ആലുവ; യുവതിയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 67കാരനിൽ നിന്ന് പണം തട്ടൽ. അശോകപുരം സ്വദേശിയിൽ നിന്നു രണ്ടര ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ തൃശൂർ മുണ്ടൂർ കൊള്ളന്നൂർ പൊമേറോ പോൾസണെ (29) പൊലീസ് അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുടയിലെ വനിതാ ബ്യൂട്ടീഷ്യനടക്കം 3 പേർ കൂടി സംഭവത്തിൽ പ്രതികളാണ്. ഇവർ കേരളം വിട്ടെന്നാണ് സൂചനയെന്നും ഇവർക്കായി ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ്.

അശോകപുരം സ്വദേശിയായ അറുപത്തേഴുകാരൻ ഫെയ്‌സ് ബുക്കിലൂടെയാണ് ബ്യൂട്ടീഷ്യനെ പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം വളരുകയും അറുപത്തേഴുകാരനെ ഇവർ തന്ത്രപൂർവ്വം നെടുമ്പാശ്ശേരിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും നെടുമ്പാശേരിയിലെ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു. ഇവിടെ വരുന്നതിന് മുൻപ് മറ്റു ചില ആവശ്യങ്ങൾ പറഞ്ഞ് ഇയാളിൽ നിന്ന് യുവതി 12,000രൂപ തന്റെ അക്കൗണ്ടു വഴി വാങ്ങുകയും ചെയ്തു. തുടർന്നായിരുന്നു ഇരുവരും നെടുമ്പാശേരിയിൽ കണ്ടുമുട്ടുന്നത്.

തുടർന്ന് ദിവസങ്ങൾ കഴിഞ്ഞാണ് കിടപ്പറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നത്. രണ്ടര ലക്ഷം രൂപയാണ് പൊമേറോ ഇയാളിൽ നിന്ന ആവശ്യപ്പെടുന്നത്. മറ്റ് മാർഗമില്ലാതെ ഇയാൾ പൊലീസിൽ പരാതി നൽകി. തുക വാങ്ങാനെത്തിയപ്പോഴായിരുന്നു പൊമേറോയെ പൊലീസ് തന്ത്രപരമായി കുടുക്കിയത്. പൊലീസ് നിർദ്ദേശം പണം നൽകാമെന്ന് പറഞ്ഞ് ഇയാൾ പൊമേറോയെ വിളിച്ചുവരുത്തുകയായിരുന്നു. ചലച്ചിത്ര നിർമ്മാതാവിന്റെ ഡ്രൈവറായ പൊമേറോ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പരാതിക്കാരൻ വിവരം നൽകിയത് അനുസരിച്ച് പൊലീസ് സീനത്ത് ജംഗ്ഷനിൽ തന്ത്രപരമായി കാത്തു നിൽക്കുകയായിരുന്നു. പിന്നീട് പരാതിക്കാരനുമായി ആശയം വിനിമയം നടത്തിയ പ്രതി പറഞ്ഞ സ്ഥലത്തേക്ക് എത്തിയതോട വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു.ഇവർ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ സെക്‌സ് റാക്കറ്റിൽ കണ്ണിയാണ് പ്രതിയെന്നു സംശയിക്കുന്നതായി എസ്‌ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവർ പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു. ഒളിവിൽ പോയവർക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.