കൊല്ലം: ഫയർ വിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിക്കാത്തതിൽ പ്രതിഷേധിച്ച് മതരാഷ്ട്രീയസാംസ്‌കാരിക സംഘടനകൾ ജനകീയ ആക്ഷൻകൗൺസിൽ രൂപീകരിക്കുന്നു. മരണം നടന്ന നാളുകൾ കഴിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രേഷ്മയുടെ കുടുംബാംഗങ്ങളെ നിയമപരമായി പൊലീസ് അറിയിക്കാത്തതിൽ പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനമുണ്ടായത്. ആരോപണവിധേയനായ രേഷ്മയുടെ ഭാർത്താവ് നാട്ടിലൂടെ നിർഭയം നടക്കുമ്പോൾ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. പണവും സ്വാധീനവും രാഷ്ട്രീയബന്ധവും ഉപയോഗിച്ച് ഈ കേസിനെ തേയ്ച്ചുമായിച്ചു കളയുന്നതിനാണ് ശ്രമമെന്ന് ആക്ഷേപമുയർന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരണം. സിപിഎമ്മും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.

രേഷ്മയുടെ ഭർത്താവിന്റെ കുടുംബാംഗങ്ങളെയും അയാൾ ഉൾപ്പെട്ട് നിൽക്കുന്ന സംഘടനയുടെ വക്താക്കളെയും അന്വേഷണസംഘം വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രേഷ്മ എഴുതിയ ഡയറിക്കുറിപ്പുകളും രേഷ്മയുടെ മൊബൈൽ ഫോൺ കോൾ ലിസ്റ്റുകളും അപ്രത്യക്ഷമായിരിക്കുന്നു. ഇവ ലഭ്യമായാൽ ഒരുപക്ഷെ വിലപ്പെട്ട തെളിവുകൾ ആയേക്കാം. എന്തുകൊണ്ട് പൊലീസ് ഇവ കണ്ടെത്തുന്നില്ല എന്ന ചോദ്യവും അവശേഷിക്കുന്നു. അന്വേഷണം കാര്യക്ഷമമല്ലത്തതിനെ തുടർന്ന് രേഷ്മയുടെ ബന്ധുക്കളും പ്രതിഷേധിക്കാനെത്തും. രേഷ്മയുടെ അമ്മ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാലം സമരം ആരംഭിക്കുമെന്നും അറിയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും നിഷ്‌ക്രിയത്വം തുടർന്നാൽ മറ്റ് അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട് കേസ് ഉടൻ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള പ്രക്ഷോഭ പരിപാടികൾക്ക് വേണ്ടിയാണ് ആക്ഷൻ കൗൺസിൽ രൂപീകരണം.

രേഷ്മയെ ബിനോയ് കൊട്ടാരക്കര തന്നെയാണ് മകളെ കൊന്നതെന്ന് രേഷ്മയുടെ അമ്മ ഷീബാ മാണി പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ഫലം കാണാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. രേഷ്മയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാനായി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും സജീവമായതോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ' നിങ്ങൾ എല്ലാറ്റിലും നിന്നു പിന്മാറി അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലങ്കിൽ കുടുംബം കുട്ടിച്ചോറാക്കുമെന്നാണ് ഭീഷണി സന്ദേശം. കേസ് അന്വേഷണത്തിൽ പൊലീസ് നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടി ഷീബാ മാണി കോടതിയെ സമീപിക്കാൻ ഒരുങ്ങവേയാണ് ഭീഷണി എത്തിയത്. എന്നാൽ എന്തു സംഭവിച്ചാലും മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് ഷീബാ മാണിയുടെ നിലപാട്. അതുകൊണ്ട് കൂടിയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കാനുള്ള നീക്കം.

ബിനോയ് കൊട്ടാരക്കര അംഗമായ ഫയർവിങ്‌സ് ഗ്രൂപ്പിലുള്ളവരാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് ആരോപണം. എന്തായാലും എന്തിനേയോ ഭയപ്പെടുന്നവനല്ലേ ഭീഷണിപ്പെടുത്തു.... ആർക്കാണ് രേഷ്മയുടെ വീട്ടുകാരെ ഭയം.... കുറ്റം ചെയ്തവർ ഭയപ്പെട്ടാൽ പോരെ....അപ്പോൾ സത്യം പലരേയും ഞെട്ടിക്കുന്ന വാർത്ത തന്നെ.... എന്തായാലും കാത്തിരുന്നു കാണാമെന്നാണ് രേഷ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഷീബാ മാണിക്ക് പിന്തുണ നൽകുന്ന പെന്തകോസ്ത് സഭയിലെ ഒരു പ്രധാന പാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞത്. രേഷ്മയുടെ മരണ ദിവസം ബിനോയ് കൊട്ടാരക്കരയുടെ വീട്ടിലുണ്ടായിരുന്ന അമേരിക്കകാരിയെ പൊലീസ് ചോദ്യം ചെയ്താൽ തന്നെ എല്ലാം പുറത്തുവരുമെന്നാണ് ഇവരുടെ വാദം.

കാനഡയിലും അമേരിക്കയിലും ഫയർവിങ്‌സിന് സ്വാധീനമുണ്ട്. ഇത് മറയാക്കി കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ ഫയർവിങ്‌സ് പാസ്റ്റർമാർ നാടുവിട്ടെന്നും ആരോപണമുണ്ട്. ബിനോയ് കൊട്ടാരക്കരയും രാജ്യം വിടാൻ ശ്രമിക്കുന്നതായാണ് സൂചന. അതു സംഭവിച്ചാൽ രേഷ്മയുടെ മരണത്തിന് ഉത്തരവാദികളെ ഒരിക്കലും നാട്ടിലേക്ക് എത്തിക്കാൻ കഴിയില്ലെന്നാണ് അഭിപ്രായം ഉയരുന്നത്. രേഷ്മയുടെ മരണം സംഭവിച്ചപ്പോൾ തന്നെ ഫയർവിങ്‌സ് ഗ്രൂപ്പിലെ ബംഗളുരുവിലുള്ള ഉന്നതർ കൊട്ടാരക്കരയിൽ എത്തി ബിനോയിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ പോലും പൊലീസ് തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്. എല്ലാം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മാത്രമാണ് മറുപടി. എന്നാൽ അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്. അതും അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

അതിനിടെ രേഷ്മയുടെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തുവന്നു. എന്നാൽ ഈ രാഷ്ട്രീയ സമ്മർദ്ദം പോലും പൊലീസ് കാര്യമായെടുക്കുന്നില്ല. രേഷ്മ ആത്മഹത്യ ചെയ്തുവെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ. ഏതായാലും പ്രശ്‌നമുയർത്തി സിപിഐ(എം) പ്രചരണം തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ പിന്തുണ കൊലയാളികളെ കണ്ടെത്താൻ സഹായിക്കുമെന്നാണ് ഇതിന് പിന്നിലുള്ളവരുടേയും പ്രതീക്ഷ, കൂടുതൽ പിന്തുണ വരും ദിനങ്ങളിൽ ലഭിക്കുമെന്നും കരുതുന്നു. അല്ലാത്ത പക്ഷം കേസ് അന്വേഷണം ഒതുക്കി തീർക്കുമെന്ന വിലയിരുത്തൽ തന്നെയാണ് ഉയരുന്നത്.

രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.

അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല.

രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്.

അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി.