തിരുവനന്തപുരം: ബൈക്കപകടത്തിൽ കാലിനും തോളെല്ലിനും പൊട്ടലേറ്റ അൽത്താഫ് എന്ന യുവാവിന്റെ മരണം എസ്‌പി ഫോർട്ട് ആശുപത്രിയിലെ ചികിത്സപിഴവാണെന്ന ബന്ധുക്കളുടെ ആരോപണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. നിസ്സാര പരിക്കുകളുമായി എത്തിയ അൽത്താഫിന് ലക്ഷങ്ങളുടെ ചികിത്സ നൽകി ജീവൻ നഷ്ടമാകുന്ന നിലയിലേക്കെത്തിച്ചത് എസ്‌പി ഫോർട്ട് ആശുപത്രിയയിലെ ചികിത്സയാണെന്ന ബന്ധുക്കളുടെ ആരോപണം മറുനാടൻ മലയാളി വാർത്തായാക്കിയതോടെയാണ് വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്.ബന്ധുക്കളുടെ പരാതി ലഭിച്ചാലുടനെ തന്നെ മുഖ്യമന്ത്രിയോടും ആരോഗ്യ വകുപ്പ് മന്ത്രിയോടും വിഷയം നേരിട്ട് സംസാരിക്കുമെന്നും സുനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സിപിഐ പ്രവർത്തകനും എഐവൈഎഫ് നേതാവുമായ അൽത്താഫിന്റെ ബന്ധുക്കളെ മന്ത്രി നേരിട്ട് വീട്ടിലെത്തി സന്ദർശിച്ചു. ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് എസ്‌പി ഫോർട് ആശുപത്രി അധികൃതരുടെ വാക്ക് വിശ്വസിച്ച് അൽത്താഫിന്റെ ശസ്ത്രക്രിയയ്ക്കായി പണം അടച്ചത്. അൽത്താഫിന് അപകടം സംഭിച്ചതിന് ശേഷം ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ആന്തരിക അവയവങ്ങൾക്കൊന്നും തന്നെ പരിക്കില്ലായിരുന്നു. ഇക്കാര്യം താൻ അന്വേഷിച്ചുവെന്നും പിന്നീട് എസ്‌പി ഫോർട് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കും ശേഷം ഉണ്ടായ ഇൻഫെക്ഷൻ ആണ് മരണത്തിന് കാരണമായത്.ഇത് വിശദമായി പരിശോധിക്കേണ്ട ഒന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയാൽ ഉടൻ തന്നെ പരാതി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ലക്ഷങ്ങൾ ചികിത്സയ്ക്കായി ഈടാക്കുന്നതും പല തരത്തിലുള്ള പരീക്ഷണങ്ങൾ മനുഷ്യ ശരീര്തിൽ നടത്തുന്നതുമായ വിവിധങ്ങളായ പരാതികൾ സ്വകാര്യ ആശുപത്രികൾക്കെതിരെ വ്യാപകമാകുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുന്ന രീതിയിലുള്ള ഇടപെലും നിയമ നിർമ്മാണം നടത്താനുമാണ് സർക്കാർ ശര്മമെന്നും സുനിൽ കുമാർ പറയുന്നു.സർക്കാർ ആശുപത്രികളിൽ ചെറിയ പിഴവുണ്ടായാൽ പോലും പെരുപ്പിച്ച് കാണിക്കുകയും ഇത് പോലെ സ്വകാര്യ ആശുപത്രികളിൽ വൻ പിഴവുണ്ടായാലും അത് പുറത്ത് വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം വാർത്തകൾ പുറത്ത് വരേണ്ട ആവശ്യകതയെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

