ന്യൂഡൽഹി: ഭരണമികവിനും കഴിവിനും തന്നെ അംഗീകാരം. ഭരിക്കാൻ അറിയാവുന്നവരെ അധികാരം ഏൽപ്പിക്കുക എന്ന മോദിയുടെ നയം തന്നെയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിസഭാ പ്രവേശത്തിലൂടെ തെളിയുന്നത്. മോദി- അമിത് ഷാ ദ്വയത്തെ അടുത്തറിയാവുന്നവർക്ക് ഈ തീരുമാനം അത്ഭുതമല്ല. അതിന് അപ്പുറത്തേക്ക് കേരളത്തിൽ തമ്മിലടിച്ചു നിന്ന ബിജെപി ഗ്രൂപ്പുകൾക്കുള്ള താക്കീത് കൂടിയാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം.

നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് അൽഫോൻസ് കണ്ണന്താനത്തെ ബിജെപി പാളയത്തിൽ എത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്തിയായിരിക്ക തുടങ്ങിയ ബന്ധം ഇപ്പോഴും ശക്തമാണ്. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി സംസ്ഥാനനേതൃത്വത്തിനും ഏറ മാനങ്ങളുള്ള രാഷ്ട്രീയനേട്ടമാണ് സമ്മാനക്കുക. മദ്ധ്യകേരളത്തിൽ എൻഡിഎയുടെ സ്വാധീനം കൂടുന്നതിന് ഇത് സഹായകരമാകും. കേന്ദ്രമന്ത്രിയായി കേരളത്തിൽ മത്സരിക്കാനുള്ള അവസരവും ഇതോടെ അൽഫോൻസ് കണ്ണന്താനത്തിന് കൈവരും. വിഭാഗീയതയിൽ തട്ടി ഭിന്നിച്ചു നിൽക്കുന്ന സംസ്ഥാനനേതൃത്വത്തിനുള്ള താക്കീതു കൂടിയാണ് ഈ തീരുമാനം. സംസ്ഥാനത്തുനിന്നു സാദ്ധ്യത കൽപ്പിച്ച എല്ലാ നേതാക്കളേയും മറികടക്കാൻ മോദിക്ക് ഭരണതന്ത്രജ്ഞത എന്ന ഒറ്റക്കകാര്യം കൊണ്ട് സാധിച്ചു.

ബിജപി കേന്ദ്ര നിർവ്വാഹക സമിതി അംഗമായ അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് ചണ്ഡിഗഢ് അഡ്‌മിനിസ്ട്രേറ്ററായി നേരത്തേ പരിഗണിച്ചെങ്കിലും പഞ്ചാബിലെ അകാലിദൾ സർക്കാരിന്റെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഡൽഹിയെ അടുത്തറിയാവുന്ന നേതാവുകൂടിയാണ് കണ്ണന്താനം. എല്ലാത്തിനുമുപരി മോദിയുടെ വിശ്വസ്തൻ. ഡൽഹിയെ ഇളക്കി മറിച്ച ഐഎസ്എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു കണ്ണന്താനം. ഡൽഹിയിലെ അനധികൃത കെട്ടിട നിർമ്മാണമെല്ലാം പൊളിച്ചു കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥൻ. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗത്തെ ഇന്നും ആരാധനയോടെ കാണുന്ന സമൂഹം ഡൽഹിയിലുണ്ട്.

ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2006ൽലാൻഡ് റവന്യൂ കമ്മീഷണറായിരിക്കെ പദവി രാജിവച്ച് ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച് കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 ൽ കാലാവധി തികയ്ക്കുന്നതിന് മുമ്പെ രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. 'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്‌മെന്റ് അഥോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇതിൽ ഡൽഹിയിലെ പ്രവർത്തനങ്ങളാണ് കണ്ണന്താനത്തെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവ നേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്റർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി.

കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ലാണ് അൽഫോൻസ് ജനിച്ചത്. മലയാളം മീഡിയം സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കേവലം 42% മാർക്ക് കിട്ടിയാണ് പത്താം തരം വിജയിച്ചത് . അതിനു ശേഷമാണ് തോൽക്കില്ല എന്ന പ്രതിജ്ഞ എടുക്കുന്നതെന്ന് അദ്ദേഹം പലപ്പോഴും വെളിപ്പടുത്തിയിട്ടുണ്ട്. അതിനു ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെയാണ് അദ്ദേഹം വിജയിച്ചത്.

സർവ്വീസിലിരിക്കെ ഇടതുപക്ഷ ആശയങ്ങളോട് ചേർന്നു നിന്ന അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ ഐഎഎസ് ഉപേക്ഷിച്ചപ്പോൾ അത് ആർക്കും അത്ഭുതമായിരുന്നില്ല. എന്നാൽ വിജയിച്ച് എം എൽഎ ആയിരിക്കെ കാവിക്കൂടാരമേറിയതിൽ പലർക്കും അമ്പരപ്പായിരുന്നു. അന്ന് മൂക്കിൽ വിരൽ വച്ചവരുടെ കണ്ണു തള്ളിക്കുന്നതാണ് കണ്ണന്താനത്തിന്റ ഈ പുതിയ സ്ഥാനലബ്ധി. അല്ലെങ്കിലും സാധാരണക്കാർ മനസ്സിൽ കാണുമ്പോൾ മാനത്തു കാണുന്നവരാണല്ലോ തന്ത്രജ്ഞർ. അൽഫോൻസ് കണ്ണന്താനം സംശയമില്ലാത്ത തന്ത്രശാലി തന്നൈ

മതേതര പരിവേഷത്തിന് പുതിയ മാനങ്ങൾ നൽകി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി മാറി ബിജെപി രാഷ്ട്രീയത്തിലും സജീവമായി വ്യക്തിയാണ് കണ്ണന്താനം. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ അൽഫോൻസ് കണ്ണന്താനം നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മോദി നടപ്പാക്കിയ ഗുജറാത്ത് വികസന മാതൃക വ്യാപിപ്പിക്കാൻ പ്രചരണത്തിനിറങ്ങിയ വ്യക്തികളിൽ ഒരാളുമായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ബിജെപി പാളയത്തിലേക്ക് അടുപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് പൊതു വിലയിരുത്തൽ ഉള്ളത്. അതുകൊണ്ട് കൂടിയാണ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നൽകിയതും.