കോഴിക്കോട്: മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമസിംഹൻ(അലി അക്‌ബർ) സംവിധാനം ചെയ്യുന്ന ചിത്രമാണ് '1921 പുഴ മുതൽ പുഴ വരെ'. ചിത്രത്തിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചിരുന്നു. ഇത് വിവാദമാകുകയാണ്. പരിവാർ കാഴ്ച പാടിലാണ് സിനിമ. എന്നിട്ടും മോദി സർക്കാരിന്റെ കീഴിലെ സെൻസർ ബോർഡ് വെട്ടുന്നതാണ് പരിവാറുകാരേയും പ്രകോപിപ്പിക്കുന്നത്.

ചിത്രം റീജിയണൽ സെൻസർ ബോർഡ് കാണുകയും മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആർഎസ്എസ് സൈദ്ധാന്തികനായ ടി.ജി മോഹൻദാസ്. സിനിമയിലെ നിർണായക സീനുകൾ കട്ട് ചെയ്തു കഴിഞ്ഞാൽ ചിത്രത്തിന് ജീവനുണ്ടാകില്ലെന്നും സിനിമ മോശമായതിന് പൊതുജനം രാമസിംഹനെ പഴിക്കുമെന്നും മോഹൻദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

ടി.ജി മോഹൻദാസിന്റെ കുറിപ്പ്

മാപ്പിള ലഹള ആധാരമാക്കി രാമസിംഹൻ (അലി അക്‌ബർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചു. രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ! നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും - വറ്റിയ പുഴ! ഒ.എൻ.വി എഴുതിയത് പോലെ:

വറ്റിയ പുഴ, ചുറ്റും

വരണ്ട കേദാരങ്ങൾ

തപ്തമാം മോഹങ്ങളെ

ചൂഴുന്ന നിശ്വാസങ്ങൾ!

ഓർമ്മയുണ്ടോ കശ്മീർ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ?:

ഗവൺമെന്റ് ഉൻകീ ഹോഗീ

ലേകിൻ സിസ്റ്റം ഹമാരാ ഹൈനാ??

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്.. അവർ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലർ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും! നിർണായക സീനുകൾ കട്ട് ചെയ്തു മാറ്റിയാൽ സിനിമയ്ക്ക് ജീവനുണ്ടാവില്ല.. സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!

DAMNED IF YOU ...DAMNED IF YOU DON'T -

നിസഹായനായി രാമസിംഹൻ നിൽക്കുന്നു - മുംബൈയിലെ തെരുവിൽ.. കത്തുന്ന വെയിലിൽ! കുറ്റിത്താടി വളർന്നുള്ളോൻ. കാറ്റത്ത് മുടി പാറുവോൻ. മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ, കണ്ണിൽ വെട്ടം ചുരത്തുവോൻ!