തിരുവനന്തപുരം: നിസ്സാമുദ്ദീൻ എക്സ്‌പ്രസിലെ കവർച്ചയ്ക്ക് പിന്നിലുള്ള അക്‌സർ ബാഗ്‌ഷെ ഗുജറാത്തിൽ നിന്നുള്ള കുപ്രസിദ്ധ തീവണ്ടി കൊള്ളക്കാരൻ. ഉത്തരേന്ത്യയിൽ എല്ലാവരും തിരിച്ചറിയുന്ന അവസ്ഥ വന്നതോടെ ഇയാൾ താവളം തമിഴ്‌നാട്ടിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ ഈറോഡ്. സേലം മേഖലകൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. 49കാരനായ ഇയാളെ സഹായിക്കാൻ തമിഴ്‌നാട്ടിലെ റെയിൽവേ ഉദ്യോഗസ്ഥർ അടക്കമുണ്ട്. നോട്ടമിടുന്നതെല്ലാം ചൂണ്ടുന്ന മോഷണ സംഘത്തലവനാണ് ഇയാൾ.

ആളുകളെ നിരീക്ഷിച്ച് സ്വർണം ഉണ്ടോ എന്ന് മനസ്സിലാക്കും. അതിന് ശേഷം മാത്രമാണ് ഇയാളുടെ കവർച്ച. മുക്കു പണ്ടം പോലും അതിവേഗം തിരിച്ചറിയും. ഗോൾഡ് സ്‌കാനറുകൾ ഇയാൾ കൈയിൽ കരുതാറുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം നിസ്സാമുദ്ദീൻ തീവണ്ടിയിൽ തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിനി കൗസല്യ എന്നിവരെയാണ് മയക്കി സ്വർണവും ഫോണുകളും കവർന്നത്. കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. ഇതിൽ രഹസ്യ പോക്കറ്റുണ്ടാക്കി സൂക്ഷിച്ചിട്ടും വിജയലക്ഷ്മിയുടെ സ്വർണം കവർന്നു.

മുക്കുപണ്ടവുമായി യാത്ര ചെയ്തയാളെ മയക്കിയെങ്കിലും മുക്കുപണ്ടം മോഷ്ടിച്ചതുമില്ല. ഇതിൽ നിന്ന് തന്നെ സ്വർണം ഏത് മുക്കു പണ്ടം ഏത് എന്ന് വേഗത്തിൽ തിരിച്ചറിയാൻ അക്‌സറിനു പരിശീലനം കിട്ടിയിട്ടുണ്ടെന്നും വ്യക്തമാണ്. തമിഴ്‌നാട് അതിർത്തി കടക്കും മുമ്പേ മോഷണമുതലുമായി കടക്കം. ഓരോ ട്രെയിനിനെ കുറിച്ചും വ്യക്തമായി മനസ്സിലാക്കിയാണ് ഇയാളുടെ കവർച്ചാ രീതി. രാത്രി തീവണ്ടികളിൽ നിന്നാണ് മോഷണ ഇരയെ കണ്ടെത്താറ്.

ട്രെയിനുകളിൽ പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാത്ത സാഹചര്യം സമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് അക്സർ ബാഗ്‌ഷെ മോഷണം നടത്താറുള്ളത്. ഇതേ രീതിയിൽ തന്നെയാണ് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ കൊള്ള നടത്തിയത്. യാത്രയിൽ ഒരിടത്തും തീവണ്ടിയിൽ പൊലീസ് ഉണ്ടായിരുന്നില്ലെന്ന് കവർച്ചയ്ക്കിരയായവർ പറയുന്നു.സ്ത്രീ യാത്രക്കാരെ മാത്രമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. നോക്കിലോ വാക്കിലോ പോലും സംശയം ജനിപ്പിക്കാതെ പെരുമാറും. യാത്രക്കാരുടെ കണ്ണുതെറ്റുന്ന വേളയിൽ ഭക്ഷണത്തിലും കുപ്പിവെള്ളത്തിലും മയക്കുമരുന്ന് കലർത്തി ഇരകളെ ബോധം കെടുത്തിയശേഷം കവർച്ച നടത്തും.

തുടർന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ മുങ്ങും. ഇതാണ് അക്സർ ബാഗ്‌ഷെയുടെ രീതി. നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിലും ഇയാൾ ചെയ്തത് ഇങ്ങനെതന്നെയായിരുന്നു. സമാന രീതിയിൽ നിരവധി തവണ ട്രെയിനുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ പിടിയിലായത് ഒന്നോ രണ്ടോ തവണമാത്രം. റെയിൽവേ പൊലീസിന്റെ കൈവശമുണ്ടായിരുന്ന ചിത്രത്തിൽ നിന്നാണ് അക്സർ ബാഗ്‌ഷെയെ കവർച്ചയ്ക്കിരയായവർ തിരിച്ചറിഞ്ഞത്.

കോയമ്പത്തൂർ റെയിൽവേ ഡിവിഷനിൽനിന്ന് അയച്ചുകിട്ടിയ അക്‌സറിന്റെ ചിത്രം മൂന്ന് സ്ത്രീകളും തിരിച്ചറിഞ്ഞിരുന്നു. ഒരാളെ ലക്ഷ്യമിട്ടാൽ അയാളുടെ കൈവശമുള്ള വിലപിടിച്ചതെല്ലാം കൈവശപ്പെടുത്തുന്നതാണ് ബാഗ്‌ഷെയുടെ രീതി. വിജയലക്ഷ്മിയും മകളും എസ് വൺ കോച്ചിലും കൗസല്യ എസ് ടു കോച്ചിലുമായിരുന്നു. സേലത്തുനിന്ന് മൂവരും ഭക്ഷണവും വെള്ളവും വാങ്ങിയിരുന്നു. ഈറോഡിലെത്തും മുൻപേ ഭക്ഷണംകഴിച്ചു. ടോയ്‌ലറ്റിയൽ പോയി വന്നപ്പോഴാണ് അക്സർ എന്നയാളെ ശ്രദ്ധിച്ചത്.

തിരികെ, സീറ്റിലെത്തി അവിടെയുണ്ടായിരുന്ന കുപ്പി വെള്ളം കുടിച്ചു കോയമ്പത്തൂർ എത്തും മുമ്പേ കിടക്കുകയായിരുന്നു. നാലുമണിക്ക് എഴുന്നേൽക്കുന്നതിനായി മൊബൈൽ ഫോണിൽ അലാറം വെച്ചു. പിന്നീട് ഒന്നും ഓർമയില്ലെന്നാണ് വിജയലക്ഷ്മി പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്.

സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാണിച്ചപ്പോഴാണ് അക്‌സറിനെ മൂവരും തിരിച്ചറിഞ്ഞത്. ഇവർ, ശൗചാലയത്തിൽ പോയപ്പോൾ കവർച്ചക്കാർ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി എന്നാണ് അനുമാനം. കവർച്ച നടന്നത് തമിഴ്‌നാട്ടിലെ സേലത്തിനും കോയമ്പത്തൂരിനും ഇടയിലായതിനാൽ കേസ് സേലം ഡിവിഷനിലേക്ക് കൈമാറിയേക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

കൃത്യം നടത്തിയശേഷം അക്‌സർ ഇടയ്ക്കുള്ള സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെട്ടിട്ടുണ്ടാകാം. ഈറോഡ്, സേലം മേഖലകൾ കേന്ദ്രീകരിച്ച് തീവണ്ടികളിൽ കവർച്ച പതിവാക്കിയാളാണ് അക്‌സർ.