തിരുവനന്തപുരം: പണമുണ്ടാക്കാനുള്ള എളുപ്പവഴി ബാങ്ക് കവർച്ചയാണെന്ന ഉപദേശം നൽകിയതും കവർച്ചയുടെ മാസ്റ്റർപഌൻ ബാങ്ക് സന്ദർശിച്ച് തയ്യാറാക്കിയതും പ്രതികളിലൊരാളുടെ ഭാര്യയായ അമ്മുവെന്ന സ്ത്രീയാണെന്നറിഞ്ഞ് ഞെട്ടി അന്വേഷണ സംഘം. മുഖ്യപ്രതി മെറിൻ സ്വീറ്റിൻ എന്ന കൊടും ക്രിമിനൽ പിടിയിലായതോടെ വെളിപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാകവർച്ചയിൽ പങ്കെടുത്ത പ്രതികളിലൊരാളുടെ ഭാര്യയാണ് എല്ലാം പഌൻ ചെയ്തതെന്ന് പൊലീസ് തിരിച്ചറിയുന്നത്.

കേസിലെ പ്രതിയായ, നേരത്തേ പിടിയിലായ ഷൈജുവിന്റെ ഭാര്യ സിന്ധു എന്ന അമ്മുവാണ് പ്രതിയെന്ന് പൊലീസിന് നേരത്തേ ചെറിയൊരു സൂചനപോലും ലഭിച്ചിരുന്നില്ല. ഷൈജുവിനെ അറസ്റ്റു ചെയ്തപ്പോഴും ഗർഭിണിയായിരുന്ന അമ്മുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. പിടിയിലായാൽ പരസ്പരം പേര് വെളിപ്പെടുത്തരുതെന്നും എല്ലാ കുറ്റവും സ്വയം ഏൽക്കണമെന്നുമുള്ള ധാരണ ആരോ തെറ്റിച്ചു എന്ന ചിന്തയിലാണ് ഇപ്പോൾ പിടിയിലായ മുഖ്യപ്രതി മെറിൻ സ്വീറ്റിൻ അമ്മുവിന്റെ പേര് വെളിപ്പെടുത്തുന്നത്. ഇതോടെയാണ് പാങ്ങോട്ടെ ബാങ്ക് കവർച്ചയുടെ യഥാർത്ഥ ചിത്രം പൊലീസിന് ലഭിക്കുന്നത്. 

ഏതു ബാങ്ക് കൊള്ളയടിക്കണമെന്ന് നിശ്ചയിച്ചതും കവർച്ചയ്ക്കുള്ള രൂപരേഖ തയ്യാറാക്കിതും അമ്മുവാണ്. അത്യാവശ്യം മുന്നൊരുക്കംകൂടി അമ്മു നടത്തി. ആ പെൺബുദ്ധി വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് പാങ്ങോട് സർവീസ് സഹകരണ ബാങ്കിന്റെ ലോക്കറിൽ നിന്ന് സംഘം 300 പവനും ഒന്നേകാൽ ലക്ഷം രൂപയും കവരുന്നത്. ബാങ്ക് കവർച്ചക്കേസിൽ മോഷ്ടാക്കൾ ഒന്നൊന്നായി കുടുങ്ങിയപ്പോഴും ആരും അമ്മുവിന്റെ പേര് പറഞ്ഞില്ല. ഒടുവിൽ മെറിനാണ് കവർച്ചയ്ക്ക് പിന്നിലെ പെൺബുദ്ധി പൊലീസിനോട് വെളിപ്പെടുത്തിയത്.

ചെങ്ങന്നൂരിലെ താഴികക്കുടം കവർച്ചയിലും ചെറുവാരക്കോണത്തെ ബാങ്ക് കവർച്ചയിലും സാമ്പത്തികമായി ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻകഴിയാതെ പോയതിൽ നിരാശരായ മെറിൻസ്വീറ്റിനും ഷൈജുവും റെജിയുമുൾപ്പെട്ട സംഘം കൈനിറയെ പണം കിട്ടുന്ന അടുത്ത ഓപ്പറേഷനെപ്പറ്റി ആലോചിക്കുമ്പോഴാണ് അമ്മു തന്റെ മനസ്സിലെ ആശയം പുറത്തുവിടുന്നത്. ആദ്യം കാര്യമായ ഒരു കവർച്ച നടത്തി ആവശ്യത്തിന് പണമുണ്ടാക്കിയശേഷം എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കാമെന്നായിരുന്നു ആ തീരുമാനം. ഭർത്താവിനും കൂട്ടാളികൾക്കും പാങ്ങോട് ബാങ്ക് കവർച്ച ചെയ്താൽ ലക്ഷ്യം നേടാമെന്ന് ഉപദേശിച്ചത് അമ്മുവായിരുന്നു. അമ്മയോടൊപ്പം മുമ്പ് സ്വർണം പണയം വയ്ക്കാനും മറ്റും ബാങ്കിലെത്തിയിട്ടുള്ള അമ്മുവിന് അവിടത്തെ തിരക്കും ബിസിനസും അറിയാവുന്നതിനാലാണ് അവിടം തിരഞ്ഞെടുത്തത്. അമ്മു പറഞ്ഞത് ശരിവച്ച സംഘം ബാങ്കിനകം നിരീക്ഷിക്കാനും മോഷണത്തിന്റെ സ്‌കെച്ചും പ്‌ളാനും തയ്യാറാക്കാനും ഷൈജുവിനെ നിയോഗിച്ചു. ഭർത്താവുമൊത്ത് അടുത്തദിവസം ബാങ്കിലെത്തിയ അമ്മു ബാങ്കിനുള്ളിൽ സി.സി ടി.വി കാമറകളില്ലെന്ന് കണ്ടെത്തി.

