- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനികളോടു അപമര്യാദ, അസമയത്തെ പരിശോധന, മാനസിക പീഡനം; അസി. പ്രൊഫസർക്കെതിരേ പരാതിപ്രളയം; പുറത്താക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് വാഴ്സിറ്റി; മലപ്പുറം കാമ്പസിൽ ആറുദിവസമായി വിദ്യാർത്ഥി സമരം
മലപ്പുറം: അലിഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം കേന്ദ്രത്തിൽ വിദ്യാർത്ഥി സമരം ആറാം ദിവസത്തിൽ. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സമരം പ്രധാനമായും ഉന്നയിക്കുന്നത് പെൺകുട്ടികളോട് അപമര്യദയായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്ന ആവശ്യമാണ്. ആംബുലൻസ് വിട്ടു നൽകുന്നതിനും അനുബന്ധ നടപടികൾക്കുമായി സംഘടിച്ചപ്പോഴായ
മലപ്പുറം: അലിഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം കേന്ദ്രത്തിൽ വിദ്യാർത്ഥി സമരം ആറാം ദിവസത്തിൽ. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സമരം പ്രധാനമായും ഉന്നയിക്കുന്നത് പെൺകുട്ടികളോട് അപമര്യദയായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്ന ആവശ്യമാണ്.
ആംബുലൻസ് വിട്ടു നൽകുന്നതിനും അനുബന്ധ നടപടികൾക്കുമായി സംഘടിച്ചപ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തലും പരാതികളുമായി അദ്ധ്യാപകനെതിരെയുള്ള സമരത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ അദ്ധ്യാപകനെതിരെ പരാതിയുണ്ടായിട്ടും പുറത്തു പറയാൻ ഭയന്നിരുന്ന നിരവധി കുട്ടികൾ സമരമുഖത്ത് നിലയുറപ്പിക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖ സർവകലാശാലയുടെ പ്രധാനപ്പെട്ട ദക്ഷിണേന്ത്യൻ കാമ്പസായ മലപ്പുറം സെന്ററിൽ നിന്നും ഒട്ടും പന്തിയല്ലാത്ത വിവരങ്ങളാണ് പുറത്തു വരുന്നത്. വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങളാണ് മലപ്പുറം പെരിന്തൽ മണ്ണയിൽ സ്ഥിതിചെയ്യുന്ന അലിഗഢ് ഓഫ് കാമ്പസിൽ നടന്നത്. ഇതിനെതിരെ സന്ധിയില്ലാതെ സമരമുഖത്ത് ഉറച്ചുനിൽക്കുകയാണ് കാമ്പസിലെ ഒന്നടങ്കം വിദ്യാർത്ഥികളും.
കഴിഞ്ഞ ആഴ്ച വാഹനാപകടത്തിൽപ്പെട്ട് ക്യാമ്പസിലെ നാലു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആശുപത്രിയിൽ പോകാൻ സെന്ററിനു കീഴിൽ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവറില്ലെന്ന കാരണത്താൽ അധികൃതർ വിട്ടു കൊടുത്തിരുന്നില്ല. ഈ സമയം ഡയറക്ടർ ചുമതലയിൽ ഉണ്ടായിരുന്നത് അസിസ്റ്റന്റ് പ്രൊഫസർ എം.എച്ച് ഫരീദിയായിരുന്നു. വിദ്യാർത്ഥികൾ പലതവണ ആവശ്യപ്പെട്ടിട്ടും ആംബുലൻസ് വിട്ടു നൽകാൻ തയ്യാറായിരുന്നില്ല. ഇതോടെ കാമ്പസിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി സമരം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മാനേജ്‌മെന്റ്, ലോ, ബി.എഡ് ഡിപ്പാർട്ട്‌മെന്റുകളിലായി ആകെ 320 വിദ്യാർത്ഥികളാണ് നിലവിൽ മലപ്പുറം സെന്ററിൽ പഠനം നടത്തുന്നത്.
ഇതിൽ 70 മലയാളികളും ബാക്കി ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്നുമുള്ള വിദ്യാർത്ഥികളുമാണ്. എന്നാൽ കാമ്പസ് ആരംഭിച്ചതിനു ശേഷം എല്ലാവരും ഒരുമിച്ചു ചേർന്നുള്ള സമരം ആദ്യമായിട്ടായിരുന്നു പെരിന്തൽമണ്ണ കാമ്പസിൽ നടന്നത്. ഇത്തരമൊരു സമരകൂട്ടായ്മ ഉണ്ടായതോടെ മലയാളികളും ഉത്തരേന്ത്യൻ വിദ്യാർത്ഥിനികളും അദ്ധ്യാപകനിൽ നിന്നും നേരിട്ടു കൊണ്ടിരുന്ന നിരന്തര പീഡനങ്ങളുടെയും പ്രയാസങ്ങളുടെയും കഥ പുറത്തുപറയുകയായിരുന്നു. അറുപതു ശതമാനം ഇന്റേണൽ മാർക്ക് നഷ്ടപ്പെടാതിരിക്കാൻ പല സംഭവങ്ങളും പുറത്തുപറയാതിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പലരോടും മുറിയിലേക്കു വരാൻ ആവശ്യപ്പെടുമായിരുന്നുവെന്നും വിദ്യാർത്ഥിനികൾ ഇപ്പോൾ പറയാൻ ധൈര്യപ്പടുന്നുണ്ട്.
ലോ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ബീഹാർ സ്വദേശിയുമായ ഡോ. എം.എച്ച് ഫരീദിക്കെതിരെയാണ് വിദ്യാർത്ഥികൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സമരം നടത്തിക്കൊണ്ടിരിക്കുന്നത്. അസമയങ്ങളിൽ ഈ അദ്ധ്യാപകൻ ഗേൾസ് ഹോസ്റ്റലിൽ കയറി നിരങ്ങുന്നതായും പല പെൺകുട്ടികൾക്കും മോശമായ പെരുമാറ്റം നേരിട്ടതായും വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. രാത്രിസമയങ്ങളിൽ അദ്ധ്യാപക- വിദ്യാർത്ഥി പരിധിവിട്ട് പെൺകുട്ടികളെ വിളിക്കുന്നതും ഫോട്ടോകൾ അയക്കുന്നതുമായ സംഭവങ്ങൾ വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ഒരു വർഷം മുമ്പ് മലപ്പുറം അലിഗഢ് കാമ്പസിൽ ഇതേ അദ്ധ്യാപകന്റെ ചെയ്തികളിൽ പൊറുതിമുട്ടി ഒരു വിദ്യാർത്ഥിനി ആത്മഹത്യയുടെ വക്കിലെത്തുകയും ഒടുവിൽ ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്നുള്ള ഈ വിദ്യാർത്ഥി സെന്റർ മാറി മുർഷിദാബാദ് സെന്ററിലേക്ക് മാറിപ്പോകുകയും ചെയ്തിരുന്നു.
സെന്ററിലെ അദ്ധ്യാപിക ഈ വിദ്യാർത്ഥിനിയുമായി നടത്തിയ ഫോൺ സംഭാഷണം ചോർത്തുകയും ഇതു പ്രചരിപ്പിക്കുകയുമായിരുന്നു ഫരീദി ചെയ്തിരുന്നത്. ഇതിൽ മാനസികമായി തകർന്ന ഈ കുട്ടി സെന്റർ മാറി പോകുകയാണുണ്ടായത്. എന്നാൽ സ്വകാര്യതയിൽ കടന്നുകയറുകയും ഫോൺ സംഭാഷണം ചോർത്തുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടി അദ്ധ്യാപിക എം.എച്ച് ഫരീദിക്കെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടന്നു വരികയാണ്. കാമ്പസിന്റെ അധികാരവും ആക്റ്റിങ് ഡയറക്ടർ പദവിയുമുള്ള എം.എച്ച് ഫരീദി ഈ അദ്ധ്യാപികയെ മാനസികമായി പീഡിപ്പിച്ചതോടെ ഇവിടെനിന്നും ജോലി മാറ്റം വാങ്ങി ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലേക്ക് മാറി.
ഇതിനു പുറമെ ഗേൾസ് ഹോസ്റ്റൽ വാർഡനായി ജോലി ചെയ്തിരുന്ന മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറും എം.എച്ച് ഫരീദിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. അസമയങ്ങളിൽ കാരണം കൂടാതെ ഹോസ്റ്റലിലെത്തി പെൺകുട്ടികൾക്ക് ഉപദ്രവമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാതി. പിന്നീട് വാർഡൻ സ്ഥാനത്തു നിന്നും ഈ അദ്ധ്യാപികയെ മാറ്റുകയും ചെയ്തു. ഈ വർഷം വീണ്ടും വാർഡൻ തസ്തികയ്ക്കായി ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ബോർഡിൽ ഉണ്ടായിരുന്ന എം.എച്ച് ഫരീദി ഈ അദ്ധ്യാപികയെ തഴയുകയും ഫരീദിയുടെ നാട്ടുകാരിയായ മറ്റൊരു അദ്ധ്യാപികയെ നിയമിക്കുകയുമായിരുന്നു. ഈ അദ്ധ്യാപികയും സ്ഥലം മാറി മറ്റൊരു കാമ്പസിലേക്ക് പോകുകയാണുണ്ടായത്.
ആളൊഴിഞ്ഞ കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന കാമ്പസിൽ വിദ്യാർത്ഥി യൂണിയനോ സംഘടനാ പ്രവർത്തനങ്ങളോ അനുവദനീയമല്ല. വിദ്യാർത്ഥി യൂണിയനുകൾ അലിഗഢ് മെയിൻ കാമ്പസിലടക്കം അനുവദനീയവും സുശക്തവുമാണെന്നിരിക്കെയാണിത്. മലപ്പുറം കേന്ദ്രത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറം ലോകമറിയാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമരങ്ങൾ മീഡിയാ ശ്രദ്ധ പിടിച്ചുപറ്റിയതോടെ പുറം ലോകമറിഞ്ഞു തുടങ്ങി. മന്ത്രി മഞ്ഞളാംകുഴി അലിയുടെ മണ്ഡലത്തിലാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. മന്ത്രിയോടും മറ്റു ജനപ്രതിനിധികളോടും വിഷയം സൂചിപ്പിച്ചിട്ടുണ്ട്. വനിതാ കമ്മീഷൻ അടക്കമുള്ളവർക്ക് ഇന്ന് പരാതി നൽകുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കാമ്പസിന്റെ സമാധാന അന്തരീക്ഷവും വികസന മുരടിപ്പും ഇല്ലാതാക്കണമെങ്കിൽ പ്രൊഫസർ എം.എച്ച് ഫരീദിയെ മാറ്റണമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
അതേസമയം സമരത്തിൽ നിന്നും പിൻതിരിയാൻ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ഫരീദി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കേന്ദ്രത്തിലും അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ ഭരണസിരാ കേന്ദ്രങ്ങളിലും വ്യക്തമായ സ്വാധീനമാണ് ഫരീദിക്ക് ബലം നൽകുന്നത്. താൽകാലിക നിയമനത്തിൽ ജോലിചെയ്യുന്ന ഫരീദിക്ക് ഉന്നതങ്ങളിലുള്ള ബന്ധമാണ് നടപടിയെടുക്കാൻ അധികൃതർ മടിക്കുന്നതും. രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ഇന്നലെ യോഗം ചേർന്നിരുന്നു. എന്നാൽ അദ്ധ്യാപകന്റെ മാറ്റമല്ലാതെ യാതൊരു വിട്ടു വീഴ്ചക്കും ഇവർ തയ്യാറല്ലെന്നും അദ്ധ്യാപകൻ താൽക്കാലികമായി അവധിയിൽ പ്രവേശിക്കണമെന്നും ഇവർ ഡയറക്ടർ ഡോ.അബ്ദുൽ അസീസിനെ അറിയിച്ചിരുന്നു. അലിഗഢ് മെയിൻ കാമ്പസിൽ നിന്നും പുറപ്പെട്ട അന്വേഷണ കമ്മറ്റി ഇന്ന് കാമ്പസിൽ എത്തുമെന്നും ഇതിൽ പരിഹാരമുണ്ടാകുമെന്നും അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമരത്തിൽ വിദ്യാർത്ഥികൾ ഇപ്പോഴും ഉറച്ചു നിൽക്കുകയും കാമ്പസിലെ ഡിപ്പാർട്ട്‌മെന്റുകളെല്ലാം അടഞ്ഞു കിടക്കുകയും ചെയ്യുന്ന കാഴ്ചയാണിപ്പോൾ.