- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങളുടെ നീന്തൽ പരിശീലനം വമ്പന്മാരുടെ നീന്തൽ കസർത്തിന് അലോസരമാകാതിരിക്കാൻ പാതിരാത്രിയിലാക്കി; കടവന്ത്രയിലെ റീജിണൽ സ്പോർട്സ് സെന്റർ അധികൃതരുടെ തന്നിഷ്ടത്തിനെതിരെ രക്ഷിതാക്കൾ
കൊച്ചി: നീന്തൽ ചാമ്പ്യൻഷിപ്പിനു വേണ്ടി കുട്ടികൾ പരിശീലനം നടത്തുന്നതു പുലർച്ചെ മൂന്നിന്. പകൽ സമയത്തു നീന്തൽകുളം അവിടെനിന്നെങ്ങോട്ടും പോകുന്നില്ല. പക്ഷേ വമ്പന്മാർ രാവിലെയും വൈകുന്നേരങ്ങളിലുമൊക്കെയെത്തുമ്പോൾ അവർക്ക് അലോസരമുണ്ടാക്കാൻ കുട്ടികളും കായികതാരങ്ങളും അവിടെ പാടില്ലെന്നാണു കിട്ടിയിരിക്കുന്ന ഉത്തരവ്. കടവന്ത്രയിലെ റീജ
കൊച്ചി: നീന്തൽ ചാമ്പ്യൻഷിപ്പിനു വേണ്ടി കുട്ടികൾ പരിശീലനം നടത്തുന്നതു പുലർച്ചെ മൂന്നിന്. പകൽ സമയത്തു നീന്തൽകുളം അവിടെനിന്നെങ്ങോട്ടും പോകുന്നില്ല. പക്ഷേ വമ്പന്മാർ രാവിലെയും വൈകുന്നേരങ്ങളിലുമൊക്കെയെത്തുമ്പോൾ അവർക്ക് അലോസരമുണ്ടാക്കാൻ കുട്ടികളും കായികതാരങ്ങളും അവിടെ പാടില്ലെന്നാണു കിട്ടിയിരിക്കുന്ന ഉത്തരവ്. കടവന്ത്രയിലെ റീജിണൽ സ്പോർട്സ് സെന്ററിലാണ് വമ്പന്മാരുടെ സൗകര്യം നോക്കി ഭാവിയിലെ കായികതാരങ്ങൾ അച്ഛനമ്മമാരുമായി പാതിരാത്രി ചൂട്ടും കത്തിച്ചിറങ്ങേണ്ടി വരുന്നത്. അടുത്തമാസമാണ് സംസ്ഥാന ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പ്. ഒരു മാസത്തേക്കാണ് കടവന്ത്ര റീജണൽ സ്്‌പോർട്‌സ് സെന്ററിലെ നീന്തൽ കുളത്തിൽ പരിശീലനമുള്ളത്.
പുലർച്ചെ മൂന്നിനെത്താൻ എറണാകുളം ജില്ലയുടെ അതിർത്തിപ്രദേശങ്ങളിലുള്ളവരൊക്കെ പാതിരാത്രിയിൽ വീട്ടിൽനിന്നു പോരണമെന്നതും എങ്ങനെ എത്തണമെന്നതും പ്രശ്‌നങ്ങളാണ്. ചുരുക്കം പറഞ്ഞാൽ പണവും സ്വാധീനവുമുള്ളവർക്കു തിമിർക്കാൻ വേണ്ടി ഒമ്പതിനും 13-നും മധ്യേയുള്ള കുട്ടികൾ വഴിമാറിക്കൊടുക്കേണ്ടി വന്നിരിക്കുകയാണ്.
നഗരത്തിലെ കണ്ണായ സ്ഥലത്ത് സർക്കാർഭൂമിയിൽ നിർമ്മിച്ച പ്രാദേശിക കായികകേന്ദ്രമായ റീജിണൽ സ്പോർട്സ് സെന്റർ സർക്കാർ നേതൃത്വം നൽകുന്ന പരിപാടികൾക്കും പരിശീലനങ്ങൾക്കും മുൻതൂക്കം നൽകേണ്ടതിനു പകരം സർക്കാരും ജില്ലാ സ്പോർട്സ് കൗൺസിലും തിരഞ്ഞെടുത്ത കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് വൻനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു പോലും പുലർച്ചെ മൂന്നുമണിയോടെ ഇവിടെയെത്തി രണ്ടു മണിക്കൂർ പരിശീലനം നടത്തി പോകേണ്ട അവസ്ഥയാണുള്ളത്. മധ്യവയസ്‌കരും വയോധികരുമായ വമ്പന്മാരുടെ താത്പര്യവും സൗകര്യവും പരിഗണിച്ചപ്പോൾ ഭാവിയിലെ കായികതാരങ്ങൾ ഔട്ടായി.
