ്ത ആദ്യ ട്രാൻസ്ജെന്ററാണ് അക്കായ് പത്മശാലി. ഹ്യൂമൻസ് ഓഫ് ബോംബെയിൽ ഇത്തവണ പ്രത്യക്ഷപ്പെട്ട മുഖം കർണ്ണാടകക്കാരിയായ അക്കായ് പത്മശാലിയുടേതായിരുന്നു.

വളരെ ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് ജഗദീഷ് എന്ന അക്കായ് പത്മശാലി ഇന്ത്യ അറിയപ്പെടുന്ന ആദ്യ ട്രാൻസ് ജെൻഡർ വനിതയായി മാറിയത്. ഇന്ത്യൻ പ്രസിഡന്റിന്റെ ക്ഷണിതാവാകാൻ വരെ അക്കായ് പത്മശാലിക്ക് ഭാഗ്യം ലഭിച്ചു. എട്ടാം വയസ്സിലാണ് ആണായി പിറന്ന അക്കായ് തന്റെ ഉള്ളിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞത്. ഏകാന്തതയെ പ്രണയിച്ചിരുന്ന അക്കായ് അന്നു വീട്ടിൽ ആരുമില്ലാത്ത സമയത്ത് തല തോർത്തുകൊണ്ട് പൊതിഞ്ഞ് അമ്മയുടെ കൺമഷിയും ലിപ്സ്റ്റിക്കും ഉപയോഗിച്ച് മേക്കപ്പ് ചെയ്യും. അമ്മയുടെ സാരിയണിഞ്ഞ് പൂർണ്ണായും ഒരു പെണ്ണിനെ പോലെയാകും. എന്റെ ശരീരം ആണിന്റേതല്ല പെണ്ണിന്റേതാണെന്ന് മനസിലാക്കിയത് വീട്ടിലെ ആ കണ്ണാടി മാത്രമായിരുന്നു.

യാഥാസ്ഥിതകരായ കുടുംബത്തിന് താങ്ങാൻ പറ്റുന്ന ഒന്നായിരുന്നില്ല തന്റെയുള്ളിലെ സ്ത്രീത്വം എന്നും അക്കായ് പത്മശാലി പറയുന്നു. അക്കാലത്ത് സ്‌കൂൾ നാടകങ്ങളിൽ പെൺവേഷം കെട്ടിയാണ് ആൺ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച സ്ത്രീയെ ജഗദീഷ് എന്ന അക്കായ് പത്മശാലി അംഗീകരിച്ചത്. അന്ന്‌സഹപാഠികൾ പെൺവേഷത്തിന്റെ പേരിൽ എന്റെ സഹപാഠികൾ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിക്കുമായിരുന്നു. പോരാത്തതിന് ദേഹത്തുനിന്ന് ചോര പൊടിയുന്നതു വരെ റൂളർ ഉപയോഗിച്ച് അവരെന്നെ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുർബലമായ ശരീരപ്രകൃതിയുള്ള ഞാൻ തിരിച്ചടിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.

ഒരിക്കൽ നിനക്ക് എന്താണ് ഉള്ളതെന്ന് ഞങ്ങളെ കാണിക്കൂവെന്ന് പറഞ്ഞ് സുഹൃത്തുക്കൾ എന്നെ പരിഹസിച്ചു. പിന്നീട് ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവരെന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ കാമം ശമിപ്പിക്കാനുള്ള കേവലം ഉപകരണം മാത്രമായി പലപ്പോഴും മാറുകയും ചെയ്തു. സ്ത്രീത്വം തുളുമ്പുന്ന ശരീരവും കൊണ്ട് ബാല്യത്തിലും കൗമാരത്തിലും കടുത്ത അപമാനവും പരിഹാസവുമായിരുന്നു നേരിടേണ്ടി വന്നത്.

ഇങ്ങനെ ഒരു മകനെ കുറിച്ച് പറയുന്നതിന് അച്ഛനും അമ്മയ്ക്കും നാണക്കേടായിരുന്നു. ഞാൻ ജനിക്കാതിരുന്നെങ്കിൽ എന്നു പോലും അവർ ആഗ്രഹിച്ചു പോയി. എന്റെയുള്ളിലെ സ്ത്രീത്വം മാറാൻ തിളച്ച വെള്ളം കാലിൽ ഒഴിച്ചാൽ മതിയെന്നായിരുന്നു അച്ഛന് ഒരു സുഹൃത്തിൽ നിന്നും കിട്ടിയ ഉപദേശം. ശുദ്ധഗതിക്കാരനായ എന്റെ അച്ഛൻ അത് അക്ഷരംപ്രതി അനുസരിച്ചു.

അതിന്റെ വേദന ഇന്നും ശരീരം വിട്ടു മാറിയിട്ടില്ല. കടുത്ത നിന്ദയ്ക്ക് നടുവിൽ എന്നെതന്നെ ഞാൻ മുറിവേൽപ്പിച്ചു. എന്റെ ശരീരത്തിന്റെ പ്രത്യേകത ഒരു തെറ്റല്ലെന്ന് ബോധ്യപ്പെട്ട നിമിഷത്തിൽ ഞാൻ സ്വയം ഉപദ്രവിക്കുന്നത് നിർത്തി. പിന്നീടാണ് ഞാൻ ട്രാൻസ്ജെന്റർ സമൂഹത്തിനൊപ്പം കൂടിയത്. ഇതോടെയാണ് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയത്. ആദ്യ നാളുകളിൽ ഭിക്ഷയെടുത്തും ശരീരം വിറ്റുമായിരുന്നു ഞാൻ ജീവിച്ചത്.

പിന്നീട് ജഗദീഷ് എന്ന ഞാൻ അക്കായ് പത്മശാലി ആകാനുള്ള തീവ്രശ്രമത്തിലായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുക ആയിരുന്നു ഏറ്റവും വലിയ പരീക്ഷണം. അഖ്കാലത്ത് നാലു വർഷത്തോളം 20 രൂപ നിരക്കിൽ ഓറൽ സെക്സ് ചെയ്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം പോലും സമാഹരിച്ചത്. അക്കാലത്ത് ഞാൻ ചെയ്യാത്ത തൊഴിലുകളില്ലായിരുന്നു. 2004ൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഒരു സംഘടനയിൽ ചേർന്നതോടെയാണ് എന്റെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റം സംഭവിക്കുന്നത്. പിന്നീട് സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഓൺഡേഡേ എന്ന സംഘടനയ്ക്ക് രൂപം നൽകി. അതിനുശേഷം സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു എന്റെ ജീവിതം മാറിയത്.

എന്റെ ശബ്ദം ലോകം കേട്ടുതുടങ്ങി, അതിനു വിലയുണ്ടായി. ഞാൻ ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി. നേട്ടങ്ങൾ ഏറെയുണ്ടായെങ്കിലും, ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് എന്റെ വിവാഹമായിരുന്നു. എന്നെ അടുത്തറിയുന്ന, സ്നേഹിക്കുന്ന ഒരാൾ ജീവിതത്തിലേക്ക് വന്നത് ആത്മവിശ്വാസം വർധിപ്പിച്ചു. കർണ്ണാടകത്തിലെ ആദ്യത്തെ ഭിന്നലിംഗക്കാരിയുടെ വിവാഹമായിരുന്നു അത്.