ആലപ്പുഴ: ഭർത്താവിനെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നത് കണ്ടുനിന്ന ഭാര്യ തടസം പിടിക്കാനെത്തി. രോഷാകുലനായ എസ് ഐ ഭാര്യയെ മുടിക്കുത്തിനു പിടിച്ച് തള്ളി. നാട്ടുകാർ നോക്കി നിൽക്കെ നാഭിക്ക് തൊഴിച്ചു. പ്രാണരക്ഷാർത്ഥം വീട്ടമ്മ എസ് ഐയുടെ കൈയിൽ കടിച്ച് രക്ഷപ്പെട്ടു. നാഭിക്ക് തൊഴിയേറ്റ വീട്ടമ്മയെ രക്തസ്രാവത്തെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ വീട്ടമ്മയെ വനിതാ പൊലീസിനെ വിട്ട് എസ് ഐ അറസ്റ്റ് ചെയ്യിച്ചു. ഇപ്പോൾ ഭാര്യയും ഭർത്താവും രണ്ടു ജയിലുകളിലായി കഴിയുന്നു... ഒരു സ്‌കൂളിലെ കുട്ടികളുടെ വിനോദസഞ്ചാരത്തിൽനിന്നു വികൃതികളായ നാലു കുട്ടികളെ ഒഴിവാക്കിയതിനെത്തുടർന്നുണ്ടായ പൊല്ലാപ്പുകളാണിത്.

ആലപ്പുഴ കാട്ടൂർ ഹോളി ഫാമിലി സ്‌കൂളിൽ കുട്ടികളെ വിനോദയാത്രയ്ക്കു കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് പ്രശ്നത്തിന് തുടക്കം. ടൂറിന് പോയ വിദ്യാർത്ഥികളിൽ നാലുപേർ തിരികെയെത്താൻ വൈകിയത് സ്‌കൂൾ അധികാരികളും രക്ഷകർത്താക്കളുമായി വാക്കേറ്റത്തിന് ഇടയാക്കി. രക്ഷിതാക്കളുടെ ഭാഗത്തുനിന്നും സംസാരിച്ച കാട്ടൂർ ഈരേശേരിയിൽ സെബാസ്റ്റ്യൻ - സെലിൻ ദമ്പതികൾക്കാണ് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റത്.

സ്‌കൂളിൽനിന്നും കുട്ടികളെ ടൂറിന് കൊണ്ടുപോകുന്നതിനിടയിൽ അദ്ധ്യാപകർ നാലോളം കുട്ടികളെ മാറ്റിനിർത്തിയിരുന്നു. ഈ കുട്ടികൾക്ക് വികൃതി കൂടുതലാണെന്ന പേരിലാണ് മാറ്റിനിർത്തിയത്. എന്നാൽ ടൂർ പുറപ്പെട്ടശേഷം സന്ദർശനസ്ഥലം മനസിലാക്കിയ, ഒഴിവാക്കപ്പെട്ട കുട്ടികൾ ആരുമറിയാതെ അവിടേക്ക് പുറപ്പെട്ടു. ആലപ്പുഴയിലെതന്നെ പുന്നപ്രയിലുള്ള സന്ദർശനസ്ഥലത്തേക്ക് പുറപ്പെട്ട ടൂർ സംഘത്തെ പിന്തുടർന്ന നാലുകുട്ടികൾ അവിടേയ്ക്ക് പോകാതെ വഴിയിൽ കറങ്ങി നടക്കുകയായിരുന്നു.

സ്‌കൂളിൽനിന്നും ടൂർപോയ സംഘം തിരിച്ചെത്തിയിട്ടും പിന്നാലെ പോയ നാലു വിദ്യാർത്ഥികൾ മടങ്ങിവരാതിരുന്നത് പരിഭ്രാന്തി പടർത്തിയിരുന്നു. ഇതേ തുടർന്ന് രക്ഷകർത്താക്കൾ അന്വേഷണം ആരംഭിച്ചെങ്കിലും സ്‌കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. ഇതിനിടെ ടൂർ സംഘത്തിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ മകനെ സ്‌കൂളിൽനിന്നും ഹെഡ്‌മാസ്റ്റർ വിളിച്ച് കാണാതായ കുട്ടികളെ കുറിച്ച് അറിവുണ്ടോയെന്ന് ചോദിച്ചിരുന്നു. തനിക്ക് അവരെ കുറിച്ച് അറിയില്ലെന്ന് സെബാസ്റ്റ്യന്റെ മകൻ പ്രിൻസ് പറഞ്ഞെങ്കിലും സ്‌കൂൾ അധികൃതർ അത് അംഗീകരിച്ചില്ല. ഇക്കാര്യം തിരക്കാനാണ് സെബാസ്റ്റ്യനും ഭാര്യ സെലിനും സ്‌കൂളിലെത്തിയത്.

ഈ സമയം സ്‌കൂളിൽ കാണാതായ കുട്ടികളുടെ മാതാപിതാക്കൾ ബഹളം വെക്കുന്നുണ്ടായിരുന്നു. സ്‌കൂളിലെത്തിയ സെബാസ്റ്റ്യൻ തന്റെ സുഹൃത്ത് വഴി പൊലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സ്‌കൂൾ അധികൃതരുമായി സംസാരിച്ചശേഷം സെബാസ്റ്റ്യനുനേരെ തട്ടിക്കയറുകയായിരുന്നു. മുൻ പി ടി എ അംഗം കൂടിയായ സെബാസ്റ്റ്യൻ നാട്ടുകാർക്കൊപ്പം നിന്ന് സംസാരിച്ചതാണ് സ്‌കൂൾ അധികൃതരെയും പൊലീസിനെയും ചൊടിപ്പിച്ചത്.

സെബാസ്റ്റ്യനുമായി തർക്കമുണ്ടാക്കിയ പൊലീസ് ഇയാളെ പെട്ടെന്ന് മർദ്ദിക്കാൻ തുടങ്ങി. ഇതിനിടെ കാണാതായ കുട്ടികൾ വീട്ടിലെത്തിയിരുന്നു. കുട്ടികൾ വീട്ടിലെത്തിയതറിഞ്ഞ് ബഹളം വച്ച രക്ഷിതാക്കൾ പിരിഞ്ഞു പോകുകയും ചെയ്തു. സെബാസ്റ്റ്യനെ പൊലീസ് നന്നായി പെരുമാറി. ഭർത്താവിന്റെ നിലവിളി കേട്ടാണ് സെലിൻ പൊലീസിനെ തടസം പിടിക്കാനെത്തിയത്. തലയ്ക്ക് മാരകമായ അസുഖമുള്ള സെലിനെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചെറിഞ്ഞുവത്രേ. സെബാസ്റ്റ്യനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ബന്ധുക്കൾ എത്തിയതറിഞ്ഞ് ഇയ്യാളെ പൊലീസ് ജീപ്പിൽ കയറ്റി പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് വഴിയിലായിരുന്നു മർദ്ദനം.

രാത്രിമുഴുവൻ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന ബന്ധുക്കൾക്ക് സെബാസ്റ്റ്യനെ ഉറക്കത്തിൽനിന്നും വിളിച്ചുണർത്തി മർദ്ദിക്കുന്നത് കാണാമായിരുന്നു. രംഗം വഷളാകുന്നതു മനസിലാക്കിയ പൊലീസ് പിന്നീട് കൃത്യനിർവ്വഹണത്തിന് തടസം നിന്നുവെന്ന കാരണത്താൽ ഇപ്പോൾ കേസ് തിരിച്ച് ദമ്പതികളെ ജയിലലടക്കാൻ വഴി ഉണ്ടാക്കി. ഇപ്പോൾ സെലിൻ മാവേലിക്കര കോടതിയിലും സെബാസ്റ്റ്യൻ ആലപ്പുഴ സബ് ജയിലിലുമാണ്. തന്റെ മാതാപിതാക്കളെ അകാരണമായി പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ സെബസ്റ്റ്യന്റെ മകൾ ഫ്രസ്റ്റീന മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ഡി ജി പി, പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. മണ്ണഞ്ചേരി എസ് ഐ രാജൻബാബുവിനെതിരെയാണ് ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും എസ് പി സി അംഗവുമായ ഫ്രിസ്റ്റീന പരാതി നൽകിയിട്ടുള്ളത്.