തിരുവനന്തപുരം: പേരൂർക്കട മണ്ണടിലെയ്നിൽ ക്രിസ്മസ് ദിവസമാണ് അക്ഷയ് അശോക് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അക്ഷയ് അശോകിനെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അമ്മ ദീപ അശോകിനെ(50) കൊന്ന രീതിയും കാരണവുമെല്ലാം അക്ഷയ് പൊലീസിനോട് വിശദീകരിക്കുകയും ചെയ്ത് കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിൽ അക്ഷയ്ക്ക് ഇപ്പോഴും യാതൊരു വിധത്തിലുള്ള വിഷമവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

അക്ഷയ്ക്ക് അമ്മയുടെ മേലുള്ള കടുത്ത സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ ദിവസം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവുമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സപ്ലിമെന്ററി പരീക്ഷയ്ക്ക് ട്യൂഷന് പോകുന്നതിനായി ഫീസ് ആവശ്യപ്പെട്ടത് തർക്കത്തിലേക്ക് എത്തുകയായിരുന്നു. കൊല നടത്തിയതിൽ ഇപ്പോഴും അക്ഷയ്ക്ക് യാതൊരു വിധ വിഷമവുമില്ല. ഈ സംഭവം കാരണം തന്റെ ജീവിതം പാഴായിപ്പോയല്ലോയെന്നും കരിയർ നശിച്ചല്ലോ എന്നും ഓർത്താണ് അക്ഷയ്ക്ക് വിഷമം മുഴുവൻ.

അമ്മയെകുറിച്ചും അവർക്ക് രഹസ്യ ബന്ധങ്ങളുണ്ടോയെന്നുമുള്ള അക്ഷയുടെ സംശയം തുടങ്ങിയിട്ട് കുറച്ച് നാളുകളാവുകയും ചെയ്തു. ഈ വിഷയമെല്ലാം തന്നെ അക്ഷയ് തന്റെ ചേച്ചിയെ അറിയിച്ചിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ദിവസവും ചേച്ചിയെ സ്‌കൈപ്പിൽ ബന്ധപ്പെട്ടെങ്കിലും കൊന്ന കാര്യം അവരോടും പറഞ്ഞിരുന്നില്ല. അമ്മയെ കാണുന്നില്ലെന്നാണ് സഹോദരിയോടും പറഞ്ഞിരുന്നത്. അമ്മയ്ക്ക് മോശം ബന്ധങ്ങളുണ്ടെന്ന് സംശയിച്ച അക്ഷയ് ചില ഫോൺ നമ്പറുകൾ ഉൾപ്പടെയുള്ള രേഖകളും സൂക്ഷിച്ചിരുന്നു. ഇക്കാര്യങ്ങൾ അക്ഷയ് അശോകിന്റെ അച്ഛന് അറിവുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കും.

അക്ഷയയുടെ അച്ഛനും അമ്മയും തമ്മിൽ മാസങ്ങളായി സംസാരിക്കാറില്ലെന്നും ഇരുവരും അത്ര നല്ല ബന്ധത്തിലായിുന്നില്ലെന്നും പൊലീസിനോട് അക്ഷയ് പറഞ്ഞിട്ടുണ്ട്. വീട്ടിൽ അമ്മയുമായി പിണക്കത്തിലായിരുന്നതുകൊണ്ട് തന്നെ വീട്ടിൽ നിന്നും അക്ഷയ് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നുമില്ല. അച്ഛൻ ചെലവിന് അയച്ച് കൊടുക്കുന്ന പണം ഉപയോഗിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. അക്ഷയ് ചേച്ചിയോട് വെളിപ്പെടുത്തിയെന്ന് പറയുന്ന വിവരങ്ങളെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും.

അവിഹിതമെന്ന കാര്യം അക്ഷയ് കൊല നടത്തിയതിന് ഒരു കാരണമായി മാത്രം പറയുന്നതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അക്ഷയ് നൽകിയ ഫോൺ നമ്പറുകൾ വിശദമായി പരിശോധിക്കുമെന്നും അതിനെകുറിച്ച് അന്വേഷിക്കാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. അവിഹിതബന്ധമാണ് കൊലയ്ക്ക് കാരണമെങ്കിൽ അത് പൊലീസിന് കോടതിയിൽ തെളിയിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം വശ്യമായി വരും.

