കൊച്ചി: ചന്ദ്രബോസിനെ കൊന്ന നിസാമിന്റെ ഭാര്യയെ കൊലക്കേസിൽ പ്രതിയാക്കില്ല. സാക്ഷിയാക്കുന്നതാണ് കേസിന് നല്ലതെന്ന വിചിത്രന്യായവുമായി പൊലീസ്. നിസാമിന്റെ സ്വാധീനങ്ങൾ മാത്രമല്ല ഇതിന് കാരണം. കേരളത്തിലെ പ്രമുഖ വ്യവസായ പ്രമുഖന്റെ മകളാണ് നിസാമിന്റെ ഭാര്യയായ അമല. ഭർത്താവിന്റെ ഉന്നതതല ബന്ധങ്ങൾക്കൊപ്പം അച്ഛന്റെ വ്യവസായ സുഹൃത്തുക്കളും രാഷ്ട്രീയ സ്വാധീനവുമെല്ലാം അമലയെ രക്ഷിക്കാൻ സജീവമായി ഉണ്ട്. അതുകൊണ്ട് തന്നെ അമലയെ കേസിൽ കുടക്കാൻ സംസ്ഥാന പൊലീസിന് ശക്തിയുമില്ല. ഏത് വിധേനയും മകളെ കേസിൽ കുടുക്കാതിരിക്കാനാണ് അമലയുടെ അച്ഛന്റെ നീക്കങ്ങൾ.

ഈ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു അമലിന്റെ പൊലീസിനുള്ള മൊഴി നൽകൽ. എല്ലാം നിസാം ചെയ്തുവെന്ന് അമൽ പൊലീസിനോട് സമ്മതിച്ചു. ഇതോടെ അമലിനെ സാക്ഷിയാക്കാൻ തീരുമാനിച്ചു. എന്നാൽ അമലിന്റെ മൗനാനുവാദത്തോടെയാണ് ചന്ദ്രബോസിനെ ആക്രമിച്ചതെന്ന് സാക്ഷി മൊഴി പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. അമലിനെ മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച് മൊഴിയെടുക്കാത്തതും പൊലീസ് തയ്യാറായില്ല. കേസിലെ മറ്റ് സാക്ഷികളുടെ മൊഴി മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. അങ്ങനെ അവിടേയും അമലിന് രക്ഷപ്പെടാൻ പഴുതു നൽകി. ഇപ്പോൾ പൊലീസിന് നൽകിയ അമലയുടെ മൊഴി ഒരിക്കലും കോടതി മുഖവിലയ്ക്ക് എടുക്കില്ല. സാക്ഷിക്കൂട്ടിൽ കയറി എന്തു പറയുന്നുവെന്നതാണ് പ്രാധാന്യം. അവിടെ നിസാമിന് അനുകൂലമായി മൊഴി നൽകാനുള്ള സാധ്യതകൾ ഇട്ടു തന്നെയാണ് പൊലീസ് നീക്കം.

എങ്ങനേയും നിസാമിനെ രക്ഷിച്ചെടുക്കുമെന്ന് ഉന്നത രാഷ്ട്രീയ നേതാക്കൾ തന്നെ പറയുന്നുണ്ട്. അത്ര സ്ഥാധീന ശേഷിയാണ് നിസാമിനുള്ളത്. എന്നാൽ കേരളത്തിൽ അതിനപ്പുറമുള്ള ബന്ധങ്ങൾ അമലയുടെ അച്ഛനുണ്ട്. അപ്പോൾ എങ്ങനെ അമലയ്ക്ക് എതിരെ നീതിപൂർവ്വകമായി പ്രവർത്തിക്കുമെന്നാണ് പൊലീസുകാരുടെ ചോദ്യം. കേസിൽ പ്രതിയാക്കേണ്ട വ്യക്തി തന്നെയാണ് അമല. ചോദ്യം ചെയ്യാൻ ഹാജരാകാൻ ഇവർക്ക് പൊലീസ് നോട്ടീസ് നൽകി. എന്നാൽ സ്വാധീനഫലമായി നോട്ടീസ് അപ്രസക്തമായി. അമലയുടെ അച്ഛൻ പറഞ്ഞിടത്ത് പൊലീസ് എത്തി. മൊഴി രേഖപ്പെടുത്തി മടങ്ങുകയും ചെയ്തു. ഇതിൽ നിന്ന് തന്നെ അമലയെ പ്രതിയാക്കാതിരിക്കാനുള്ള ഉന്നത തല ഗൂഡാലോചന വ്യക്തമാണ്. ചന്ദ്രോസിനെ തോക്കുമായി നിസാം ആക്രമിച്ചുവെന്ന വാദത്തെ അമല തള്ളിക്കളഞ്ഞു. ഇതിലൂടെ മാരകായുധ അനധികൃതമായി ഉപയോഗിച്ചുവെന്ന കുരുക്കിൽ നിന്ന് നിസാം രക്ഷപ്പെടുകയും ചെയ്തു.

