തിരുവനന്തപുരം: വാട്‌സ് ആപ്പ് ദൃശ്യവും അപവാദ പ്രചരണവുമെല്ലാം ആക്കുളത്തെ ആത്മഹത്യാക്കേസിൽ നിർണ്ണായകമായതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊടുക്കാൻ ആഭ്യന്തര വകുപ്പ് ആലോചന തുടങ്ങിയതായി സൂചന. ജാസ്മിന്റേയും മകളുടേയും സഹോദരിയുടേയും ആത്മഹത്യയിൽ ദുരൂഹത ഏറെയുണ്ടെന്നാണ് ലോക്കൽ പൊലീസിന്റെ നിഗമനം. പ്രതികളായ മൂന്ന് പേർ പിടിയിലായെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ തെളിവുകൾ കണ്ടെത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള ആലോചന. കേസിൽ അറസ്റ്റിലായ നാസറും ജാസ്മിന്റെ മാതൃസഹോദരി മുംതാസുമാണ് പ്രധാന പ്രതികളെന്നാണ് സൂചന. ഇവരുടെ ബ്ലാക് മെയിലിംഗും ആത്മഹത്യയ്ക്ക ്കാരണമായെന്നാണ് നിഗമനം.

കിളിമാനൂരിൽ സഹോദരിമായ ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ അറസ്റ്റിലായ സ്വകാര്യ ബസുടമയും മാതൃസഹോദരിയും ചേർന്നൊരുക്കിയ ചതിക്കുഴികളാണെന്ന് ലോക്കൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. കിളിമാനൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് സമീപം ജാസ്മിൻ മൻസിലിൽ റഹിമിന്റെ ഭാര്യ ജാസ്മിൻ (35), മകൾ ഫാത്തിമ (4) ജാസ്മിന്റെ സഹോദരി സജിനി (24) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ കല്ലമ്പലം ഈരാണിമുക്ക് കൈതയിൽ മുംതാസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ചുരുളുകൾ അഴിഞ്ഞത്. ഇവരുടെ സഹോദരിയായ പുതുശേരിമുക്ക് പാവലയിൽ മെഹർബാനും ഇവ സ്ഥിരീകരിച്ചു. ആത്മഹത്യാ ശ്രമത്തിനിടെ ആക്കുളത്തെ നാട്ടുകാർ രക്ഷപ്പെടുത്തിയ ജാസ്മിന്റെ മാതാവ് ഷോബിദയുടെ സഹോദരിമാരാണ് ഇരുവരും.

കേസിൽ ആദ്യം അറസ്റ്റിലായ മുംതാസിന്റെ കാമുകനും എൻ.എം.എസ് സ്വകാര്യ ബസ് ഉടമയുമായ തോട്ടയ്ക്കാട് ഈരാണിക്കോണം ലീലാമൻസിൽ നാസറും (45) മുംതാസും ചേർന്നാണ് ജാസ്മിനെ കുടുക്കിയത്. കടക്കെണിയിൽപ്പെട്ട് വലഞ്ഞ ജാസ്മിനെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ നാസർ സുഹൃത്തായ അഭിഭാഷകനെയും ഭാര്യയെയും കൂട്ടുപിടിച്ച് വസ്തുവിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തുകയായിരുന്നു. ഇതിനിടെ പലവിധ അപവാദ കഥകളും മുംതാസും കൂട്ടരും നടത്തി. ഇതോടെ എല്ലാ അർത്ഥത്തിലും നാണക്കേടുമായി ജാസ്മിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ബിസിനസുകാരനായ ഭർത്താവ് റഹിമിന് ഗൾഫിലുണ്ടായ അപകടത്തോടെയാണ് ജാസ്മിനും കുടുംബവും കടക്കെണിയിലായത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് മുംതാസും നാസറും ചേർന്ന് അട്ടിമറിച്ചത്.

വസ്തുവിറ്റ് ഗൾഫിലെ ബാധ്യത തീർക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് മുമ്പ് വാങ്ങിയ വസ്തുവിലെ ചതിയെ കുറിച്ച് മനസ്സിലായത്. ആറ്റിങ്ങലിൽ അടുത്തിടെ വാങ്ങിയ ഒരു ഹോട്ടലും മറ്റൊരു വസ്തുവും ബാദ്ധ്യതകളുള്ളതായിരുന്നു. ഇതറിയാതെ വാങ്ങിയ ജാസ്മിൻ വസ്തുക്കൾ വിൽക്കാൻ കഴിയാത്തതിനെതിരെ കോടതിയെ സമീപിച്ചു. ഈ കേസിൽ വിജയിച്ചില്ല. ഇതോടെ തൊഴിൽ തർക്കത്തിൽ ഗൾഫിൽ 70 ലക്ഷത്തോളം രൂപ പെട്ടെന്ന് കോടതിയിൽ കെട്ടിവയ്ക്കാൻ നിവൃത്തിയില്ലാതെ റഹിം പാടുപെട്ടു. ഇതോടെ നാട്ടിലുള്ള ജാസ്മിന് മേൽ സമ്മർദ്ദം ശക്തമായി. ഗൾഫിലുള്ള ബന്ധുവിന്റെ പക്കൽ നിന്ന് 30 ലക്ഷത്തോളം രൂപ തരപ്പെടുത്തി റഹിമിന് നൽകി ലേബർ കോടതിയിൽ ഒരുമാസത്തെ സാവകാശം നേടിയ ജാസ്മിൻ മുപ്പത് ദിവസത്തിനുള്ളിൽ പണത്തിനായി ഓട്ടം തുടങ്ങി.

