കൊച്ചി: ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസിൽ പൊലീസ് റെയ്ഡ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്്ഡ്. ആശുപത്രിയിൽ നിന്ന് വിവിധ രേഖകൾ അടങ്ങിയ ഫയലുകൾ പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആംഭിച്ച റെയ്ഡ് ഇപ്പോഴും അഞ്ച് മണിക്കൂറോളം നീണ്ടു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെയും പത്തോളം രോഗികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റെയ്ഡിൽ കാര്യമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം 20 ആം തിയതി മുതൽ ആശുപത്രിയിൽ നിന്ന് രേഖകൾ വിവിധ ഉപകരണങ്ങളും കടത്തുന്നതിന്റെ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

കഴിഞ്ഞ ആഴ്ച ആശുപത്രി എംഡിയുടെ മുറിയിൽ എത്തിയപ്പോൾ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളാണ് അവിടെ മറുനാടൻ മലയാളി ലേഖകൻ കണ്ടത്. എന്നാൽ ഇന്ന് പൊലീസ് റെയ്ഡ് നടത്തുമ്പോൾ ഷാജഹാൻ യൂസഫ് സാഹിബിന്റെ മുറിയിലെ ടേബിളിൽ കുറച്ച് ഫയലുകൾ മാത്രം. ചില മുറികളുടെ താക്കോൽ ഇവിടെയില്ലെന്നും, അതിനാൽ തുറക്കാൻ ആകില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു. ആശുപത്രിയുടെ സിസിടിവി ഏതാനം ദിവസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നാണ് പൊലീസിന് അധികൃതർ നൽകിയ വിവരം. അതേ സമയം ഈ മാസം 20 മുതൽ ആശുപത്രിയിൽ നിന്ന് രേഖകൾ കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

കെഎൽ 07 ബിഡി 3862 എന്ന നമ്പറുള്ള ഓട്ടോയിൽ കാർഡ് ബോർഡ് ബോക്‌സിലാക്കിയ നിലയിലാണ് ഫയലുകളും മറ്റ് ഡോക്യുമെന്റ്‌സും കടത്തിയത്. ഒപ്പം ആശുപത്രിയുടെ ആമ്പുലൻസിലും ഉപകരണങ്ങളടക്കം കൊണ്ടുപോയതായി സൂചനയുണ്ട്. ഈ മാസം 20 നായിരുന്നു ഡോക്ടർ ഷാജഹാനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അന്വേഷണ വിധേയമായി പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം രേഖകൾ അടക്കമുള്ളവ ഇവിടെനിന്നും മാറ്റിയത്. ആശുപത്രിയിലെ ചികിത്സാ പിഴവ് സംബന്ധിച്ച് ഇതുവരെ 10 ലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എളമക്കര എസ്‌ഐ പ്രജീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം, ഇന്ന് ആശുപത്രിയിൽ റെയ്ഡ് നടക്കുമെന്ന് നേരത്തെ ആശുപത്രി അധികൃതർ മനസ്സിലാക്കിയിരുന്നതായി മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. 25 ന് രാവിലെ മെഡിക്കൽ ക്ലെയിം സബന്ധിച്ച് പേപ്പറുകൾ ലഭിക്കുന്നതിന് പിറ്റേ ദിവസം വരട്ടെയെന്ന് ഫോൺ മുഖാന്തിരം ചോദിച്ചപ്പോൾ 26 ന് ആശുപത്രിയിൽ റെയ്ഡ് നടക്കുമെന്നും അതിനാൽ 27 ന് എത്തിക്കോളാനുമായിരുന്നു മലപ്പുറത്തെ രോഗിക്ക് ലഭിച്ച വിവരം.

ഷാജഹാൻ യൂസഫ് സാഹിബിന് സർജ്ജറി ചെയ്യാനുള്ള യോഗ്യതകൾ ഇല്ലെന്നാണ് ഐഎംഎയുടെ കണ്ടെത്തൽ. റഷ്യയിൽ പോയി എംബിബിഎസ് പഠിച്ചുവെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

യുവമോർച്ചയുടെ പരാതിയിൽ ചികിത്സ തട്ടിപ്പിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കഴിഞ്ഞ ദിവസം എളമക്കര പൊലീസ് ഷാജഹാൻ യൂസഫ് സാഹിബിനെതിരെ കേസ് ചാർജ്ജ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അൽഷിഫയിൽ നടന്ന റെയിഡ്.