- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; നിക്ഷേപകർ പൊലിസിൽ പരാതി നൽകി; ആരോപണം ഉയർന്നത് മുഴപ്പിലങ്ങാട് പബ്ലിക് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിക്കെതിരെ; ലക്ഷങ്ങളുടെ തട്ടിപ്പു വെളിവായത് നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയതോടെ
തലശേരി:കോൺഗ്രസ് നിയന്ത്രണത്തിലുള മുഴപ്പിലങ്ങാട് പബ്ലിക് വെൽഫെയർ കോ ഓപ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്. നിക്ഷേപിച്ച പണം തിരികെക്കിട്ടാതെയും വായ്പയെടുക്കാതെ കടക്കെണിയിൽ കുടുങ്ങിയും തട്ടിപ്പിനിരയായ കോൺഗ്രസ് പ്രവർത്തകർ ഒടുവിൽ പൊലിസിനും സഹകരണ വകുപ്പ് അധികൃതർക്കും പരാതി നൽകി.. 1.18 കോടി രൂപയാണ് സൊസൈറ്റിയിൽ നിക്ഷേപമായി എത്തിയത്. ഈ പണം എങ്ങോട്ടുപോയെന്ന് സഹകരണ വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2012 ലാണ് മുഴപ്പിലങ്ങാട് പബ്ലിക് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. കോൺഗ്രസ് ധർമടം ബ്ലോക്ക് ജനറൽ സെക്രട്ടറി സി വി പ്രദീഷാണ് ദീർഘകാലമായി സൊസൈറ്റിയുടെ പ്രസിഡന്റ്. വിവിധ പ്രവർത്തനങ്ങൾക്കായുള്ള സൊസൈറ്റിയായാണ് പ്രവർത്തനം തുടങ്ങിയത്. യുഡിഎഫ് ഭരണത്തിലുള്ളപ്പോൾ തട്ടിക്കൂട്ടി സഹകരണസംഘം രൂപീകരിക്കുകയായിരുന്നു. 1.18 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിക്കുകയും 34 ലക്ഷത്തോളം രൂപ വായ്പയായി നൽകിയിട്ടുമുണ്ടെന്നാണ് പ്രാഥമിക വിവരം. നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയതോടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് വെളിവായത്.
പണം നൽകാൻ പ്രസിഡന്റും താൽകാലിക ജീവനക്കാരനും നിരവധി തവണ അവധി ചോദിച്ചതോടെയാണ് പണം പലവഴിക്കു പോയതായി നിക്ഷേപകർക്കു ബോധ്യമായത്. നിക്ഷേപകരിൽ ഭൂരിഭാഗം പേരും കോൺഗ്രസ് പ്രവർത്തകരാണ്. കെപിസിസി പ്രസിഡന്റിനെയും മുൻഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെയും ഇവർ സമീപിച്ചെങ്കിലും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകർ പരാതിയുമായി അധികൃതരെ സമീപിച്ചത്.
മുഴപ്പിലങ്ങാട് സ്‌കൂളിനടുത്ത വാടകക്കെട്ടിടത്തിലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് കൺസ്യൂമെർ സ്റ്റോർ തുടങ്ങിയിരുന്നെങ്കിലും വൈകാതെ പൂട്ടി. വായ്പയെടുക്കാത്ത നിരവധി പേർക്ക് തിരിച്ചടക്കാനുള്ള നോട്ടീസും വന്നിട്ടുണ്ട്. വായ്പയെടുത്തവർ തിരിച്ചടച്ചത് കണക്കിൽ കാണിക്കാതെയും തട്ടിപ്പ് നടത്തി. സഹകരണവകുപ്പ് അധികൃതരുടെ പരിശോധനയിൽ സൊസൈറ്റിയിൽ കൃത്യമായ രേഖകളോ കണക്കുകളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണ പുസ്തകത്തിലാണ് വായ്പയുടെയും നിക്ഷേപത്തിന്റെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. പലരുടെയും പേര് വായ്പയിനത്തിൽ എഴുതിച്ചേർത്ത് പണം വകമാറ്റിയതായാണ് സൂചന.
സർക്കാർ സർവീസിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച 30 ലക്ഷം രൂപ നിക്ഷേപിച്ചവരടക്കം നാലുപേരാണ് എടക്കാട് പൊലീസ് പരാതി നൽകിയത്. കെ സാജൻ, എ പ്രകാശൻ, കെ വി മഞ്ജുള, യു വിലാസിനി, എം ശാന്ത, സി വി പ്രമോദ്, പി കെ വിജയൻ എന്നിവരാണ് സൊസൈറ്റിയുടെ ഭരണസമിതിയംഗങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