ആലപ്പുഴ: സംസ്ഥാനത്തെ ടെക്‌സ്‌റ്റെയിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ മാദ്ധ്യമങ്ങൾക്ക് ഒരു വരി വാർത്ത പോലും ആകാത്ത കാലമായിരുന്നു അടുത്തുവരെ. പരസ്യദാതാക്കളാണ് ഇവർ എന്നതാണ് ഇതിന് കാരണം. എന്നാൽ, അസംഘടതി മേഖലയിലെ ഈ തൊഴിലാളി പ്രശ്‌നം മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. കല്യാൺ സാരീസിലെ വനിതാ ജീവനക്കാർ ജോലിക്കിടെ ഒന്നിരിക്കാൻ വേണ്ടി ചെയ്ത് സമരം മുഖ്യധാരാ മാദ്ധ്യമങ്ങൾ അവഗണിച്ചപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഒടുവിൽ ഗത്യന്തരമില്ലാതെ വിഷയം തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്തു. ടെക്‌സ്റ്റെയിലിന് മുന്നിൽ കുടിൽകെട്ടി നിൽപ്പു സമരം ആരംഭിക്കുകയും ഒടുവിൽ ടെക്‌സ്റ്റെയിൽ ഭീമൻ സമരക്കാർക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്തുവെന്നത് സമീപകാലത്തെ തൊഴിലാളി സമരങ്ങളിലെ ശ്രദ്ധേയമായ വിജമായി. അന്യായമായി പിരിച്ചുവിട്ട ഇവിടുത്തെ ജീവനക്കാരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആരംഭിച്ച സമരത്തിനൊടുവിൽ തിരിച്ചെടുക്കുകയായിരുന്നു.

കല്യാൺ സാരീസിലെ സമരത്തിന് ശേഷം മാനേജ്‌മെന്റിന്റെ അടിമത്ത സ്വഭാവത്തിൽ പ്രതിഷേധിച്ച് പ്രമുഖ ടെക്‌സ്റ്റെയിൽ ഗ്രൂപ്പായ സീമാസിലെ ജീവനക്കാരും സമരരംഗത്തേക്ക് ഇറങ്ങിയിരിക്കയാണ്. സ്ഥാപന മാനേജ്‌മെന്റിൽ നിന്നും മനുഷ്വത്വപരമായ പരിഗണന പോലും ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് തൊഴിലാളികൾ സമരരംഗത്തേക്ക് ഇറങ്ങിയത്. തൊഴിലാളികളോടുള്ള നിലപാടിൽ പ്രതിഷേധിച്ച് ഇരുപ്പ് സമരത്തിലാണ് ഇവർ. തൊഴിലാളി വിരുദ്ധമായ നടപടികളാണ് ടെക്‌സ്റ്റെയിൽ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നതാണ് ജീവനക്കാരുടെ പരാതി.

തൊഴിലാളി നിയമങ്ങങ്ങളൊക്കെ കാറ്റിൽപ്പറത്തപ്പെടുന്നുവെന്നും ജീവനക്കാർ പറയുന്നു. എട്ട് മണിക്കൂർ ജോലിക്ക് പകരം പന്ത്രണ്ട് മണിക്കൂറോളം ഒന്നിരിക്കാൻ പോലും സാധിക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് ഇവിടുത്തെ വനിതാ ജീവനക്കാർ. ഇങ്ങനെ ജോലി ചെയ്യുമ്പോൾ തന്നെ തീർത്തും തുച്ഛമായ വരുമാനമാണ് ഇവർക്ക് നൽകുന്നതും. ആറായിരത്തിയഞ്ഞൂറ് മുതൽ ഏഴായിരം രൂപ വരെയാണ് പരമാവധി ശമ്പളമായി നൽകുന്നത്. ഇരുന്നൂറ് രൂപ വരെ മാത്രമാണ് തൊഴിലാളികളുടെ ദിവസ വേതനം. ഇങ്ങനെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യേണ്ടി വരുമ്പോഴും ഫൈനെന്നും മറ്റും പറഞ്ഞ് പിച്ചചട്ടയിൽ നിന്നും കൈയിട്ടു വാരുന്ന സമീപനവും ഇവർ സ്വീകരിക്കുന്നു.

