കണ്ണൂർ: സ്വന്തം മകനെ സ്വകാര്യ സ്‌ക്കൂളിൽ പഠിപ്പിക്കുന്നു എന്ന വിവാദം ഉയർന്നപ്പോൾ സർക്കാർ സ്‌ക്കൂളിലേക്ക് മാറ്റി അഡ്‌മിഷൻ എടുത്ത സിപിഎം യുവ എം.എൽഎ വിവാദങ്ങൾ അടങ്ങിയപ്പോൾ മകനെ വീണ്ടും സർക്കാർ സ്‌ക്കൂളിൽ നിന്നും മാറ്റി സ്വകാര്യ സ്‌ക്കൂളിൽ ചേർത്തു. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കണം എന്നാഹ്വാനം ചെയ്ത് കലണ്ടർ ഇറക്കിയതിനെ തുടർന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. വിവാദങ്ങൾ ചൂടുപിടിച്ചപ്പോൾ പാർട്ടി നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ പൊതു പള്ളിക്കൂടത്തിൽ ചേർത്ത മകനെ പ്രശ്നമടങ്ങിയപ്പോൾ എംഎ‍ൽഎ. വീണ്ടും സ്വകാര്യ സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതു സംബന്ധിച്ച് ഷംസീറിനെതിരേ കണ്ണൂർ സിപിഎമ്മിൽ അമർഷം പുകയുകയാണ്. സമീപകാലത്ത് എംഎ‍ൽഎൽ. നടത്തിയ പല ഇടപെടലുകളിലും സമാനമായി പാർട്ടിക്ക് നീരസമുള്ളതായാണ് വിവരം..

വിവാദമുണ്ടായ 2017ൽ ഷംസീറിന് പിശകുപറ്റിയെന്നും പിശകാണെന്നു മനസിലായപ്പോൾ അത് തിരുത്തുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പറഞ്ഞിരുന്നു. ഇതനുസരിച്ച് കണ്ണൂരിലെ സെന്റ്മൈക്കിൾസ് സ്‌കൂളിലേക്ക് മാറ്റി കുട്ടിയെ പൊതു വിദ്യാലയത്തിൽ ചേർത്തതായി എംഎ‍ൽഎ. അവകാശപ്പെട്ടിരുന്നു. എന്നാൽ ഇവിടെ നിന്നും പിന്നീട് കുട്ടിയെ ചിന്മയ സ്‌കൂളിലേക്ക് ആരുമറിയാതെ മാറ്റി ചേർത്തതായാണ് ആരോപണമുയരുന്നത്. ഷംസീറിന്റെ മകൻ ഇപ്പോൾ കണ്ണൂർ ചിന്മയ സ്‌കൂളിൽ പഠിക്കുകയാണെന്നാണു പാർട്ടി നേതൃത്വത്തെ ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞത്.

പൊതു വിദ്യാഭ്യാസ യജ്ഞത്തിന് ഇടതു സർക്കാർ തീവ്ര പരിശ്രമം നടത്തുന്നതിനിടെ മകനെ സ്വകാര്യ സ്‌കൂളിൽ അയച്ചത് എ.എൻ. ഷംസീർ എം.എം.എൽയെ വിവാദത്തിലാക്കിയിരുന്നു. തെറ്റു തിരുത്താൻ പാർട്ടിയും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടിരുന്നു. മകനെ സ്വകാര്യ വിദ്യാലയത്തിൽ ചേർത്ത കാര്യത്തിൽ പിശക് പറ്റിയതാണെന്നും അത് തിരുത്തുകയാണെന്നും എംഎ‍ൽഎ. തന്നെ നേരത്തേ പരസ്യമായി വ്യക്തമാക്കിയതുമാണ്. മകൻ സ്വകാര്യ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഈ യുവ എംഎ‍ൽഎ. സ്വന്തം മുഖം അച്ചടിച്ച ബഹുവർണ്ണ വിദ്യാഭ്യാസ കലണ്ടറിലൂടെ പൊതു വിദ്യാഭ്യാസ യജ്ഞത്തിൽ അണിചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തതും വിവാദമായിരുന്നു ഇതേ തുടർന്ന് മാധ്യമങ്ങൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നാണ് വാർത്താസമ്മേളനത്തിൽ ഷംസീർ പറഞ്ഞത്. അതിനിനിടെ മകൻ പഠിക്കുന്ന ചിന്മയ സ്‌കൂളിനെതിരേ നടന്ന ഒരു തൊഴിൽ സമരത്തോട് ഷംസീർ നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും ആരോപണമുണ്ട്.

കൂടാതെ തലശ്ശേരി മേഖലയിലും പാർട്ടിക്കുള്ളിൽ ഷംസീറിനെതിരേ മുറമുറുപ്പുകളുയരുന്നുണ്ട്. എംഎ‍ൽഎയുടെ ധാർഷ്ട്യം കലർന്ന പെരുമാറ്റത്തെ കുറിച്ചാണ് പ്രധാന പരാതി. മുതിർന്ന പ്രവർത്തകരാണ് ഇതു സംബന്ധിച്ച് ആക്ഷേപമുന്നയിക്കുന്നത്. കൂടാതെ പാർട്ടി ഏരിയാ സെക്രട്ടറിയെ നോക്കുകുത്തിയാക്കി എംഎ‍ൽഎ. ചില സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നതായും ആരോപണമുണ്ട്. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാണിച്ചാണ് ഈ പ്രവർത്തനമെന്നാണ് കുറ്റപ്പെടുത്തൽ.

കഴിഞ്ഞ സിപിഎം. ജില്ലാ സമ്മേളനത്തിൽ അടുപ്പക്കാരായ ചില ഡിവൈ.എഫ്.ഐ. നേതാക്കളെ ഉപയോഗിച്ച് ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ വിമർശനം നടത്തിയതിനു പിന്നിലും ഷംസീറാണെന്ന് പാർട്ടി ജില്ലാ നേതൃത്വത്തിന് ബോധ്യമുണ്ട്. സംസ്ഥാന നേതൃത്വത്തിന് അനഭിമതനായതിനാൽ പി. ജയരാജന്റെ സ്ഥാനം തെറിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. കൂടാതെ പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതു സംബന്ധിച്ചും സേനക്കുള്ളിൽ എംഎ‍ൽഎക്കെതിരേ പ്രതിഷേധമുണ്ട്. ഇതു സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാർട്ടിയെ വിവരമറിച്ചതായാണ് അറിയുന്നത്. ചില അടുപ്പക്കാരെ ഉപയോഗിച്ച് എംഎ‍ൽഎ. നടത്തുന്ന ചില ബിനാമി ഇടപാടുകളും പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.