കൊട്ടാരക്കര : ഫയർ വിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിലെ ദുരൂഹതകൾ മാറുമോ? ആക്ഷൻ കൗൺസിലിന്റെ സമ്മർദ്ദത്തിനൊടുവിൽ രേഷ്മയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചാണ് കേസ് പ്രാഥമികമായി അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് ബിനോയ് കൊട്ടാരക്കരയേയും ഫയർവിങ്‌സിലെ ചില പാസ്റ്റർമാരേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. എന്നാൽ കേസ് ഔദ്യോഗികമായി ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. അതിനിടെ രേഷ്മയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് പൊലീസ് കൈമാറി. ഇതോടെ കേസ് അന്വേഷണത്തിൽ രേഷ്മയുടെ ബന്ധുക്കൾക്ക് പുതിയ പ്രതീക്ഷ കൈവരുകയാണ്.

കേസിന്റെ ആരംഭ സമയത്ത് ബിനോയിക്കും ഫയർ വിങ്ങ്‌സിനും സഹായഹസ്തം നീട്ടി കുടെനിന്ന ഒരു പൊലീസ് ഉന്നത അധികാരിയെ മലപ്പുറത്തേക്കു സ്ഥലം മാറ്റി എന്നാണ് സൂചന. ഡിജിപി സെൻകുമാറിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് രേഷ്മയുടെ ബന്ധുക്കളുടെ വിലയിരുത്തൽ. കേസിൽ നിന്ന് പിന്മാറാൻ വലിയ ഓഫറുകൾ കുടുംബത്തിന് നൽകിയിരുന്നു. 25 ലക്ഷം രൂപവരെ നൽകാമെന്ന് ചിലർ അറിയിച്ചു. എന്നാൽ രേഷ്മയുടെ ഘാതകരെ കണ്ടെത്താൻ എല്ലാ നിയമ വഴിയും സ്വീകരിക്കുമെന്ന നിലപാടിൽ കുടുംബം ഉറച്ചു നിന്നതോടെ അട്ടിമറി നീക്കങ്ങൾ പൊളിഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസിനും അന്വേഷണം തുടങ്ങേണ്ടി വന്നത്. നിയമ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൈമാറുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയുള്ളതു കൊണ്ടാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ബിനോയ് കൊട്ടാരക്കരയേയും പൊലീസ് രഹസ്യമായി ചോദ്യം ചെയ്തുവെന്നാണ് സൂചന.

ഫയർവിങ്ങ്‌സിലെ ബിജി അഞ്ചലിനേയും, ഫയർവിങ്ങ്‌സിലെ റെയിസൺ തോമസിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവർക്ക് മരണവുമായി ബന്ധപ്പെട്ട എല്ലാ സത്യവും അറിയാമെന്ന് രേഷ്മയുടെ അമ്മ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. കേസിൽ നിർണ്ണായകമാകുന്ന പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത്തിൽ നിന്ന് തന്നെ രേഷ്മയുടേതുകൊലപാതകമാണെന്ന് ഉറപ്പിക്കാമെന്നാണ് സൂചന. എന്നാൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഫയർവിങ്‌സ് ഗ്രൂപ്പ് ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് പരാതി. കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച യുവതി അമേരിക്കയിൽ തുടരുന്നതും ചോദ്യം ചെയ്യൽ ഭയന്നാണെന്നാണ് സൂചന. രേഷ്മയുടെ മരണത്തിൽ നിർണ്ണായക ഇടപെടൽ നടത്തിയത് ഈ യുവതിയാണ്. അതിനിടെ ഭീഷണി വിട്ട് സമാധാന ദൂതുമായി രേഷ്മയുടെ കുടുംബത്തെ സ്വീധീനിക്കാനും ശ്രമമുണ്ട്. 'എന്തായാലും മോൾ നഷ്ടമായി, ഇനിയും തിരിച്ചുവരികയും ഇല്ലാ, കേസ്സ് ഉപേക്ഷിച്ചു കളയുന്നതല്ലേ ബുദ്ധി,' എന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന ചോദ്യം. ഇതിലും കുടുംബം വീഴാത്തത് ഫയർവിങ്‌സ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

