ന്ത്യയിലേക്കുള്ള വ്യാപാരദൗത്യങ്ങൾ പ്രതീക്ഷിച്ചത്ര ക്ലച്ച് പിടിക്കാത്തതിനെ തുടർന്ന് ബ്രിട്ടൻ ഇപ്പോൾ പാക്കിസ്ഥാനിലേക്ക് റൂട്ട് തിരിച്ച് വിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബ്രിട്ടനിലെ ഇന്ത്യൻ വംശജനും മിനിസ്റ്റർ ഫോർ ഏഷ്യ ആൻഡ് പസിഫിക്കുമായ അലോക് ശർമ പാക്കിസ്ഥാനിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് പോയിരിക്കുകയാണ്. ഇന്ത്യയുമായി കൂടിയിട്ട് കാര്യമില്ലെന്ന് മനസിലായതിനെ തുടർന്നാണ് ബ്രിട്ടൻ പാക്ക് മനസ് പിടിക്കാൻ ഇന്ത്യൻ വേരുകളുള്ള മന്ത്രിയെ തന്നെ പാക്കിസ്ഥാനിലേക്ക് അയച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ മന്ത്രി അലോക് ശർമ നടത്തുന്ന പാക്ക് സന്ദർശനം പാക്ക്-ബ്രിട്ടീഷ് ബന്ധത്തിൽ ഉണർവേകിയിരിക്കുകയാണ്. വ്യാപാരം വർധിപ്പിക്കാനായി ഈ സന്ദർശനത്തിനിടെ ശർമ പാക്ക് സർക്കാരുമായും ബിസിനസ് മേധാവികളുമായും വിശദമായ ചർച്ച നടത്തുകയും ചെയ്യും.

ഇതിനായി ഇസ്ലാമബാദിലും കറാച്ചിയിലുമായി അദ്ദേഹം രണ്ട് ദിവസമാണ് തങ്ങുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടക്കാനൊരുങ്ങുന്ന ബ്രിട്ടൻ യൂണിയന് പുറത്തുള്ള വിവിധ രാജ്യങ്ങളുമായി പരമാവധി വ്യാപാരക്കരാറുകൾ ഉണ്ടാക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പാക്കിസ്ഥാനുമായി ചർച്ചകൾ നടത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൺ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. അതിനെ തുടർന്ന് ഇരുരാജ്യങ്ങളും വൻതോതിൽ വ്യാപാരസഹകരണത്തിലേർപ്പെടാമെന്ന നീക്ക് പോക്കുണ്ടാവുകയും ചെയ്തിരുന്നു.

ഇസ്ലാമബാദിൽ വച്ച് ശർമ ഫോറിൻ പോളിസി ചീഫായ സർതാജ് അസീസ്, കോമേഴ്സ് മിനിസ്റ്റർ ഖുറം ദാസ്റ്റ്ഗിർ ഖാൻ,മിനിസ്റ്റർ ഫോർ പ്ലാനിങ് അഷാൻ ഇക്‌ബാൽ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൈന പാക്കിസ്ഥാൻ എക്കണോമിക് കോറിഡോർ മുഷാഹിദ് ഹുസൈൻ സയിദ്,ഹ്യൂമൻ റൈറ്റ്സ് മിനിസ്റ്റർ കംമ്രാൻ മൈക്കൽ എന്നിവരുമായും ശർമ ചർച്ചകൾ നടത്തുന്നുണ്ട്. കറാച്ചി സന്ദർശനത്തിനിടെ ശർമ സിന്ധ് മുഖ്യമന്ത്രി മുറാദ് അലിഷാ, പാക്കിസ്ഥാൻ ബിസിനസ് ലീഡർമാർ ബ്രിട്ടീഷ് ബിസിനസുകൾ എന്നിവയുമായും കൂടിക്കാഴ്ച നടത്തും. ഗ്ലാസ്‌കോസ്മിത്ത്ലൈൻ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, റീട്ടെയിലർ ടീം എ വെൻച്വേർസ്, ടിസിഎസ് കൊറിയർ സർവീസ്, പാക്കിസ്ഥാൻ ബിസിനസ് കൗൺസിലിലെ അംഗങ്ങൾ ,തുടങ്ങിയവരാണ് ഈ ചർച്ചയിൽ ശർമയുമായി ഭാഗഭാക്കാകുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം എത്തരത്തിൽ പുഷ്ടിപ്പെടുത്താമെന്നായിരിക്കും ഇതിലെ പ്രധാന വിഷയം.

പാക്കിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് ഗവർണറുമായും കൂടിക്കാഴ്ച നടത്തുന്ന ശർമ പാക്കിസ്ഥാൻ സ്റ്റോക്ക് എക്സേഞ്ച് സന്ദർശിക്കുകയും ചെയ്യുന്നതാണ്. പാക്കിസ്ഥാൻ 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടടുപ്പിച്ചാണ് നാം പാക്കിസ്ഥാൻ സന്ദർശിക്കുന്നതെന്നാണ് ശർമ പറയുന്നത്. പാക്കിസ്ഥാനും യുകെയും തമ്മിലുള്ള പഴയ ഊഷ്മള സൗഹൃദം തനിക്ക് അനുഭവിക്കാനാകുന്നുവെന്നും അദ്ദേഹം പ്രതികരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും ശക്തമായ സമ്പദ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ അനിവാര്യമാണെന്നും ശർമ പറയുന്നു. ഇതിന്റെ ഭാഗമായി ഗവൺമെന്റിലെയും ബിസിനസ് രംഗത്തെയും മുതിർന്ന അംഗങ്ങളുമായി ക്രിയാത്മകമായ ചർച്ചയാണീ സന്ദർശനത്തിനിടെ താൻ നടത്തുന്നതെന്നും ബ്രിട്ടീഷ് മന്ത്രി പറയുന്നു. ഇതിലൂടെ ഉഭയക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.