കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎമ്മിന്റെ ശബ്ദമായ അഡ്വ. ജഹാംഗീർ ആമിനാ റസാഖിനെതിരെ പീഡനാരോപണവുമായി യുവതിയായ വീട്ടമ്മ രംഗത്ത്. ഒരു മാധ്യമത്തിലൂടെയാണ് വീട്ടമ്മ ജഹാംഗീറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഏലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഏലത്തൂരിൽ കേസെടുക്കേണ്ടതില്ല എന്ന നിലപാടിലാണ് ഏലത്തൂർ പൊലീസ്.

പതിനാറ് വർഷം മുമ്പ് അഡ്വ. ജഹാംഗീർ നിയമ വിദ്യാർത്ഥിയായിരിക്കെ ഒരു ട്യൂഷൻ സെന്ററിൽ അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു. ആ ട്യൂഷൻ സെന്ററിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു യുവതി. തന്റെ വിദ്യാർത്ഥിനിയായിരുന്ന യുവതിയോട് അക്കാലത്ത് ജഹാംഗീർ പ്രണയം പറഞ്ഞെന്നും എന്നാൽ വിവാഹത്തിന്റെ വക്കിൽ വരെയെത്തിയ ബന്ധത്തിൽ നിന്നും ജഹാംഗീർ കാരണമില്ലാതെ പിന്മാറിയെന്നും യുവതി പറയുന്നു.

അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് 2018 ലാണ് ജഹാംഗീർ വീണ്ടും യുവതിയെ കാണുന്നത്. വിവാഹിതയായിരുന്ന യുവതി അന്ന് ഭർത്താവുമായി പിണങ്ങി നിൽക്കുകയായിരുന്നു. യുവതിയോട് അടുത്ത ജഹാംഗീർ മുമ്പ് യുവതിയെ ഉപേക്ഷിച്ചതിൽ കുറ്റബോധമുണ്ടെന്നും ഭർത്താവിനെ ഡിവോഴ്സ് ചെയ്ത് വന്നാൽ കല്യാണം കഴിച്ചോളാമെന്നും വിശ്വസിപ്പിച്ചു. ജഹാംഗീറും ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുകയാണെന്നാണ് അന്ന് യുവതിയോട് പറഞ്ഞത്.

തുടർന്ന് യുവതിയുമായി അയാൾ ബന്ധം സ്ഥാപിച്ചു. വിവാഹവാഗ്ദാനം നൽകി യുവതിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടിരുന്ന ജഹാംഗീർ മൊബൈലിൽ നഗ്‌നചിത്രങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു. ഇതിനെ പറ്റി യുവതി ചോദിച്ചിട്ടും ജഹാംഗീർ മറുപടി പറഞ്ഞില്ല. എന്നാൽ പിന്നീട് വിവാഹത്തിന്റെ കാര്യം യുവതി ചോദിക്കാൻ തുടങ്ങിയപ്പോൾ ജഹാംഗീർ ഫോൺ എടുക്കാതായെന്ന് യുവതി ആരോപിക്കുന്നു. താൻ വീണ്ടും ചതിക്കപ്പെടുകയാണോ എന്ന് യുവതി സംശയിച്ചുതുടങ്ങുന്നത് അപ്പോഴാണ്. ചിത്രങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്. താൻ മാത്രമല്ല, മറ്റ് മുപ്പതോളം സ്ത്രീകളും ഇയാളുടെ ചതിയിൽ വീണുപോയിട്ടുണ്ടെന്ന് യുവതി പറയുന്നു.

തന്നെ ചതിച്ചാണ് ശാരീരികബന്ധത്തിലേർപ്പെട്ടതെന്ന് മനസിലായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഏലത്തൂരിൽ കേസെടുക്കേണ്ടതില്ല എന്നാണ് ഏലത്തൂർ പൊലീസിന്റെ നിലപാട്. അഡ്വ. ജഹാംഗീറിനെതിരെ വനിതാകമ്മീഷനിലും യുവതി പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ അഡ്വ. ജഹാംഗീർ ആമിനാ റസാഖ് സിപിഎം അനുകൂല സൈബർ പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സൈബർ ഇടങ്ങളിൽ വളരെയധികം അറിയപ്പെടുന്ന സിപിഎം അനുകൂല പ്രൊഫൈലാണ് ജഹാംഗീറിന്റെത്. ഹൈക്കോടതി അഭിഭാഷകൻ എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർക്കെതിരെ രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ് എറണാകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ഇയാളുടെ പരാതിയിന്മേലാണ്. കഴിഞ്ഞ പ്രളയത്തിൽ വടക്കൻ ജില്ലകളിൽ പ്രകൃതിദുരന്തങ്ങൾ സംഭവിച്ച് വലിയ നാശനഷ്ടങ്ങളുണ്ടായപ്പോൾ തെക്കൻ ജില്ലക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റും ഏറെ വിവാദമായിരുന്നു.