സ്ഥിരമായി രാവിലെ ആറു മണിയോടെ നീന്തൽകുളത്തിലിറങ്ങി നീരാടുന്ന വമ്പന്മാരുടെ സംഘത്തിന് കുട്ടികളുടെ പരിശീലനം മൂലം കൃത്യമായും സ്വസ്ഥമായും വ്യായാമം നടത്താനാകുന്നില്ലെന്ന കാരണം പറഞ്ഞാണ് അഞ്ചു മണിക്ക് നടത്തേണ്ട പരിശീലനത്തിന് സമയമാറ്റം നടത്തിയതെന്നാണ് ആക്ഷേപം. തങ്ങൾ നീന്താനായി വരുമ്പോൾ കുളത്തിൽ കുട്ടികളെ കാണരുതെന്ന് പ്രമുഖൻ ഭരണസമിതി അംഗങ്ങളോട് ഉത്തരവിട്ടതായും ആരോപണമുണ്ട്. സർക്കാർ പണിതതാണെങ്കിലും ഇപ്പോൾ സമാന്തര ഭരണസമിതിക്കാണ് റീജിണൽ സ്പോർട്സ് സെന്ററിന്റെ ഭരണ നിർവ്വഹണചുമതല. ജില്ലാ കളക്ടറാണ് സ്ഥാപനത്തിന്റെ ചെയർമാൻ.
എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും അദ്ദേഹത്തിന് അറിവില്ലെന്നും ചില വ്യവസായികളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പറയുന്നു. പലരും സ്‌പോർട്‌സുമായി യാതൊരുരു ബന്ധവുമില്ലാത്തവരാണ്. നീന്തൽക്കുളത്തിലെ കുട്ടികളുടെ പരിശീലന സമയത്തും അംഗങ്ങളായ ചിലരെത്തി കുളത്തിന് കുറുകെ നീന്തി പരിശീലനം കുളമാക്കാൻ നോക്കിയതും വലിയ ചർച്ചയായിരുന്നു. പുലർച്ചെ മൂന്നു മണിക്ക് കൊച്ചുകുട്ടികളെയും കൊണ്ട് പരിശീലനത്തിനെത്തുന്ന രക്ഷിതാക്കളും ഈ സമയക്രമത്തിൽ ക്ഷുഭിതരാണ്. എങ്കിലും സമൂഹത്തിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരുടെ മുഖത്തുനോക്കി ഇക്കാര്യമൊന്നും പറയാനുള്ള ധൈര്യം അവർക്കില്ല. കുട്ടികളുടെ നീന്തൽ പരിശീലനത്തിനായി രക്ഷിതാക്കളുടെ ദിനചര്യകൾ പലതും മാറ്റിവച്ചിരിക്കുകയാണിപ്പോൾ. റീജിണൽ സ്പോർട്സ് സെന്റർ കൂടാതെ നഗരത്തിലെ മറ്റു രണ്ടു സ്വകാര്യ സ്‌കൂളുകളുടെ കുളത്തിലും പരിശീലനം നടക്കുന്നുണ്ട്.
അവിടെയെല്ലാം കൃത്യസമയത്ത് പരിശീലനം നടക്കുമ്പോഴാണ് വിശിഷ്ട വ്യക്തികൾക്കെന്നും പറഞ്ഞ് ഭാവിയിലെ കായികതാരങ്ങളെ സർക്കാർ ഭൂമിയിൽ അവഹേളിക്കുന്നത്. എന്നാൽ അംഗങ്ങൾ ഒന്നര ലക്ഷം രൂപ വരെ ഫീസ് കെട്ടുന്നവരാണെന്ന മറുവാദമാണ് അംഗങ്ങളിൽ ഒരുവിഭാഗം ഉന്നയിക്കുന്നത്.കുകുട്ടികൾ പരിശീലനം കഴിഞ്ഞുപോകും വരെയെങ്കിലും ആരോഗ്യ പരിരക്ഷക്കായുള്ള കുബേരന്മാരുടെ വ്യായാമ കസർത്തിന്റെ സമയം ഒന്ന് മാറ്റിക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട്.