കോതമംഗലം : തമിഴ് നാട്ടിൽ നിരവധി പേരുടെ മരണത്തിനും, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലും വൻ നാശം വിതച്ചു. എറണാകുളം ജില്ലയ്ക്കു മേൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ജാഗ്രത നിർദ്ദേശം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമർദ്ദമായി എറണാകുളം ജില്ലയിലൂടെ കടന്ന് ലക്ഷദ്വീപിലേക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. എറണാകുളത്തിനു പുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം-ഇടുക്കി ജില്ലകളിൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി സ്ഥലങ്ങളിൽ ഗതാഗതം മുടങ്ങി. കോതമംഗലം റവന്യൂ ടവർ പരിസരത്ത് നിന്നിരുന്ന മരം കാറ്റിൽ കടപുഴകി നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ പതിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്ത മൊഴിവായി .കാർ പാർക്ക് ചെയ്ത് യാത്രക്കാർ മാറിയതിന് പിന്നാലെയാണ് മരം കടപുഴകി വീണത്.നേര്യമംഗലം തട്ടേക്കണ്ണിയിൽ ഉരുൾപൊട്ടി ഗതാഗത തടസ്സം നേരിട്ടു.

കനത്ത മഴയെത്തുടർന്ന് മൂന്നാർ വട്ടവടയിൽ ഉരുൾപൊട്ടലുണ്ടായി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുൾപൊട്ടിയത്. പ്രദേശത്തെ രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത മഴയിൽ മുതിരപ്പുഴയാർ കരകവിഞ്ഞത് തീരങ്ങളിൽ താമസിക്കുന്നവരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ ഗജ ചുഴലിക്കാറ്റ് വീശിയടിച്ചതോടെയാണ് കേരളത്തിന്റെ വിവിധ മേഖലകളിൽ പുലർച്ചെ മുതൽ ശക്തമായ മഴ തുടങ്ങിയത്.

മണ്ണിടിഞ്ഞ് പന്നിയാർകുട്ടിയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവൽ മേഖലയിലും കനത്ത മഴയാണ്. തോടുകൾ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. നേര്യമംഗലം തട്ടേക്കണ്ണിയിൽ ഉരുൾപൊട്ടി വാഹനഗതാഗതം തടസപ്പെട്ടു. ചേലച്ചുവട് വണ്ണപ്പുറം റൂട്ടിൽ പഴയരിക്കണ്ടം റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പരിസരങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പഴയരിക്കണ്ടത് ഗതാഗതം നിലച്ചു. ഇടുക്കിയിൽ കനത്ത മഴപെയ്യുകയും , ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്തതോടെ പെരിയാറിൽ ജല നിരപ്പ് ഉയരുമെന്ന ആശങ്ക വ്യാപകമായിട്ടുണ്ട്ശക്തമായ മഴയും കാറ്റും കളകടർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കനത്ത മഴയും കാറ്റും കോതമംഗലം താലൂക്കിലും നാശ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. തഹസിൽദാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതതനിർദ്ദേശം. റവന്യൂദുരന്തനിവാരണ വിഭാഗത്തോട് ജാഗ്രത പാലിക്കുവാനും നിർദ്ദേശമുണ്ട്. താലൂക്കിലെ 13 വില്ലേജ് ഓഫീസുകൾക്കും തഹസിൽദാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വില്ലേജുകളിലും ആവശ്യമെങ്കിൽ ഇടപെടലുകൾ നടത്തുന്നതിന് രാത്രിയിലും ജീവനക്കാർ ഉണ്ടാകണമെന്നും തഹസിൽദാർ നിർദ്ദേശിച്ചിട്ടുണ്ട് . കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാള വരെയുള്ള ഭാഗങ്ങളിൽ നിരവധി സ്ഥലത്ത് മരങ്ങൾ മറിഞ്ഞു വീണിട്ടുണ്ട്. പല ഭാഗത്തും മണ്ണിടിഞ്ഞത് റോഡിൽ ചെറിയ ഗതാഗത തടസ്സത്തിനും കാരണമായി.

ദേശീയപാതയിൽ നേര്യമംഗലത്തും കറുകടത്തും മരം വീണുണ്ടായ ഗതാഗത തടസം ഫയർഫോഴ്‌സ് എത്തിമരം മുറിച്ച് മാറ്റിയാണ് പരിഹരിച്ചത്.കറുകടത്ത് വലിയ മരമാണ് റോഡിലേക്ക് വീണത്.ഇക്കാരണം കൊണ്ട് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസമുണ്ടയി.

നേര്യമംഗലം - ഇടുക്കി റോഡിലും കനത്ത മഴയിൽ മണ്ണിടിച്ചിലും മരവീണും തൽക്കാലിക ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റ് വലിയ കാർഷിക നാശമാണ് ഉണ്ടാക്കിയത്.നിരവധി കർഷകരുടെ വാഴ, കമുക്, റബ്ബർ എന്നിവക്ക് നാശമുണ്ടാക്കി.കാർഷിമേഖലയായ കോതമംഗലത്ത് കാറ്റുമൂലം വ്യാപക നാശനഷ്ട മുണ്ടായിട്ടുണ്ട്.കപ്പ ,വാഴ എന്നിവയാണ്പരക്കെ നശിച്ചിട്ടുള്ളത്.കനത്ത മഴയിൽ കോതമംഗലം നഗരം വെള്ളക്കെട്ടിൽ മുങ്ങി. കാറ്റിൽ വ്യാപാര സ്ഥാപന ങ്ങളുടെ ബോർഡുകളും മറ്റും തലങ്ങും വിലങ്ങും പറന്നു വീണ് നശിച്ചു .