ആലപ്പുഴ: ജില്ലാ കോടതി വളപ്പിൽ എംപിമാരുടെ ആസ്തി-വികസന ഫണ്ടിൽനിന്നും ലഭിച്ച തുകക്കൊണ്ട് നിർമ്മിച്ച ലൈബ്രററി കെട്ടിടം വാടകയ്ക്ക് നൽകി ബാർ അസോസിയേഷൻ പണം തട്ടുന്നു. വി എം. സുധീരൻ എംപിയായിരുന്ന സമയത്തു ഫണ്ടിൽനിന്നും അരക്കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിലാണ് കോർപ്പറേഷൻ ബാങ്കിന്റെ എടിഎം കൗണ്ടർ പ്രവർത്തിക്കുന്നത്. കൂടാതെ സ്വകാര്യ വ്യക്തി നടത്തുന്ന ബേക്കറിയുമുണ്ട്.

ലൈബ്രററി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ രണ്ടു കടമുറികളാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഔദ്യോഗികമായ ഉപയോഗം മാത്രമെ പാടുള്ളുവെന്ന് നിഷ്‌ക്കർശിച്ചിരിക്കെ കെട്ടിടം വാടകയ്ക്ക് നൽകിയത് വിവാദമാകുകയാണ്.

കഴിഞ്ഞ പത്തു കൊല്ലമായി കോടതി വളപ്പിൽ പ്രവർത്തിച്ചു വരുന്ന ലൈബ്രററി കെട്ടിടത്തിന്റെ താഴത്തെ മുറികളിൽ എടിഎം കൗണ്ടർ സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ടുക്കൊണ്ട് കോർപ്പറേഷൻ ബാങ്കിന്റെ ആലപ്പുഴ ശാഖയിൽനിന്നും മാനേജരുടെ പേരിൽ ബാർ അസോസിയേഷൻ പ്രസിഡന്റിന് കത്തയച്ചതായി രേഖകളിൽ കാണുന്നു. ഇതിൽ സർക്കാർ നിശ്ചയിക്കപ്പെട്ട വാടക തന്നുക്കൊള്ളാമെന്ന വാഗ്ദാനവും ഉണ്ട്.

കഴിഞ്ഞ മൂന്നുകൊല്ലമായി കോടതി വളപ്പിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിന്റെ വാടക ആര് വാങ്ങുന്നുവെന്നതിന് കോടതിയിലും രേഖകളില്ല. എന്നാൽ ബാങ്ക് ബാർ അസോസിയേഷന് അപേക്ഷ നൽകിയ രേഖ പുറത്തുവന്നതാണ് ഒളിച്ചുകളി പുറത്താകാൻ കാരണം. എടിഎം കൗണ്ടറിനോട് ചേർന്നുള്ള ബേക്കറിയുടെ വാടകയും ആര് വാങ്ങുന്നുവെന്നതിനും തെളിവില്ല.

ഇതുസംബന്ധിച്ച വിവരാവകാശ രേഖയിൽ എടിഎം കൗണ്ടറും ബേക്കറിയും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീൻ സൊസൈറ്റി പ്രസിഡന്റും ആലപ്പുഴ സ്വദേശിയുമായ ടി.എം. സന്തോഷ് നൽകിയ വിവരാവകാശ രേഖ പ്രകാരം കേരള ഹൈക്കോടതി അസിസ്റ്റന്റ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ സി.ആർ. വിജയകുമാരി നൽകിയ രേഖയിലാണ് എടിഎം കൗണ്ടറും ബേക്കറിയും പ്രവർത്തിക്കുന്നത് അനധികൃതമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

വാർത്തകൾ മൂടപ്പെടുന്നതിനാൽ വൻതട്ടിപ്പുകൾ പലതും പുറത്തുവരാതെ പോകുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. അപകടങ്ങൾ പറ്റി വർഷങ്ങളോളം ചികിൽസയിലായ പല നിർധനരുടെയും നഷ്ടപരിഹാര തുക പലയിടങ്ങളിലും അഭിഭാഷകർ തിരിമറി നടത്തുന്നതായി നിരന്തരം പരാതികളെത്തുന്നുണ്ട്. ആരും അറിയില്ലെന്ന ധാരണയും മാധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചതും മറയാക്കിയാണ് ഇപ്പോൾ കോടതിക്കുള്ളിൽ നിയമലംഘനം നടക്കുന്നത്.