മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക മാസിക ഷാർലെ ഹെബ്ദൊക്കെതിരെ ഭീഷണിയുമായി അൽ-ക്വയ്ദ. 2015 ലെ ആക്രമണത്തിന്റെ ആവർത്തനത്തിന് ഫ്രാൻസ് സാക്ഷ്യം വഹിക്കാമെന്ന് അൽ-ക്വയ്ദയുടെ പ്രസിദ്ധീകരണമായ വൺ ഉമ്മയിൽ പറയുന്നു. ഷാർലെ ഹെബ്ദൊയുടെ ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം ഒറ്റത്തവണയാണെന്ന് വിശ്വസിക്കുന്നത് തെറ്റാണെന്ന് പ്രസിദ്ധീകരണം വ്യക്തമാക്കി.2015 ലെ ആക്രമണസമയത്ത് പ്രസിഡന്റായിരുന്ന ഫ്രാങ്കോയിസ് ഹോളണ്ടിന് നൽകിയ അതേ മുന്നറിയിപ്പ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും നൽകുന്നു എന്ന് പറയുന്ന പ്രസിദ്ധീകരണം,കാർട്ടൂണിനെ "നിന്ദ്യം" എന്നും വിളിച്ചു.

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂണിന്റെ പേരിൽ 2015 ജനുവരി ഏഴിന് മാഗസിന്റെ ഓഫീസിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് ജീവനക്കാരുൾപ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഈ കാർട്ടൂൺ വരച്ച ജീൻ കാബുറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അൽ ഖ്വയ്ദയുടെ അറേബ്യൻ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാർട്ടൂൺ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവർ പറഞ്ഞത്. ആക്രമണം നടത്തിയ സെയ്ദ്, ഷരീഫ് എന്നീ സഹോരങ്ങളായ പ്രതികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘർഷത്തിൽ 17 പേർ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ യഹൂദരുടെ ഒരു സൂപ്പർമാർക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.

ഈ ഭീകരാക്രമണത്തിൽ സഹായിച്ച പ്രതികളുടെ വിചാരണ തുടങ്ങുന്നതിനോടനുബന്ധിച്ചാണ് വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിക്കാൻ ഷാർലെ ഹെബ്ദൊ തീരുമാനിച്ചത്. സെപ്റ്റംബർ 2 നാണ് കേസിൽ വിചാരണ തുടങ്ങിയത്. 14 പ്രതികളിൽ 11 പേരുടെ വിചാരണയാണ് പാരീസ് കോടതിയിൽ നടക്കുന്നത്. പ്രതികളിൽ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നവംബർ വരെ വിചാരണ തുടരുമെന്നാണ് സൂചന.

ഷാർലെ ഹെബ്ദൊയ്‌ക്കെതിരായ 2015 ജനുവരി ആക്രമണത്തിന്റെ ആദ്യ വിചാരണയുടെ തലേന്ന് ഷാർലെ ഹെബ്ദൊ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ വീണ്ടും അച്ചടിച്ചിരുന്നു. സെപ്റ്റംബർ രണ്ടിന് ആരംഭിച്ച വിചാരണ നവംബർ വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആക്രമണത്തെത്തുടർന്ന് എല്ലാ കുറ്റവാളികളും കൊല്ലപ്പെട്ടിട്ടും 14 പങ്കാളികൾ വിചാരണ നേരിടുകയാണ്.