- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി ശിക്ഷിച്ചത് വധ ശിക്ഷയ്ക്ക്; ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും സുപ്രീംകോടതിയിലെ പുനപരിശോധന അനുകൂലമായി; ഇനി ആന്റണിക്ക് ജയിൽ മോചനമോ?; 20 വർഷം ജയിലിൽ കിടന്ന ആലുവ കൂട്ടക്കൊലക്കേസ് പ്രതിയെ പുറത്തു വിടാൻ ജയിൽ വകുപ്പിന് സമ്മതം; പന്ത് പിണറായിയുടെ കോർട്ടിലേക്ക്
കൊച്ചി : ആലുവ കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആന്റണിയുടെ ജയിൽമോചനത്തിനു ജയിൽവകുപ്പ് ശിപാർശ നൽകും. ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറവു ചെയ്തിരുന്നു. ജീവപര്യന്തമെന്നാൽ ജീവിതാവസാനം വരെ തടവ് എന്ന വ്യാഖ്യാനങ്ങളുണ്ട്. ഇതിനിടെയാണ് ആന്റണിയെ വിട്ടിയയ്ക്കാനുള്ള നീക്കം.
ആന്റണിയുടെ മോചനത്തിനു നേരത്തേ നൽകിയ ശിപാർശ നിരസിക്കപ്പെട്ടിരുന്നു. പുറത്തിറങ്ങിയാൽ ഇയാളെ ആരെങ്കിലും വധിക്കാനോ ഇയാൾ ആരെയെങ്കിലും കൊലപ്പെടുത്താനോ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടാണ് അന്നു മോചനത്തിനു തടസമായത്. എന്നാൽ, പ്രതിയുടെ മാനസിക നിലവാരവും 20 വർഷം ജയിലിൽ കിടന്നതും പരിഗണിച്ചാണ് ഇളവ് ആലോചിക്കുന്നത്. പുറത്തിറങ്ങിയാൽ പ്രതിക്കോ മറ്റുള്ളവർക്കോ ജീവനു ഭീഷണിയുണ്ടെന്നു റിപ്പോർട്ട് വന്നാൽ ശിപാർശ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.
ആന്റണിയെ കുറിച്ച് ജയിലിലുള്ളവർക്ക് നല്ല അഭിപ്രായമാണ്. പൂജപ്പുര ജയിലിൽ തടവുകാരെ സന്ദർശകരുടെ അടുത്തെത്തിക്കുന്ന ജോലിയിലാണ് ആന്റണി. എല്ലാവരോടും മാന്യമായി മാത്രമാണ് പെരുമാറുന്നത്. ജയിൽ നിയമങ്ങൾ എല്ലാം അനുസരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആന്റണിയെ മോചിപ്പിക്കാനുള്ള നീക്കം. എല്ലാ വശവും ഇക്കാര്യത്തിൽ പരിശോധിക്കണമെന്ന അഭിപ്രായവും സജീവമാണ്.
ആന്റണി ജയിലിൽ പ്രശ്‌നക്കാരനല്ല. നല്ല സ്വഭാവവുമാണ്. ഇതെല്ലാം പരിഗണിച്ചാണ് വിട്ടയയ്ക്കാനുള്ള നീക്കം. സർക്കാർ നിലപാടാകും നിർണ്ണായകം. രാഷ്ട്രീയ തടവുകാരേയും മറ്റും വിട്ടിയയ്ക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണ് ഇതെന്നും സൂചനയുണ്ട്. വധശിക്ഷ ഇളവുചെയ്യണമെന്ന ദയാഹർജി രാഷ്ട്രപതി തള്ളിയതിനു ശേഷം, സുപ്രീം കോടതിയിലെ പുനഃപരിശോധനാ ഹർജിയിലൂടെ ആയുസ് നീട്ടിക്കിട്ടിയ ആന്റണിയുടെ ജയിൽജീവിതം 20 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് ജയിൽമോചനം പരിഗണിക്കുന്നത്.
14 വർഷം തടവുശിക്ഷ കഴിഞ്ഞവരെയാണ് ഇളവിനു പരിഗണിക്കുന്നത്. ഇതേ ചെലവ് ചില രാഷ്ട്രീയ തടവുകാർക്കും ലഭിക്കാൻ ഇടയുണ്ട്. മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജയ്മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (74), അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി (42) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ആന്റണിക്കു സിബിഐ. കോടതി വധശിക്ഷ വിധിച്ചത്. 2001 ജനുവരി ആറിനായിരുന്നു സംഭവം. വിദേശത്തേക്കു പോകാൻ പണം വായ്പ ചോദിച്ചിട്ടു കൊടുക്കാതിരുന്നതാണു കൊലപാതകത്തിലെത്തിയത്.
ഭവനഭേദനത്തിനു ജീവപര്യന്തം, കവർച്ചയ്ക്കും തെളിവ് നശിപ്പിക്കലിനും ഏഴു വർഷം വീതവും കഠിനതടവും വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. ദയാഹർജിയും നിരസിക്കപ്പെട്ടെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്നഭ്യർഥിച്ചുള്ള പുനഃപരിശോധനാ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. വധശിക്ഷ 2018 ഡിസംബറിൽ ജീവപര്യന്തം തടവായി ഇളവു ചെയ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