ഇതിനായി മാതൃസഹോദരിമാരായ മുംതാസിനെയും മെഹർബാനെയും സമീപിച്ചു. ജാസ്മിനും മാതാവുമായി നേരത്തെ ചെറിയ പിണക്കത്തിലായിരുന്നതിനാൽ ഇരുവരും സഹായിക്കാൻ തയ്യാറായില്ല. എന്നാൽ ജാസ്മിനോട് പണം തന്റെ പക്കലില്ലെന്നും വസ്തുവിൽക്കാനും കേസ് നടത്താനുമായി ഒരാളുടെ സഹായം തേടാമെന്നും പറഞ്ഞ് മുംതാസ് രംഗത്തു വന്നു. തന്റെ അടുപ്പക്കാരനായ നാസറിനെ വിളിച്ച് വരുത്തി ജാസ്മിന് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു. അടുത്തദിവസം തന്നെ നാസറും ജാസ്മിനും മുംതാസും ചേർന്ന് കേസുകൾ പരിഹരിക്കാനായി നാസറിന്റെ സുഹൃത്തായ അഭിഭാഷകനടുത്തെത്തി. ഇതോടെയാണ് ചതിയുടെ കളികൾ തുടങ്ങുന്നത്. ഗത്യന്തരമില്ലാത്ത അവസ്ഥയിലായിരുന്ന ജാസ്മിൻ നാസറിനെ പൂർണ്ണമായും വിശ്വസിച്ചു.

വസ്തുസംബന്ധമായ കേസുകളെല്ലാം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത അഭിഭാഷകൻ വിൽക്കാൻ തീരുമാനിച്ച വസ്തു വാങ്ങിക്കൊള്ളാമെന്നും വാക്കുകൊടുത്തു. അഭിഭാഷകന്റെ ഭാര്യയുടെ പേരിൽ എഗ്രിമെന്റ് തയ്യാറാക്കി. വസ്തുവിൽപ്പനയ്ക്ക് എഗ്രിമെന്റിലേർപ്പെട്ടതോടെ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജാസ്മിൻ ഭർത്താവിനെ കാര്യങ്ങൾ ധരിപ്പിച്ചു. നാസറിന്റെ ബസുകളിലൊന്നിന്റെ ഡ്രൈവറാണ് മുംതാസിന്റെ മകൻ. ബസ് രാത്രിയിൽ ഒതുക്കുന്നതും കളക്ഷൻ സൂക്ഷിക്കുന്നതും മുംതാസിന്റെ വീട്ടിലായിരുന്നു. ബസിന്റെ കാര്യങ്ങൾ നോക്കാനും കളക്ഷൻ വാങ്ങാനും വന്നുപോകാറുണ്ടായിരുന്ന നാസറും ഭർത്താവ് മരിച്ച മുംതാസുമായി അടുപ്പത്തിലായി. ഇത് നാട്ടിൽ പാട്ടുമാണ്. എന്നാൽ ഇരുവരും അതൊന്നും കൂസാക്കാതെ മുന്നോട്ട് പോയി. ഇതിനിടെയാണ് തട്ടിപ്പിന് ജാസ്മിനെ കിട്ടുന്നത്.

ജാസ്മിനുമായി പരിചയത്തിലായ നാസർ വസ്തുവിൽക്കാനായി ജാസ്മിനേയും കൊണ്ട് പലയിടത്തും പോയി. കാർ യാത്രകൾ നാട്ടിൽ പാട്ടായതോടെ അപവാദ പ്രചരണവും ശക്തമായി. എന്നാൽ ഭർത്താവിനെ രക്ഷിക്കാനായി ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു. കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഇടപാടുകളിൽ നാസറും അഭിഭാഷകനും ഉഴപ്പുന്നതിൽ പന്തികേട് തോന്നിയ ജാസ്മിൻ ഇതേച്ചൊല്ലി നാസറുമായി ഉടക്കി. ഇതോടെ അപവാദ പ്രചരണങ്ങൾക്ക് പുതിയ തലം വന്നു. വിഡിയോകൾ പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നു. ഇതോടെ താൻ ജീവനൊടുക്കുമെന്ന് ജാസ്മിൻ ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന നാസർ ജാസ്മിനെകൊണ്ട് മുദ്രപത്രം വാങ്ങിച്ചശേഷം പറഞ്ഞദിവസം പണം നൽകാമെന്ന് എഴുതി നൽകി. പകരം ആത്മഹത്യയ്ക്ക് ഉത്തരവാദി ജാസ്മിൻ മാത്രമാണെന്ന് എഴുതിവാങ്ങുകയും ചെയ്തു.

ഇതിനിടെ ജാസ്മിനും നാസറുമായുള്ള ബന്ധത്തെ മുംതാസും സംശയത്തോടെ കണ്ടു. ഇരുവരും സ്ഥിരം പോകുന്നത് ശരിയല്ലെന്ന് പറഞ്ഞ് മുംതാസ് വിലക്കിയത് കാര്യങ്ങൾ വഷളാക്കി. ഇവർ തമ്മിൽ വഴക്കിനും റൂറൽ വനിതാ സെല്ലിൽ പരാതി നൽകാനും കാരണമായി. റൂറൽ വനിതാ പൊലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് കാര്യങ്ങൾ പറഞ്ഞ് തീർപ്പാക്കി വിട്ടു. ഇതിന് ശേഷവും വസ്തു ഇടപാട് നടന്നില്ല. ഇക്കാര്യങ്ങളെല്ലാം ഭർത്താവും അറിഞ്ഞു. ഇതോടെയാണ് ജാസ്മിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. വർഷങ്ങളായി ഗൾഫിലായിരുന്ന റഹിം അവിടെ ബിസിനസുകൾ നടത്തിവരികയായിരുന്നു. ഗൾഫിൽ നിന്ന് അയക്കുന്ന പണമുപയോഗിച്ച് ജാസ്മിൻ നാട്ടിൽപല സ്ഥലങ്ങളിലും വസ്തുക്കളും കടകളും മറ്റും വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ ഗൾഫിൽ അപകടത്തിൽ പരിക്കേറ്റ് റഹിം കിടപ്പിലായതോടെ എല്ലാം താളം തെറ്റി. ബിസിനസ്സുകൾ പൊളിഞ്ഞു. ഇതോടെ സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ നാട്ടിലെ വസ്തുക്കൾ വിറ്റ് 70 ലക്ഷം രൂപ ഉടൻ അയച്ചുകൊടുക്കാൻ റഹിം നിർദ്ദേശിക്കുയായിരുന്നു.

അതിനിടെ അറസ്റ്റിലായ മുംതാസ്, മെഹർബാൻ എന്നിവരുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇവയിലെ ഡാറ്റ നശിപ്പിച്ചനിലയിലാണ്. സിംകാർഡുകളും ഉപേക്ഷിച്ചിട്ടുണ്ട്. ചില വാട്‌സ് ആപ്പ് ദൃശ്യങ്ങൾ കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരുന്നു. അത് പ്രചരിപ്പിച്ചത് മുംതാസും മെഹർബാനുമാണെന്ന് സൂചനയുണ്ട്. ഇതിലേക്ക് അന്വേഷണം നീളുന്നതിനിടെയാണ് മൊബൈലിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടതായി പൊലീസ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. തെളിവ് നശിപ്പിക്കാനാണ് ശ്രമം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മൂവരും ചേർന്ന് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ഫോൺ കോൾ ലിസ്റ്റും പരിശോധിക്കും. വാട്‌സ് ആപ്പ് ദൃശ്യങ്ങളിൽ അന്വേഷണം പൂർത്തിയായാലേ മരണങ്ങളിലെ ദുരൂഹത പൂർണ്ണമായും മാറൂ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന നിർദ്ദേശമെത്തുന്നത്.

സജ്‌നയുടെ ആത്മഹത്യാ കുറിപ്പും ചതി നടന്നതിന് തെളിവാണ്. ഞാൻ മരിക്കുന്നു, എന്റെ ചേച്ചിയും മക്കളുമില്ലാത്ത ലോകത്ത് എനിക്ക് ഇനി ജീവിക്കേണ്ട. ലോകത്ത് എനിക്കിനി ആരുമില്ല. ഉമ്മയുടെ സഹോദരിമാരാണ് ഇതിനെല്ലാം ഉത്തരവാദികൾ. അവർക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണം' സജ്‌ന കുറിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി നോക്കിയിരുന്ന സജിനി പേയിങ് ഗസ്റ്റായി താമസിച്ചുവന്ന വഞ്ചിയൂർ പറക്കുഴി ലൈനിലെ വാടകവീടിന്റെ റൂമിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൺട്രോൾ റൂം സി.ഐ പ്രസാദിന്റെ നേതൃത്വത്തിൽനടത്തിയ തിരച്ചിലിലാണ് പഴ്‌സിൽ സൂക്ഷിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടത്. സജിനി, ജാസ്മിൻ, അറസ്റ്റിലായ ബസുടമ നാസർ എന്നിവരുടെ മൊബൈൽ കോൾ വിശദാംശങ്ങളും മറ്റും സൈബർ പൊലീസ് സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. എന്നാൽ വെറും സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലുള്ള വഞ്ചന, ഭീഷണി, തട്ടിപ്പ് തുടങ്ങിയ നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.