തൃശൂർ: കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ് കുമാറിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് വൻ അഴിമതിക്ക് കളമൊരുക്കാനെന്ന് ആക്ഷേപം. കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രെഫസർമാരുടെ ഉൾപ്പെടെ നിരവധി ഒഴിവുകളിൽ നിയമനം നടക്കാനിരിക്കെ മന്ത്രിയുടെ പിഎയുടെ ഭാര്യയ്ക്ക് നിർണായക തസ്തികയിൽ തന്നെ നിയമനം നൽകിയത് വൻതോതിൽ കോഴ ഇടപാട് നടത്താനാണെന്ന ആരോപണമാണ് ഉയരുന്നത്.

സുനിൽകുമാറിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഏ ഐ വൈ എഫ് സംസ്ഥാന നേതാവുമായ ടി പ്രദീപ് കമാറിന്റെ ഭാര്യ പി. വി മുംതാസ് സിന്ധുവിന് ഇക്കഴഞ്ഞ ദിവസമാണ് കാർഷിക സർവകലാശാല ഹെഡ്ക്വാർട്ടേഴ്‌സ് ആസ്ഥാനത്ത് ഗ്രേഡ് 2 കമ്പ്യൂട്ടർ അസിസ്റ്റന്റായി നിയമനം നൽകിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇതേ തസ്തികയിൽ പ്രവർച്ചുവരികയായിരുന്നു മുംതാസ് സിന്ധു. സിന്ധുവിന് നൽകിയ നിയമന ഉത്തരവിൽ സിന്ധുവിന് ഫെയർ കോപ്പി സെക്ഷനിലാണ് പോസ്റ്റിങ് എന്നും കാർഷിക സർവകലാശാല ഹെഡ്ക്വാർ്‌ട്ടേഴ്‌സിൽ റിക്രൂട്ട്‌മെന്റ് വിംഗിലാണ് ചുമതലയെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് പ്രൊഫർമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ജോലികളാണ് ചുമതലയെന്നും നിയമന ഉത്തരവിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചർച്ചയാവുന്നത്. ഈ മാസം അഞ്ചാം തീയതി കാലിക്കറ്റി്ൽ നിന്ന് റിലീവ് ചെയ്ത് ആറാം തിയതി ചുമതലയേൽക്കാനാണ് ഉത്തരവ്.

കാർഷിക യൂണിവേഴ്‌സിറ്റിയിൽ ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട് അസിസ്റ്റന്റ് പ്രൊഫസർ നിയമനം. ഇതിനായി പണപ്പിരിവ് വൻതോതിൽ നടക്കുന്നതായ പ്രചരണവും ഉണ്ട്. രണ്ടാഴ്ച മുമ്പാണ് അക്കാഡമിക് കൗൺസിൽ യോഗത്തിൽ കൂടുതൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് വഴിവയ്ക്കുന്ന രീതിയിൽ തീരുമാനങ്ങൾ വന്നത്. അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രം കാർഷിക കോളേജായി മാറ്റുന്നതോടെ നിരവധി ഒഴിവുകളാണ് ഉണ്ടാവുക. ഇവിടെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ചട്ടങ്ങൾ പ്രകാരം 45-50 നിയമനങ്ങൾ പുതുതായി നടക്കും. കുമരകത്തെ പ്രാദേശിക ഗവേഷണ കേന്ദ്രം, പാലക്കാട്ടെ ഫാം കാർഷിക കോളേജാക്കി മാറ്റൽ തുടങ്ങിയ നീക്കങ്ങളും നടക്കുന്നതോടെ മൊത്തം 300 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് കളമൊരുങ്ങുകയാണ്.

ഈ സാഹചര്യത്തിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയ്ക്ക് ഇവരുടെ റിക്രൂട്ട്‌മെന്റ് സെക്ഷനിൽ തന്നെ നിയമനം നൽകിയിരിക്കുന്നത് വൻതോതിൽ അഴിമതി നടത്താനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതിന് പുറമെ സിപിഐ.ക്കാരനും കൃഷിമന്ത്രിയുടെ അടുപ്പക്കാരനുമായ ഡോ. കെ. അരവിന്ദാക്ഷൻ കാർഷിക സർവ്വകലാശാലക്ക് രണ്ടര കോടിയിലേറെ രൂപ നഷ്ടം വരുത്തിവച്ചെന്ന ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നതോടെ മന്ത്രിയുടെ പങ്കാളിത്തവും ഇക്കാര്യത്തിലും ചർച്ചയായിട്ടുണ്ട്.

സിപിഐ. മന്ത്രിമാർക്കെതിരെ നിശിത വിമർശനം തൃശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയുടെ കൃഷിമന്ത്രി വി എസ്.സുനിൽകുമാറിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിൽ കാർഷിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയരുന്നത്. സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കെഇ ഇസ്മായിൽ പക്ഷത്തിന് എതിരെ കാനം വിഭാഗം പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപം ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

കൃഷിമന്ത്രി സുനിൽകുമാറിന്റെ ഒത്താശയോടെയാണ് സർവ്വകലാശാല ജനറൽ കൗൺസിലിലും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും ഡോ. കെ. അരവിന്ദാക്ഷൻ കടന്നുകൂടിയതെന്ന ആരോപണവും ചർച്ചയാകുന്നു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2015-2016 വർഷത്തെ കാർഷിക സർവ്വകലാശാല ഓഡിറ്റ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ കൃഷിമന്ത്രിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

സിപിഐ.ക്ക് മേൽക്കൈയുള്ള കാർഷിക സർവകലാശാലയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ ഇസ്മായിൽ പക്ഷത്തിനും മന്ത്രി സുനിൽകുമാറിനും പങ്കുണ്ടെന്ന പ്രചരണം സജീവാണ്. ഡോ. കെ. അരവിന്ദാക്ഷന് കാർഷിക സർവ്വകലാശാലയുടെ റിവോൾവിങ് ഫണ്ടിൽ നിന്ന് കൊടുത്ത 1.39 കോടിയുടെ ഫണ്ടിന് യഥാർത്ഥ വരവ്-ചെലവ് കണക്കില്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. മാത്രമല്ല, സർവ്വകലാശാലക്ക് ഇയാൾ ഏകദേശം രണ്ടര കോടിയുടെ നഷ്ടവും വരുത്തിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

അരവിന്ദാക്ഷനെതിരെ നേരത്തെ ഒരു 1.37 കോടിയുടെ അഴിമതി കേസും വിജിലൻസിലുണ്ടായിരുന്നു. ഈ കേസിൽ സിപിഐ ഇടപെട്ട് വിജിലൻസിന്റെ കുരുക്കിൽനിന്ന് രക്ഷപ്പെടുത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ അഴിമതി ആരോപണങ്ങളൊക്കെ നിലനിൽക്കുമ്പോഴാണ് അരവിന്ദാക്ഷന് മൂന്നുമാസത്തേക്ക് സർവ്വകലാശാല രജിസ്റ്റ്രാർ ആയി നിയമനം കൊടുത്തിരുന്നു. രജിസ്റ്റ്രാർ ആയിരുന്ന സമയത്ത് തനിക്കെതിരെയുള്ള ഓഡിറ്റ് രേഖകളെല്ലാം തന്ത്രപൂർവ്വം പൂഴ്‌ത്തിവച്ച് സർവ്വകലാശാലയിൽ നിന്ന് മുഴുവൻ ആനുകൂല്യങ്ങളും വാങ്ങി വിരമിക്കാൻ അരവിന്ദാക്ഷന് സുനിൽകുമാർ മന്ത്രിയായിരിക്കെ സാഹചര്യമൊരുക്കിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

കെ.അരവിന്ദാക്ഷൻ വിരമിച്ചശേഷം അദ്ദേഹത്തെ ഹോർട്ടി കോർപ്പ് എം.ഡിയാക്കാനും നീക്കം നടന്നു. സിപിഐ.യിലെ ധാർമ്മിക വാദികൾ എതിർത്തതുമൂലം അത് നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് അരവിന്ദാക്ഷൻ ഈയ്യിടെ സർവ്വകലാശാലയുടെ ജനറൽ കൗൺസിലിലേക്കും എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെുക്കപ്പെടുന്നത്.

ഇതിനെല്ലാം പിന്നാലെയാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമന ചുമതലയുള്ള റിക്രൂട്ട്‌മെന്റ് വിംഗിൽ തന്നെ നിയമനം നൽകുന്നത്. ഇതോടെ ഇതിലെല്ലാം മന്ത്രി സുനിൽകുമാറിന്റെ ഒത്താശയുണ്ടെന്നും അഴിമതിക്ക് കളമൊരുക്കാനാണ് ഈ നീക്കങ്ങളെല്ലാം എന്നും എതിർപക്ഷം ആക്ഷേപിക്കുന്നു. ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കും നാൽപത് മുതൽ അമ്പതുലക്ഷംവരെ കോഴവാങ്ങിയാണ് നിയമനം നൽകുന്നതെന്നും ഇതിനായി ലേലംവിളി തുടങ്ങിയെന്നും പ്രചരണം ശക്തമാണ് സർവകലാശാലാ ആസ്ഥാനത്ത്.