രേഷ്മയുടെ ഭർത്താവിന്റെ കുടുംബാംഗങ്ങളെയും അയാൾ ഉൾപ്പെട്ട് നിൽക്കുന്ന സംഘടനയുടെ വക്താക്കളെയും അന്വേഷണസംഘം വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയതാൽ സത്യം പുറത്തുവരുമെന്നാണ് നാട്ടുകാരുടെ പക്ഷം. രേഷ്മ എഴുതിയ ഡയറിക്കുറിപ്പുകളും രേഷ്മയുടെ മൊബൈൽ ഫോൺ കോൾ ലിസ്റ്റുകളും അപ്രത്യക്ഷമായിരിക്കുന്നു. ഇവ ലഭ്യമായാൽ ഒരുപക്ഷെ വിലപ്പെട്ട തെളിവുകൾ ആയേക്കാം. എന്തുകൊണ്ട് പൊലീസ് ഇവ കണ്ടെത്തുന്നില്ല എന്ന ചോദ്യവും അവശേഷിക്കുന്നു. രേഷ്മയെ ബിനോയ് കൊട്ടാരക്കര തന്നെയാണ് മകളെ കൊന്നതെന്ന് രേഷ്മയുടെ അമ്മ ഷീബാ മാണി പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ഫലം കാണാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. രേഷ്മയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാനായി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും സജീവമായതോടെയാണ് ഭീഷണി സന്ദേശമെത്തിയത്.

നിങ്ങൾ എല്ലാറ്റിലും നിന്നു പിന്മാറി അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലങ്കിൽ കുടുംബം കുട്ടിച്ചോറാക്കുമെന്നാണ് ഭീഷണി സന്ദേശം. കേസ് അന്വേഷണത്തിൽ പൊലീസ് നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടി ഷീബാ മാണി കോടതിയെ സമീപിക്കാൻ ഒരുങ്ങവേയാണ് ഭീഷണി എത്തിയത്. എന്നാൽ എന്തു സംഭവിച്ചാലും മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് ഷീബാ മാണിയുടെ നിലപാട്. അതിനിടെ സെക്രട്ടരിയേറ്റിന് മുന്നിൽ സമരം ചെയ്യാനും തീരുമാനിച്ചു. ഇതിനിടെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതും പൊലീസ് ചോദ്യം ചെയ്യലുകൾ തുടങ്ങുന്നതും. കാനഡയിലും അമേരിക്കയിലും ഫയർവിങ്‌സിന് സ്വാധീനമുണ്ട്. ഇത് മറയാക്കി കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ ഫയർവിങ്‌സ് പാസ്റ്റർമാർ നാടുവിട്ടെന്നും ആരോപണമുണ്ട്. ബിനോയ് കൊട്ടാരക്കരയും രാജ്യം വിടാൻ ശ്രമിക്കുന്നതായാണ് സൂചന. അതു സംഭവിച്ചാൽ രേഷ്മയുടെ മരണത്തിന് ഉത്തരവാദികളെ ഒരിക്കലും നാട്ടിലേക്ക് എത്തിക്കാൻ കഴിയില്ലെന്നാണ് അഭിപ്രായം ഉയരുന്നത്.

രേഷ്മയുടെ മരണം സംഭവിച്ചപ്പോൾ തന്നെ ഫയർവിങ്‌സ് ഗ്രൂപ്പിലെ ബംഗളുരുവിലുള്ള ഉന്നതർ കൊട്ടാരക്കരയിൽ എത്തി ബിനോയിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. അതിനിടെ രേഷ്മയുടെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐ(എം) രംഗത്തുവന്നു. എന്നാൽ ഈ രാഷ്ട്രീയ സമ്മർദ്ദം പോലും പൊലീസ് കാര്യമായെടുക്കുന്നില്ല. രേഷ്മ ആത്മഹത്യ ചെയ്തുവെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ. ഏതായാലും പ്രശ്‌നമുയർത്തി സിപിഐ(എം) പ്രചരണം തുടങ്ങിയിട്ടുണ്ട്. സിപിഐ(എം) ന്റെ പിന്തുണ കൊലയാളികളെ കണ്ടെത്താൻ സഹായിക്കുമെന്നാണ് ഇതിന് പിന്നിലുള്ളവരുടേയും പ്രതീക്ഷ, കൂടുതൽ പിന്തുണ വരും ദിനങ്ങളിൽ ലഭിക്കുമെന്നും കരുതുന്നു. അല്ലാത്ത പക്ഷം കേസ് അന്വേഷണം ഒതുക്കി തീർക്കുമെന്ന വിലയിരുത്തൽ തന്നെയാണ് ഉയരുന്നത്.

രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.

അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല.

രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്.

അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി.