ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ വധക്കേസിൽ മുഖ്യപ്രതികൾ സിം കാർഡ് എടുക്കാൻ ദുരുപയോഗം ചെയ്തത് ആലപ്പുഴ പുന്നപ്രയിലെ വീട്ടമ്മയായ വത്സലയുടെ തിരിച്ചറിയൽ രേഖകൾ. വീട്ടമ്മയുടെ രേഖകൾ ഉപയോഗിച്ച് കടക്കാരനും കൊലയാളി സംഘവും ചേർന്ന് സിം കാർഡ് എടുക്കുകയായിരുന്നു. ഈ സിം കാർഡാണ് കൊലയാളി സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നു.

മുഖ്യപ്രതികൾ വ്യാജ സിം കാർഡുകൾ ഉപയോഗിച്ചതാണ് രൺജീത്ത് കേസിൽ പൊലീസിനെയും കുഴക്കിയത്. വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ കൊലയാളി സംഘം സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആദാർ വെരിഫിക്കേഷൻ നടത്തി. എന്നാൽ, ഇതെല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്.

സിം കാർഡ് വീട്ടമ്മയുടെ പേരിലുള്ളതെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ വീട്ടിലെത്തി ചോദ്യം ചെയ്ത അന്വേഷണം സംഘം ഇവരെ പൊലീസ് സ്റ്റേഷനുകളിലേക്കും വിളിപ്പിച്ചു. സംഭവങ്ങൾ ഒന്നുമറിയാത്ത പുന്നപ്രയിലെ വീട്ടമ്മ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായി.

പൊലീസ് സ്റ്റേഷനിൽ എത്തിയ വീട്ടമ്മ ബോധരഹിതയായി വീഴുകയായിരുന്നു. തുടർന്ന് വീട്ടമ്മയുടെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടു. ഇതൊടൊപ്പം കൊലയാളികൾ ഉപയോഗിച്ച മറ്റ് സിം കാർഡുകളും നിരപരാധികളായവരുടെ പേരിൽ എടുത്തവയാണെന്നാണ് വിവരം.

ഗൂഢാലോചനക്ക് പിന്നിൽ എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്നും വത്സല പറയുന്നു.കേസിൽ കുടുങ്ങുമോയെന്ന ആശങ്കയിൽ കടുത്ത മാനസിക സമ്മർദം നേരിട്ടെന്ന് വത്സല പറഞ്ഞു. മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ നടപടി.

രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു എസ് ഡി പി ഐ പ്രവർത്തകർ കൂടി പൊലീസ് അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീൻ, പ്രതികൾക്ക് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രഞ്ജിത് വധക്കേസിൽ ഇതോടെ ആറുപേർ പിടിയിലായത്. കേസിൽ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആലപ്പുഴയിൽ രഞ്ജിത്തുകൊലപ്പെടുന്നത്. ഷാന്റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി പൊന്നാട് കാവച്ചിറവീട്ടിൽ പ്രസാദ് എന്നു വിളിക്കുന്ന രാജേന്ദ്രപ്രസാദ് (39), കാട്ടൂർ കുളമാക്കിവെളിയിൽ കുട്ടൻ എന്നുവിളിക്കുന്ന രതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

രഞ്ജിത്തിന്റെ ശരീരത്തിൽ മുപ്പതോളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഇരുപതിലധികം ആഴത്തിലുള്ള മുറിവുകൾ മരണത്തിന് കാരണമായി. ക്രൂരമായ ആക്രമണമാണ് രഞ്ജിത്തിന് നേരെ ഉണ്ടായത്.

തലയോട്ടി തകർന്നു, തലച്ചോറിന് ക്ഷതമേറ്റു, മുഖം വികൃതമായി. ചുണ്ടുകളും നാവും കീഴ്‌ത്താടിയും മുറിഞ്ഞുപോകുന്ന വിധത്തിലുള്ള വെട്ടുകൾ, വലത് കാലിൽ അഞ്ചോളം വെട്ടുകൾ. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.