ആലപ്പുഴ: ജില്ലയിലെ ചരിത്രസ്മാരകങ്ങൾ കാണാനാണ് കണ്ണൂരിൽനിന്നും ഡി വൈ എഫ് ഐ സംഘം ആലപ്പുഴയിൽ എത്തിയത്. ഈ സംഘത്തെയാണ് ചേർത്തല എസ് ഐ വിപിൻ ചന്ദ്രൻ മർദ്ദിച്ചെന്ന് ആരോപിച്ചിട്ടുള്ളത്. മർദ്ദനമേറ്റ കണ്ണൂർ മൊകേരി സ്വദേശികളായ ഷിജോരാജ്(27), ജിതിൻ(24) എന്നിവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പുന്നപ്ര രക്തസാക്ഷി മണ്ഡപം, കണ്ണർകാട് കൃഷ്ണപിള്ള സ്മാരകം, വയലാർ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങൾ സന്ദർശിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയത്. ഇവർ സഞ്ചരിച്ച വാഹനം ദേശീയപാതയിൽ മറ്റൊരു വാഹനവുമായി ഉരസിയത് വാക്കേറ്റത്തിന് ഇടയാക്കി.

ഇത് അറിയിക്കാനാണ് യുവ നേതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ സ്റ്റേഷനിലെത്തിയ ഇവർ വീണ്ടും ഇടിച്ച വാഹനത്തിലെ ഡ്രൈവറുമായി വാക്കേറ്റം നടത്തിയതായി പറയുന്നു. ബഹളം അതിരുവിട്ടതോടെയാണ് എസ് ഐ രംഗം കൈകാര്യം ചെയ്തത്. ഇതിനിടയിലാണ് എസ് ഐ നേതാക്കളെ മർദ്ദിച്ചതെന്ന് പറയുന്നു.

വാഹനങ്ങളുടെ ഡ്രൈവർമാർ തമ്മിൽ സംസാരിച്ച് പ്രശ്‌നം രമ്യമായി പരിഹരിച്ചതാണ് എസ് ഐയെ പ്രകോപിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറയുന്നു. സ്റ്റേഷനിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും നേതാക്കളെ വിട്ടയക്കാൻ എസ് ഐ തയ്യാറായില്ല. ഇതോടെ യുവാക്കൾ കണ്ണൂരിലെ സിപി എം നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

കണ്ണൂരിൽനിന്നും തലസ്ഥാനത്തേക്കും അവിടെനിന്ന് ചേർത്തലയിലേക്കും പ്രാദേശിക പാർട്ടി നേതാക്കളെ വിവരം അറിയിച്ചതോടെ പൊലീസ് സ്റ്റേഷനിലേക്ക് ഏരിയ സെക്രട്ടറി അടക്കമുള്ളവർ എത്തി. പിന്നീട് നേതാക്കളെ മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ രാജപ്പൻ നായർ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്യാംകുമാർ തുടങ്ങിയവർ സ്റ്റേഷനിൽ എത്തിയയിരുന്നു.

സംഭവം സംബന്ധിച്ച് ഇവർ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകി. സന്ദർശനത്തിനെത്തിയ യുവനേതാക്കളെ അകാരണമായി മർദ്ദിച്ച പൊലീസ് നടപടയിൽ പ്രാദേശിക ഘടകവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എസ് ഐയ്ക്കെതിരെ നേരത്തെയും പാർട്ടിയുടെ ഭാഗത്തുനിന്നും പരാതിയുയർന്നിരുന്നു. ഇപ്പോൾ വീണുകിട്ടയ അവസരം പ്രാദേശീക നേതാക്കൾ മുതലാക്കുമെന്നുതന്നെയാണ് പൊലീസിലെ ഒരു വിഭാഗം പറയുന്നത്.