തിരുവനന്തപുരം: വിമുക്തി മിഷനിലെ കരാർ ജോലിയിൽ സി പി എം കാരെ തിരുകി കയറ്റുന്നതായി ആരോപണം. വിമുക്തി മിഷന്റെ 14 ഡീ- അഡിക്ഷൻ സെന്ററുകളിലും 3 മേഖല കൗൺസിലിങ് സെന്ററുകളിലും ആണ് വ്യാപക കരാർ നിയമനങ്ങൾ നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിമുക്തി മിഷന്റെ മൂന്ന് മേഖല കൗൺസിലിങ് സെന്ററുകൾ സ്ഥിതി ചെയ്യുന്നത്.

കരാർ ജോലിക്കാർക്ക് ശമ്പളം നൽകാൻ ഒരു വർഷം വേണ്ടത് 4.75 കോടിയാണ്. ഇത് കൂടാതെ കരാർ അടിസ്ഥാനത്തിൽ 14 ജില്ലാ മിഷൻ കോ - ഓർഡിനേറ്ററെയും 3 റിസർച്ച് ഓഫിസറെയും നിയമിച്ചിട്ടുണ്ട്. ഇവർക്ക് ഒരു വർഷം ശമ്പളം നൽകാൻ വേണ്ടത് 45 ലക്ഷം രൂപയാണ്. മരുന്നിനും മറ്റ് അനുബന്ധ ചെലവുകൾക്കും 25 ലക്ഷം രൂപ മാത്രമാണ് നൽകുന്നത്. മരുന്നിനേക്കാൾ കൂടുതൽ ചെലവാകുന്നത് ശമ്പളത്തിനെന്നർത്ഥം.

14 ജില്ലകളിലേയും ജില്ലാ വിമുക്തി മാനേജരായി നിയമിച്ചിരിക്കുന്നത് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർമാരെയാണ്. ഇവർ മാത്രമാണ് സ്ഥിര ജീവനക്കാർ. ഇവരുടെ ഒരു വർഷത്തെ ശമ്പളത്തിന് 2.30 കോടി രൂപ വേണം. ഡി അഡിക്ഷൻ സെന്ററുകളിൽ 68867 പേർക്കാണ് ഇതുവരെ ഒ.പി യിൽ ചികിൽസ നൽകിയത്. 5681 പേർക്ക് ഐ.പി യിലും ഇതുവരെ ചികിൽസ നൽകിയിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഡി - അഡിക്ഷൻ സെന്റർ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ആശുപത്രിയിലാണ് പ്രവർത്തിക്കുന്നത്. ലഹരിമുക്ത കേരളം കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വിമുക്തി മിഷൻ അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയമെന്നാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മറ്റ് മിഷനുകളെ പോലെ സി പി എം കാരെ പിൻവാതിൽ വഴി നിയമിക്കാനുള്ള മിഷൻ ആയി വിമുക്തിയും മാറി എന്ന പ്രതിപക്ഷ ആരോപണം ഏറെ കുറെ ശരിയാണെന്നാണ് കണക്കുകളും ഡാറ്റകളും സൂചിപ്പിക്കുന്നത്.

ഈ സാമ്പത്തിക വർഷം 9.90 കോടി രൂപയാണ് സർക്കാർ വിമുക്തി മിഷന് വേണ്ടി ചെലവഴിക്കുന്നത്. 10 ലക്ഷം രൂപ മിഷന്റെ ഭരണപരമായ ചെലവുകൾ, 35 ലക്ഷം രൂപ പരസ്യം, 40 ലക്ഷം രൂപ ലഹരി വിരുദ്ധ ക്ലബുകൾക്ക് , 25 ലക്ഷം രൂപ ആദിവാസി - തീരപ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് , 50 ലക്ഷം രൂപ സ്‌ക്കൂളുകളിലെ ആന്റി നാർക്കോട്ടിക്ക് ക്ലബുകൾക്ക് , 50 ലക്ഷം രൂപ ഉണർവ് പദ്ധതിക്ക് , 1 ലക്ഷം രൂപ വിമുക്തി മാസിക, 4 ലക്ഷം രൂപ കൂടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക സംരംഭം എന്നിങ്ങനെയാണ് വിമുക്തി മിഷന്റെ വിവിധ ആവശ്യങ്ങൾക്കായി വകയിരുത്തിയ തുക. 9.90 കോടി അനുവദിച്ചതിൽ 7.75 കോടിയും ചെലവഴിക്കുന്നത് ശമ്പളത്തിനാണ്. ബാക്കി 2.15 കോടി രൂപയാണ് വിമുക്തി മിഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേടാൻ ചെലവഴിക്കുന്നത്.