തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മറ്റന്നാൾ സർവകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. മറ്റന്നാൾ രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. പുനഃ പരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. മണ്ഡലകാലം വൃശ്ചികം ഒന്നിന് തുടങ്ങുന്ന സാഹചര്യത്തിൽ തീർത്ഥാടനം സംഘർഷരഹിതമായി കൊണ്ടുപോകാൻ സമവായം തേടുകയാണ് പിണറായി വിജയന്റെ ലക്ഷ്യം.

ആവശ്യമെങ്കിൽ സർവകക്ഷിയോഗം വിളിക്കുമെന്ന് ദേവസ്വം മന്ത്രിയും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നത്. പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചതോടെ ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ച് നിയമവശം ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നാണ് പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയത്.

സുപ്രീംകോടതി വിധി എന്തായാലും അതു നടപ്പിലാക്കുക എന്നതാണു സർക്കാരിന്റെ ഉത്തരവാദിത്തമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സുപ്രീംകോടതി പറഞ്ഞതാണു സർക്കാരിന്റെ അഭിപ്രായം. വിധിയെക്കുറിച്ചു പഠിക്കേണ്ടതുണ്ട്. കൂട്ടായ ആലോചന നടത്തി തുടർനടപടികൾ തീരുമാനിക്കും. മുഖ്യമന്ത്രിയുമായും ആലോചിക്കണം. സർക്കാർ പറയുന്നതിൽനിന്നു മാറുന്നില്ല. വിധി സർക്കാരിന് ആശ്വാസമാണോ എന്ന ചോദ്യത്തിന് എല്ലാം സർക്കാരിന് ആശ്വാസമാണെന്നു മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ കൂടുതൽ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്ന ശബരിമലയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തിൽ നിർബന്ധിച്ച് സ്ത്രീകളെ കയറ്റി സ്ഥിതി ഗതികൾ ഗുരുതരമാക്കരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

മണ്ഡല കാലത്തേക്കുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഭക്തരുടെ വികാരങ്ങൾ സർക്കാർ കണക്കിലെടുക്കണം. ഭക്തരുടെ വികാരം സംരക്ഷിക്കാൻ കോൺഗ്രസ് അവസാനം വരെയും പോരാടും. സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അന്തിമ വിധി വരുംവരെ യുവതീപ്രവേശം പാടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പ്രതികരിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ വിവേചനാധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി തീരുമാനം സ്വാഗതാർഹമാണെന്നു ശ്രീധരൻപിള്ള ആദ്യം പ്രതികരിച്ചിരുന്നു. ജനമുന്നേറ്റം തുടരും. ശബരിമലയിൽ വെറുതെ വിവാദം സൃഷ്ടിച്ചു കേരളം കലാപഭൂമിയാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം. കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുകയാണു സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സർക്കാരിന് ഒരു സുവർണ അവസരമാണെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി.കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സുവർണ അവസരം ഉപയോഗിക്കാൻ സർക്കാർ തയ്യാറായാൽ ജനങ്ങളുടെ അനുകൂല അഭിപ്രായം സർക്കാരിനുണ്ടാകും. യുവതീ പ്രവേശന കാര്യത്തിൽ സർക്കാർ ധൃതി കാട്ടുകയാണെങ്കിൽ ഭക്തജനങ്ങൾ പ്രതിരോധം തീർക്കുക തന്നെ ചെയ്യും.
യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നതെങ്കിൽ സ്വാഭാവികമായും ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച പ്രതികരണം ഉണ്ടാകുമെന്ന് തില്ലങ്കേരി പറഞ്ഞു. ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ഭക്തജനങ്ങൾ നാമജപവും സമാധാനപരവുമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ശബരിമലയ്ക്ക് കാവലാളായ കോടിക്കണക്കിന് ഭക്തന്മാരുടെ പ്രാർത്ഥനയും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാരുടെ സാന്നിധ്യവും മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ ഉണ്ടാകുമെന്ന് തില്ലങ്കേരി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് സ്‌റ്റേ തേടി സർക്കാർ സമീപിക്കണമെന്നാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവർമ പ്രതികരിച്ചത്. ദേവസ്വം ബോർഡ് തീർത്ഥാടനം സുഗമമാക്കാൻ വേണ്ട്ത ചെയ്താൽ തങ്ങൾ സഹകരിക്കുമെന്നും അദ്ദേഹം സൂചപ്പിച്ചു. നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരങ്ങൾക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂർവമായ തീരുമാനം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എടുക്കുമെന്നാണു വിശ്വാസമെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

മണ്ഡല-മണ്ഡല വിളക്ക് തീർത്ഥാടനം 16 ന് ആരംഭിക്കാനിരിക്കെ 15 ന് ചേരുന്ന യോഗം നിർണായകമാകും. തീർത്ഥാടനം സുഗമമായി നടത്താനുള്ള സമവായ സാധ്യതകളാവും സർക്കാർ തേടുക. എന്നാൽ, സുപ്രീംകോടതി യുവതീപ്രവേശന വിധി സ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ എന്തുവേണമെന്ന കാര്യത്തിൽ കൂടിയാലോചനയ്ക്കുള്ള അവസരം തെളിഞ്ഞിരിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചപ്പോൾ തന്ത്രിമാരും പന്തളം കൊട്ടാരവും പങ്കെടുക്കാൻ വിസ്സമ്മതിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സാഹചര്യം മാറിയിരിക്കുകയാണ്. പന്തളം കൊട്ടാരം തന്നെ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.