- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെവി വേദനയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തിയപ്പോൾ മരുന്നുവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ മരുന്നുപായ്ക്ക് വെച്ച് വീട്ടിലേക്ക് മടങ്ങി; ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വലതു കണ്ണിന്റെ കാഴ്ച കുറഞ്ഞു, കൺപോളയും അടഞ്ഞു; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതിയുമായി വെമ്പായം സ്വദേശി
വെമ്പായം: ചെവിവേദനയ്ക്ക് ചികിത്സ തേടിയ വെമ്പായം സ്വദേശിയുടെ കാഴ്‌ച്ച നഷ്ടപ്പെട്ടതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രോഗിയാണ് പരാതിയുമായി രംഗത്തുവന്നത്. ഇ.എൻ.ടി. വിഭാഗത്തിൽ ചികിത്സതേടിയ വെമ്പായം പേരുംകൂർ കൊഞ്ചിറ തീർത്ഥത്തിൽ രാജേന്ദ്ര(53)ന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു.
രണ്ടാഴ്ചമുമ്പാണ് ചെവിവേദനയെത്തുടർന്ന് രാജേന്ദ്രൻ മെഡിക്കൽ കോളേജിലെത്തിയത്. ചെവിക്കുള്ളിൽ മരുന്നുവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്ന് മരുന്നുപായ്ക്ക് വെച്ച് വീട്ടിലേക്ക് മടങ്ങി. എന്നാൽ, ഒരാഴ്ചയ്ക്കുശേഷം കാഴ്ച കുറഞ്ഞു, പല്ലുവേദനയുമുണ്ടായി. കൺപോള അടഞ്ഞുപോയതോടെ വീണ്ടും ആശുപത്രിയെ സമീപിച്ചു.
എം.ആർ.ഐ. സ്‌കാനിൽ ചെവിക്കുള്ളിൽ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മിൽ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി. ഇയർപാക്ക് എടുത്തുമാറ്റുകയും ചെയ്തു. പിന്നീട് പലവട്ടം ആശുപത്രിയിലെത്തിയിട്ടും തുടർചികിത്സയ്ക്ക് സൗകര്യമൊരുക്കിയില്ലെന്നും ആരോപണമുണ്ട്. കാഴ്ചനഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ടയർകട നടത്തുന്ന രാജേന്ദ്രന്റെ രണ്ടുമക്കളും വിദ്യാർത്ഥികളാണ്. ആരോഗ്യമന്ത്രി ഇടപെട്ട് തുടർചികിത്സ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം ചികിത്സാസൗകര്യമൊരുക്കിയില്ലെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ചെവിക്കുള്ളിൽ മരുന്നുപായ്ക്ക് വെച്ച് 24 മണിക്കൂറിനുശേഷം അത് നീക്കംചെയ്യാൻ എത്തണമെന്ന് ഇയാളോട് നിർദേശിച്ചിരുന്ു. എന്നാൽ, ഒരാഴ്ചയ്ക്കുശേഷം ഒരു കൺപോള അടഞ്ഞനിലയിലാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കണ്ണിലേക്കുള്ള ഞരമ്പിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോടും പറയാതെ പോകുകയാണ് ഉണ്ടായതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കുന്നു.
30 വർഷത്തോളമായി ചെവിയിലെ അണുബാധയ്ക്കു ചികിത്സതേടുന്നയാളാണ് രോഗിയെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നു. വർഷങ്ങളായുള്ള ഓസ്റ്റിയോമൈലൈറ്റിസ് എന്ന അസുഖത്തിന്റെ ഭാഗമായി തലയോട്ടി ദ്രവിച്ചതിന്റെ ഭാഗമായാണ് കൺപോള അടഞ്ഞുപോയത്. തുടർചികിത്സ ആവശ്യപ്പെട്ട് വെള്ളിയാഴ്ച ആശുപത്രി സൂപ്രണ്ടിനെ ഇയാൾ സമീപിച്ചപ്പോൾ അടുത്തദിവസംതന്നെ കിടത്തിച്ചികിത്സയ്‌ക്കെത്താൻ നിർദേശിച്ചിരുന്നെന്നും എന്നാൽ, ഇയാൾ എത്തിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