പുറത്തേക്കുള്ള വാതിലുകളും സ്‌ട്രോംഗ് റൂമിന്റെ സ്ഥാനവും മനസിലാക്കി കവർച്ചയുടെ എല്ലാ പഌനും ശരിയാക്കി. അടുത്ത ദിവസം രാത്രിയിൽ റെജിയും മെറിനുമായി മാരുതി വാനിലെത്തിയ ഷൈജു ഇടപ്പഴഞ്ഞി മാർക്കറ്റിന് സമീപം കാർ പാർക്ക് ചെയ്ത് രാത്രികാല നിരീക്ഷണം നടത്തി. രണ്ട് ദിവസം കഴിഞ്ഞാണ് റെജിയുടെ സഹായത്തോടെ ഗ്യാസ് കട്ടറുപയോഗിച്ച് ലോക്കർ പൊളിച്ച് കവർച്ച നടത്തിയത്. അന്നു രാത്രിതന്നെ സംഘം അമ്മുവും ഷൈജുവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി തൊണ്ടിമുതലുകൾ വീതം വച്ചു. ഷെയറിലൊരുഭാഗം അമ്മുവിനും നൽകിയിരുന്നെങ്കിലും സംഭവത്തിൽ ആദ്യം പൊലീസ് പിടിയിലായ ഷൈജുവോ മെറിനൊഴികെയുള്ള കൂട്ടാളികളോ ഇതൊന്നും പറഞ്ഞില്ല. മെറിൻ സ്വീറ്റിന്റെ വെളിപ്പെടുത്തലോടെ കേസിൽ അമ്മുവിനെയും പ്രതിയാക്കി തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് .

പാങ്ങോട് ബാങ്ക് കവർച്ചക്കേസിൽ അമ്മുവിന്റെ ഭർത്താവായ തെന്മല സ്വദേശി ഷൈജുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാളുടെ ഭാര്യ ഉൾപ്പെട്ടതായി അയാളാ കൂട്ടാളികളോ വെളിപ്പെടുത്തിയിരുന്നില്ല. കവർച്ചാ മുതലുകൾ വീതിച്ച സമയത്ത് പരസ്പരം ഒറ്റുകാരാകാൻ പാടില്ലെന്നും പൊലീസ് പിടിച്ചാൽ കുറ്റം സ്വയമേറ്റ് മറ്റുള്ളവരെ രക്ഷിക്കണമെന്നുമായിരുന്നു ധാരണ. എന്നാൽ കവർച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ മെറിൻ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കവർച്ചയ്ക്ക് പിന്നിലെ രഹസ്യങ്ങൾ വള്ളിപുള്ളിവിടാതെ വിശദീകരിച്ചപ്പോഴാണ് അമ്മുവും ചിത്രത്തിൽ വന്നത്.

കവർച്ചയ്ക്ക് പിന്നിൽ താനുമുണ്ടെന്ന് പൊലീസിനോട് മറ്റ് പ്രതികൾ പറഞ്ഞതിലുള്ള പകകൊണ്ടാണ് മെറിൻ സ്വീറ്റിൻ അമ്മുവിന്റെ പങ്കും തുറന്നുപറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ബാങ്ക് കവർച്ചക്കേസിൽ ഭർത്താവായ ഷൈജുവുൾപ്പെടെയുള്ളവർ അറസ്റ്റിലാകുമ്പോൾ ഗർഭിണിയാണെന്ന കാരണത്താൽ അമ്മുവിനെ വിശദമായി ചോദ്യം ചെയ്യാനോ ബുദ്ധിമുട്ടിക്കാനോ തയ്യാറാകാതിരുന്ന പൊലീസ് , കേസിൽ അമ്മുവിനെയും പ്രതിയാക്കിയതോടെ ഉടൻ അറസ്റ്റിനുള്ള തയ്യാറെടുപ്പിലാണ്.