അഫ്സൽ എന്ന യുവാവിനെ തനിക്ക് നേരിട്ടറിയുന്നതാണെന്നും ഒരു പാർട്ടി പ്രവർത്തകനെന്നതിലുപരി വളരെ നല്ലൊരു ചെറുപ്പക്കാരനായിട്ടാണ് പ്രദേശവാസികൾ അൽത്താഫിനെ കണ്ടിരുന്നത് എന്നും പാർട്ടി പ്രവർത്തകനെന്നതിനെക്കാൾ വലിയ ബന്ധമാണ് അൽത്താഫുമായി ഉള്ളതെന്നും മന്ത്രി മറുനാടനോട് പറഞ്ഞു. അൽത്താഫിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്ന നഷ്ടം ഒരു കാരണ വശാലും നികത്താൻ കഴിയുന്ന ഒന്നല്ലെന്നും എല്ലാ പിന്തുണയും സർ്കകാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ മാർച്ച് 21നാണ് വെള്ളനാട് വെച്ച് അഫ്സൽ സഞ്ചരിച്ച ബൈക്ക് ഒരു മിനി വാനുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കപകടത്തിൽ കാലിനും തോളിനും പൊട്ടലേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അൽത്താഫ് 39 ദിവസങ്ങൾ കഴിഞ്ഞ് മരണമടഞ്ഞതിന് ആശുപത്രി അധികൃതർ പറയുന്നത് വിചിത്രമായ ന്യായങ്ങളുമായിരുന്നു.എസ്‌പി ഫോർട്ട് ഹോസ്പിറ്റൽ പറയുന്നത് കിഡ്‌നിയുടെ പ്രവർത്തനം തകരാറിലായി, ബ്ലീഡിങ് അമിതമായി, ബിപി ലോ ആയി എന്നൊക്കെ യാണ്. ഓർത്തോ വിഭാഗം പ്രശ്‌നവുമായി അഡ്‌മിറ്റ് ആയ രോഗിയുടെ കിഡ്‌നി എങ്ങനെ തകരാറിലാകും?. 15 ലക്ഷത്തോളം രൂപ വിഴുങ്ങിയ ശേഷം അൽത്താഫിന്റെ ജീവനില്ലാത്ത ശരീരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

ഒന്നര മാസം മുൻപ് നടന്ന ഒരപകടത്തിൽ കാലിൽ മൂന്നു പൊട്ടലും തോളിൽ ഒരു പൊട്ടലും മാത്രമാണ് അൽത്താഫിനു പറ്റിയ പ്രധാന പരിക്കുകൾ. കഴിഞ്ഞ 39 ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനിടയിൽ ഒന്നിൽ കൂടുതൽ ഓപ്പറേഷനു അൽത്താഫ് വിധേയനായി. കാലിനു പൊട്ടലുമായി പോയ രോഗി എങ്ങനെയാണ് മരിക്കുക. ഒരു കാരണവശാലും എസ്‌പി ഫോർട്ട് ആശുപത്രി അധികൃതരെ വെറുതെ വിടില്ല. അവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സഹോദരൻ സെയ്ദ് അലി മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.ഇത്രയും ചികിത്സയും ശസ്ത്രക്രിയയും ഒക്കെ നടത്തിയിട്ടും ഒന്നിന്റേയും വിശദാംശങ്ങൾ നഴ്‌സായ ഭാര്യയെ പോലും അധികൃതർ അറിയിച്ചിരുന്നുമില്ല.

എഐവൈഎഫ് പവർത്തകൻ കൂടിയായ അൽത്താഫിന്റെ ശവസംസ്‌കാരത്തിന് വൻ ജനാവലിയാണ് നെടുമങ്ങാട് വാളിക്കോടുള്ള വീട്ടിലും പള്ളിയിലും എത്തിയത്.കാലിൽ രണ്ട് പൊട്ടലും തോളെല്ലിന് പൊട്ടലുമായി ആശുപത്രിയിൽ ചിക്തസയ്ക്കും ശസ്ത്രക്രിയയ്ക്കും പോകുമ്പോൾ എല്ലാവരോടും തമാശ പറഞ്ഞും ചിരിച്ചും കളിച്ചുമാണ് അൽത്താഫ് പോയത്. എന്നിട്ട് അയാൾ ഇന്ന് മരണമടഞ്ഞിരിക്കുന്നു എന്നത് വിശ്വസിക്കാൻ നാട്ടുകാരും സഹപ്രവർത്തകരും അൽത്താഫിന്റെ ഒപ്പം പ്രവർത്തിക്കുന്ന പാർട്ടിക്കാരും തയ്യാറാകുന്നില്ല.