ജോലിക്കിടെ അടുത്തു നിൽക്കുന്ന സുഹൃത്തിനോട് സംസാരിക്കാൻ പോലും ഇവർക്ക് അനുവാദമില്ല. ഇങ്ങനെ സംസാരിച്ചു പോയാൽ ദിവസശമ്പളത്തിന്റെ പകുതി പോകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. നൂറ് രൂപ മുതൽ 300 രൂപ വരെ ഫൈനായി ഈടാക്കുന്നുവെന്നുമാണ് ആക്ഷേപം. എത്ര പേർ പരസ്പരം സംസാരിക്കുന്നോ അതിനനുസരിച്ച് ഫൈൻ കൂടുമെന്നും തൊഴിലാളികൾ പറയുന്നു. ഇങ്ങനെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതികെട്ടാണ് ജീവനക്കാർ ഒന്നിരിക്കാനായുള്ള സമരത്തിൽ ഏർപ്പെട്ടത്.

ജോലി സമയത്തിനിടെ പ്രാഥമിക കൃത്യങ്ങൾക്ക് പോകാതിരിക്കാൻ ശുചിമുറി പൂട്ടിയിടുന്ന പതിവുണ്ടെന്നും ജീവനക്കാർ പറയുന്നു. സമയം പോകുമെന്ന കാരണം പറഞ്ഞാണ് ഈ മനുഷ്യാവകാശ ലംഘനം അരങ്ങേറുന്നത്. ദൂരദേശങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് ഹോസ്റ്റൽ സൗകര്യം ടെക്‌സ്‌റ്റെയിൽസ് മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട. എന്നാൽ, ഇവിടെ സൗകര്യങ്ങൾ തീർത്തും ദാരുണമായ സൗകര്യങ്ങളാണ് ഉള്ളത്. പരിമിതമായ സൗകര്യമുള്ള മുറികളിൽ പതിമൂന്ന് പേരെ വരെയാണ് പാർപ്പിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരായതിനാൽ ഇവർക്ക് തീർത്തും ദുരിതസമാനമാണ് ഈ ജീവിതം. അൽപം കൂടി സൗകര്യമുള്ള മുറി വേണം എന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യം പോലും ചെവിക്കൊള്ളാൻ മാനേജ്‌മെന്റ് തയ്യാറല്ലെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

ഇങ്ങനെ ചൂഷണങ്ങൾ പതിവായപ്പോൾ ഗതികെട്ട് ചിലർ ശക്തമായി പ്രതികരിച്ചിരുന്നു. ഇങ്ങനെ പ്രതിഷേധം കൂട്ടമായി ഉയരുന്നത് തകർക്കാൻ മാനേജ്‌മെന്റ് ഭിന്നിപ്പിക്കൽ നയം സ്വീകരിക്കുന്നതായും ജീവനക്കാർ പറയുന്നു. പ്രതികരിച്ചാൽ എതിർത്തയാൾക്ക് പ്രൊമോഷൻ നൽകുക എന്നതാണ് മാനേജ്‌മെന്റ് തന്ത്രം. ആദ്യം പ്രമോഷൻ നൽകിയ ശേഷം വൈകാതെ മറ്റ് ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റും. പിന്നീട് എന്തെങ്കിലും കാരണം ഉണ്ടാക്കി പിരിച്ചുവിടുകയും ചെയ്യും.

ടെക്‌സ്റ്റെയിൽ മേഖലയിലെ തൊഴിലാളി ചൂഷണം തടയാൻ ലേബർ വകുപ്പ് നേരത്തെ തന്നെ ചില മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതൊക്കെ നഗ്നമായി ലംഘിക്കുകയാണ് സീമാസ് മാനേജ്‌മെന്റ്. അവധി ദിവസങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അധിക വേതനം നൽകാൻ മാനേജ്‌മെന്റ് തയ്യാറല്ലെന്ന പരാതിയും ജീവനക്കാർക്കുണ്ട്. മാന്യമായ ശമ്പള വർദ്ധനയും ബോണസും നൽകണമെന്ന തൊഴിലാളികളൂടെ തീർത്തും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം. ആലപ്പുഴയിലെ സീമാസിന് മുമ്പിൽ തൊഴിലാളികൾ നടത്തുന്ന സമരം വരും ദിവസങ്ങളിൽ തൊഴിലാളി സംഘടനകളും ഏറ്റെടുത്തേക്കും. ഓണക്കാലം ആയതിനാൽ സമരം തീർക്കാൻ മാനേജ്‌മെന്റ് മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷ.