- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഫോണുകൾ കോടതി നേരിട്ട് തിരുവനന്തപുരം സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ച്; ഫോണുകൾ നേരിട്ട് വാങ്ങാതെ ഡാറ്റാ ഉറപ്പാക്കാൻ അന്വേഷണ സംഘം; ആലുവ മജിസ്ട്രേട്ട് കോടതി നിലപാട് ഇനി നിർണ്ണായകം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദിലീപിനെതിരെ പുതിയ നീക്കവുമായി ക്രൈം ബ്രാഞ്ച്. ആലുവ കോടതിയിലേയ്ക്ക് കഴിഞ്ഞ ദിവസം അയച്ച ദിലീപിന്റെ ഫോണുകൾ മജിസ്ട്രേറ്റ് കോടതി നേരിട്ട് തന്നെ തിരുവനന്തപുരം സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന ആവശ്യമാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്.
ഇതിനായി് അന്വേഷണസംഘത്തലവനായ എസ് പി മോഹനചന്ദ്രൻ കോടതി ചേംമ്പറിൽ നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതി ഉത്തരവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ രാത്രിയോടെ തന്നെ എത്തിച്ചിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യങ്ങളായ മൊബൈൽ ഫോണുകൾ പരിശോധിക്കണം ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണം എന്നുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാതെയായിരുന്നു ആലുവ കോടതിയിലേയ്ക്ക് ഫോണുകൾ കൈമാറാൻ ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകൾ ഡിജിപിക്ക് കൈമാറുകയാണെന്ന് കോടതി കഴിഞ്ഞ ദിവസം വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഫോണുകൾ കൈമാറരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്ന് ആലുവ കോടതിക്ക് ഫോണുകൾ അയക്കാമെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഈ നിർദ്ദേശം രണ്ടുകൂട്ടരും സമ്മതിച്ചു. ഫോൺ ലോക്ക് മാറ്റുന്നതിനുള്ള പാറ്റേൺ കോടതിക്ക് നൽകാമെന്നും ദിലീപ് അറിയിച്ചിരുന്നു.
ഇതേത്തുടർന്ന് രജിസ്ട്രാർ ജനറൽ കഴിഞ്ഞ ദിവസം തന്നെ ഫോണുകൾ ആലുവ കോടതിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ സംഘം ഫോണുകൾ ആലുവ കോടതിയിൽ നിന്ന് കൈപ്പറ്റണം എന്നായിരുന്നു നിർദേശത്തിലുണ്ടായിരുന്നത്. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണോ എന്ന കാര്യത്തിൽ ആലുവ മജിസ്ട്രേറ്റിന് തീരുമാനമെടുക്കാമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നടനെതിരെ ശക്തമായ വാദങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ദിലീപടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും കേസുമായി ബന്ധപ്പെട്ട ഒരു ഫോൺ ദിലീപ് തന്നിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഇങ്ങനെയൊരു ഫോണിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് നടൻ വാദിക്കുന്നത്. എന്നാൽ ദിലീപ് 2021 ഓഗസ്റ്റ് 31 വരെയും ഈ ഫോൺ ഉപയോഗിച്ചിരുന്നുവെന്നും കൂടാതെ 2000ത്തിൽ അധികം കോളുകൾ ഈ ഫോണിൽ നിന്ന് വിളിച്ചിരുന്നതായി തെളിവുകളുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