അക്ഷയുടെ മൊഴി മാത്രം കണക്കിലെടുത്ത് അവിഹിതബന്ധത്തിന്റെ കാര്യം സ്ഥിരീകരിക്കാൻ കഴിയുമില്ല. ഇപ്പോൾ ഇങ്ങനെ പറയുന്ന അക്ഷയ് നാളെ കോടതിയിൽ ഇത് മാറ്റി പറഞ്ഞാൽ തങ്ങൾക്ക് തലവേദനയാകുമെന്ന് പൊലീസിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ ഫയൽ ഉടനെ മടക്കാനോ പെട്ടന്ന് കേസ് അവസാനിപ്പിക്കാനോ പൊലീസ് തയ്യാറാവുകയുമില്ല. താൻ ഒറ്റയ്ക്കാണ് ഈ കൃത്യം ചെയ്തത് എന്ന് അക്ഷയ് പറയുന്നുണ്ടെങ്കിലും ഇതിൽ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസ് വിശദമായി അന്വേഷിക്കും. അതോടൊപ്പം തന്നെ മാസങ്ങളായി അച്ഛനും അമ്മയും തമ്മിൽ സംസാരിക്കാറില്ലെന്ന അക്ഷയ് നൽകിയ മൊഴിയിലും വിശദമായി അന്വേഷണം വരും.

എഞ്ചിനീയറിങ്ങ് പഠനകാലത്ത് അക്ഷയുടെ ചില മാറ്റങ്ങളാണ് അമ്മയുമായി തെറ്റി തുടങ്ങിയത്. പഠനകാലത്ത് അക്ഷയ് ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തിട്ടും റിസൽട്ട് വന്നപ്പോൾ അക്ഷയ് അഞ്ചോളം വിഷയങ്ങൾക്ക് തോറ്റത് അമ്മയുമായി വഴക്കുകൾക്ക് തുടക്കമിട്ടിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പരസ്പരം മിണ്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. പഠനകാലത്ത് തന്നെ അക്ഷയ് മയക്കുമരുന്നും മറ്റും ഉപയോഗിക്കാൻ തുടങ്ങിയതും കഞ്ചാവിന് അടിമയായതും അമ്മയെ മകനിൽ നിന്നും അകറ്റി. പിന്നീട് പല തവണയായി ഇരുവരും തമ്മിൽ വഴക്ക് കൂടിയെങ്കിലും ഇരുവർക്കുമിടയിൽ ഇത്രയും പ്രശ്‌നങ്ങളുണ്ടെന്നത് അയൽവാസികൾ പോലും അറിയില്ലായിരുന്നു.

ക്രിസ്മസ് ദിവസം അമ്മയുമായി പണം ആവശ്യപ്പെട്ട് വീണ്ടും വഴക്ക്കൂടിയതാണ് കൊലയിലേക്ക് നയിച്ചത്. അക്ഷയ് മാസങ്ങളായി അമ്മയുമായി മിണ്ടിയിരുന്നില്ല. അച്ഛൻ അയച്ച് കൊടുക്കുന്ന പണം ഉപയോഗിച്ച് പുറത്ത് നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മുൻപ് പണത്തിന്റെ പേര് പറഞ്ഞ് വഴക്ക് കൂടിയപ്പോൾ അക്ഷയ് അമ്മയെ പിടിച്ച് തള്ളിയെന്നാണ് സൂചന. മകൻ തന്നെ മർദ്ദിച്ചതിനെതുടർന്നാണ് ഇവർമകനുമായി പിണങ്ങിയത്. സംഭവ ദിവസം ട്യൂഷൻ ഫീസ് ആവശ്യപ്പെട്ടപ്പോൾ നിനക്ക് തോന്നിയപോലെ നടക്കാൻ തരാൻ പണമില്ലെന്ന് അമ്മ പറഞ്ഞതാണ് മകനെ പ്രകോപിച്ചതെന്നും. അതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് അക്ഷയ് നൽകിയ മൊഴി.