ആലപ്പുഴ: പിതാവ് വികലാംഗനും മാതാവ് രോഗിയുമായ 16 കാരിയെ ബന്ധു പതിവായി എത്തി വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നു. ശ്രദ്ധയിൽ പെട്ട നാട്ടുകാർ ചേർന്ന് കൂട്ടിക്കൊടുപ്പുകാരിയെ പിടിച്ചു വച്ചു. ഉന്നത പൊലീസുകാർക്ക് പോലും സംഭവത്തിൽ പങ്കുണ്ട്. സൂര്യനെല്ലിക്ക് സമാനമായ പീഡനമാണ് ഇതെന്നാണ് സൂചന. യുവതിയെ പീഡിപ്പിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വന്നപ്പോൾ ആലപ്പുഴയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെ കേസ് ഒതുക്കി തീർക്കാനാണ് ശ്രമം.

സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരനെ അന്വേഷണ വിധേയമായി ജില്ലാപൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. അന്വേഷണം ആരംഭിച്ചതോടെ പൊലീസുകാരൻ ഒളിവിൽ പോയി. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധു പുന്നപ്ര സ്വദേശി ആതിരയെയാണ് (24) നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ, കേസിലുൾപ്പെട്ട പൂങ്കാവ് സ്വദേശിയായ നാർക്കോട്ടിക് സെല്ലിലെ പൊലീസുകാരൻ നെൽസനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാളെ രണ്ടാംപ്രതിയായി നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയെ പല ദിവസങ്ങളിലും വീട്ടിൽ നിന്ന് ആതിര വിളിച്ചുകൊണ്ടുപോകുമായിരുന്നു. ഈ മാസം ആറിന് പെൺകുട്ടിയുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ കൗൺസിലറുടെ നേതൃത്വത്തിൽ ഇടപെട്ടു. പ്രശ്‌നം രൂക്ഷമായതോടെ വനിത പൊലീസിനെ വിവരം അറിയിച്ചു. എസ്.ഐ ശ്രീദേവിയുടെ നേതൃത്വത്തിൽ ഇരുവരെയും സ്റ്റേഷനിലെത്തിച്ച് പെൺകുട്ടിയുടെ മൊഴിയെടുത്തു. ഇതോടെയാണ് പൊലീസുകാരൻ ഉൾപ്പെടെയുള്ളവരുടെ പേര് പെൺകുട്ടി വെളിപ്പെടുത്തിയത്.

അന്വേഷണം ജില്ലാപൊലീസ് മേധാവി ആലപ്പുഴ ഡിവൈ.എസ്‌പി പി.വി. ബേബിക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. പെൺകുട്ടിയെ ബന്ധുവായ യുവതി ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് പലർക്കും കാഴ്ചവച്ചെന്നു പരാതി യിൽ പറഞ്ഞിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പെൺകുട്ടിയെ സമ്പന്നർക്ക് ഇടനിലക്കാരി കാഴ്ച വെച്ചിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് തന്നെ കാഴ്ചവച്ചതായി പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ഈ പൊലീസുകാരെ രക്ഷിക്കാനാണ് ശ്രമിച്ചത്.

മൊഴിയിൽ പരാമർശിക്കപ്പെട്ട നാർകോട്ടിക് സെൽ വിഭാഗത്തിലെ സീനിയർ പൊലീസ് ഓഫീസറായ ആലപ്പുഴ സ്വദേശി നെൽസണെ സസ്പെൻഡു ചെയ്തത്. പൊലീസുദ്യോഗസ്ഥൻ മാരാരിക്കുളത്തെ റിസോർട്ടിൽവച്ച് മദ്യം നൽകിയശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.