കാസർഗോഡ്: മികവിന്റെ കേന്ദ്രമാകേണ്ട കേന്ദ്ര സർവ്വകലാശാല സ്വജന പക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും വീർപ്പുമുട്ടുന്നു. കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവ്വകലാശാല അടുത്ത കാലത്തായി വാർത്തയിൽ ഇടം നേടുന്നത് കുപ്രസിദ്ധിയുടെ പേരിലാണ്. പരിചയ സമ്പന്നരായാൽ പോലും ഇഷ്ടമില്ലാത്തവരെ പിരിച്ചുവിടാനും സ്വന്തക്കാരെ താക്കോൽ സ്ഥാനത്ത് ഇരുത്താനും വഴിവിട്ട് നിയമനം നടത്തുകയാണിവിടെ. സംഘപരിവാർ പ്രവർത്തകരായ ദമ്പതികളെ ഈ സർവ്വകലാശാലയിൽ നിയമിച്ചത് വിവാദങ്ങൾക്ക് കാരണമാവുകയാണ്. ഭർത്താവിന് വൈസ് ചാൻസലറുടെ ഓഫീസിൽ അസിസറ്റ്ന്റ് തസ്തികയിലും ഭാര്യയും മഹിളാ മോർച്ച നേതാവുമായ യുവതിക്ക് യൂണിവേഴ്സിറ്റിയിലെ ലീഗൽ വകുപ്പിലും നിയമനം നൽകിയതും പുറത്ത് വന്നിരിക്കയാണ്. ഇല്ലാത്ത പദവി ഉണ്ടാക്കിയാണ് മഹിളാ മോർച്ചാ നേതാവിന് ഈ തസ്തിക നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ താത്ക്കാലിക നിയമനം നൽകിയിട്ടുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് സർവ്വകലാശാലയിൽ ഇടക്കിടെ വരാറുമുണ്ട്. രാഷ്ട്രീയ ക്രിമിനലുകൾക്ക് രാഷ്ട്രീയ അഭയം നൽകാൻ സർവ്വകലാശാലയിലെ ചില അധികാരികൾ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഉന്നത ബിരുദധാരികളായ താത്ക്കാലിക ജീവനക്കാരെ കഴിഞ്ഞ ദിവസം ഇവിടെനിന്ന് പിരിച്ചു വിട്ടു. മൂന്ന് മുതൽ ഏഴ് വർഷം വരെ സേവനം ചെയ്ത ലൈബ്രറി അസിസ്ന്റന്റ് ഓഫീസ് അസിസ്സ്റ്റന്റ് എന്നീ തസ്തികകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റാൻ വേണ്ടിയാണ് ഈ നടപടിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വർഷങ്ങളായി ഇവിടെ സേവനം അനുഷ്ഠിച്ച വിദ്യാ സമ്പന്നരായ ഇവർക്ക് ഇനി എന്ത് ജോലി ചെയ്യാനാകുമെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

സർവ്വകലാശാലയുടെ അജണ്ട തീരുമാനിക്കുന്നതു തന്നെ ഉപജാപക വൃന്ദങ്ങളാണെന്നാണ് ആരോപണം. എൽ.ഐ.സിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ആൾ സർവ്വകലാശാലയിൽ എത്തിയപ്പോൾ എക്സിക്യൂട്ടീവ് എഞ്ചിനീയറായി. ഡബിൾ പ്രമോഷനാണ് ഇയാൾക്ക് ലഭിച്ചത്. നിർമ്മാണ പ്രവർത്തനത്തിന്റെ ചുമതലയുള്ള ഇയാൾ ഇന്ന് സർവ്വകലാശാല ഭരിക്കുകയാണ്. ക്യാമ്പസിന്റെ ചുവരുകളിൽ മാസങ്ങൾക്കു മുമ്പ് ഇക്കാര്യത്തിൽ പ്രതികരണമുണ്ടായി. സർവ്വകലാശാലയിലെ വിവിധോദ്ദേശ്യ ഹാൾ നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര വിജിലൻസിൽ പരാതി നിലനിൽക്കുന്നുണ്ട്. അതിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. അനധികൃതമായി രണ്ട് ഇൻക്രിമെന്റ് നേടിയെടുക്കാനും ഇയാൾ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

ഐ.ഐ.എമ്മിൽ എൽ.ഡി. ക്ലാർക്കായ മറ്റൊരാൾ ഡബിൾ പ്രമോഷനോടെയാണ് കേന്ദ്ര സർവ്വകലാശാലയിലെ ഫിനാൽസ് ഓഫീസ് തസ്തികയിൽ വിരാജിക്കുന്നത്. എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായ ഇയാളും യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി എത്തുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയറുമാണ് സർവ്വകലാശാലയിലെ അജണ്ട തീരുമാനിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സംഘപരിവാർ നേതാക്കൾ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് ഇവിടെ താത്ക്കാലിക നിയമനങ്ങളെല്ലാം നടക്കുന്നതെന്നാണ് ആക്ഷേപം. സർവ്വകലാശാലാ നിയമനങ്ങളിൽ കാവിവൽക്കരണം നടക്കുകയാണെന്നും വി സി.യുടെ മുറിയിൽ പോലും ക്രിമിനൽസംഘങ്ങൾ താവളമാക്കിയിരിക്കയാണെന്ന് ഉദുമ എം. എൽ.എ. കെ. കുഞ്ഞിരാമൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ താത്ക്കാലിക ജീവനക്കാരെ നിയമിച്ചത് മാതാ ഏജൻസി എന്ന സ്ഥാപനമായിരുന്നു. അവരെ മാറ്റി സെക്കന്ററാബാദിലെ ഗുരുമാനി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ സർവ്വകലാശാല നിയോഗിച്ചിരിക്കയാണ്. ഇതോടെയാണ് ഏറെക്കാലം ജോലി ചെയ്തവർ പിരിച്ചു വിടപ്പെട്ടത്. സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റുന്നതിലൂടെ സർവ്വകലാശാലക്ക് വൻബാധ്യത വരുത്തുന്നുമുണ്ട്. സർവ്വകലാശാലക്കു വേണ്ടി വീടും സ്ഥലവും ഒഴിഞ്ഞുകൊടുത്ത ആദിവാസികൾക്ക് തൊഴിൽ നൽകാമെന്ന ഉടമ്പടി നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. പൊതു പരിപാടികളിൽ തത്പരനായ വി സി. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മാധ്യമങ്ങളിൽ നിറയുന്നു. ഉത്ഘാടനവും നിലവിളക്ക് കൊളുത്തലുമാണ് അദ്ദേഹത്തിന്റെ മുഖ്യ പരിപാടി. നാഥനില്ലാത്ത സർവ്വകലാശാലയെന്ന നിലയിലേക്ക് കേന്ദ്ര സർവ്വകലാശാല കൂപ്പു കുത്തുകയാണിപ്പോൾ.