വിചാരണ സമയത്ത് അമലയെന്ന പ്രോസിക്യൂഷൻ സാക്ഷി നിസാമിന് അനുകൂലമായി മൊഴി നൽകിയാൽ കേസ് തന്നെ പൊളിയും. എന്നിട്ടും ഭാര്യയെ കേസിൽ സാക്ഷിയാക്കുന്നത് നിസാമിന് ഗുണകരമാകുമെന്നാണ് പൊലീസ് പറയുന്നത്. തീർച്ചയായും കോടിതയുടെ കൂട്ടിൽ കയറി നിന്ന് അമല നിസാമിന് എതിരെ പറഞ്ഞാൽ പ്രതികുടുങ്ങും. പക്ഷേ കോടതിയിൽ നിസാമിന് അനുകൂലമായി മൊഴി നൽകിയാൽ കാര്യങ്ങൾ മാറിമറിയും. അതിന് തന്നെയാണ് സാധ്യത കൂടുതലും. നിസാമിനൊപ്പം അമലയേയും പ്രതിചേർത്താൽ ഈ വിഷയം ഉണ്ടാകില്ല. എന്നാൽ മികച്ച ക്രിമിനൽ അഭിഭാഷകരുടെ സഹായവും ഉപദേശവും അനുസരിച്ച് അമലയേയും നിസമിനേയും സഹായിക്കുന്ന തരത്തിലെ തിരക്കഥയാണ് പൊലീസും നിസാമിന്റെ ബന്ധുക്കളും ഒരുക്കിയത്.

അമലയെ കേസിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി പലകഥകളും പൊലീസ് തന്നെ പ്രചരിപ്പിക്കുന്നുണ്ട്. നിസാമും അമലയും ഏറെ നാളായി പിണക്കത്തിലായിരുന്നുവെന്നാണ് അതിലൊന്നും. അമലയെ നിസാം തല്ലുകയും ചെയ്യുമായിരുന്നത്രേ. പത്രങ്ങളിലൂടെ ഈ കഥകളും പുറത്ത് എത്തുന്നു. ആരെയും വകവയ്ക്കാത്ത ചന്ദ്രബോസ് കൊലക്കേസിലെ നിസാമിന് ഇപ്പോഴത്തെ ഭാര്യ അമലിന്റെ മുന്നിൽ ഒരിക്കൽ മുട്ടുമടക്കേണ്ടി വന്നുവെന്നും കഥയുണ്ട്. പല സ്ത്രീകളുമായും ബന്ധമുള്ള നിസാം ഇടക്കാലത്ത് ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ ഒരു യുവതിയുമായി അടുപ്പത്തിലായി. ഇരുവരും ബാംഗഌരിലെ ഫ്ളാറ്റിൽ ഒരുമിച്ച് താമസിക്കാനും തുടങ്ങി. തൃശൂരിനടുത്ത് ഒരു കോടി രൂപ വിലയുള്ള ഫ്ളാറ്റ് ഈ യുവതിക്കായി നിസാം വാങ്ങിയെന്നാണ് കഥ. ഇതിനു പിന്നാലെ യുവതിക്കായി ഒരു കോടിയിലധികം രൂപ വിലയുള്ള ആഡംബര കാർ വാങ്ങി. പുതിയ കാറിൽ കയറുന്നതിന് തൊട്ടുമുമ്പ് ഇരുവരും ചേർന്നെടുത്ത ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.

ഫേസ് ബുക്കിൽ വന്ന ഫോട്ടോ അമലിന്റെ കണ്ണിൽപ്പെട്ടു.നിസാമുമായി ഒത്തുപോകാൻ കഴിയാതെ തൃശൂരിലെ ഫ്ളാറ്റിൽ നിന്ന് നിരവധി തവണ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പുറപ്പെട്ട അമൽ പിന്നീട് തിരിച്ചുവന്നിരുന്നു. എന്നാൽ, ഫേസ് ബുക്കിൽ മറ്റൊരു പെണ്ണുമൊത്തുള്ള നിസാമിന്റ ഫോട്ടോ കണ്ടതോടെ ബന്ധം അവസാനിപ്പിക്കാൻ തന്നെ അമൽ തീരുമാനിച്ചു. ഇക്കുറി താൻ മൊഴി ചൊല്ലുകയാണെന്ന് അമൽ തറപ്പിച്ചു പറഞ്ഞതോടെ നിസാം വെട്ടിലായി. അമൽ വിട്ടുപോകുന്നതിലുള്ള സങ്കടം കൊണ്ടൊന്നുമല്ല നിസാം അങ്കലാപ്പിലായത്. നിസാമിന്റെ ഭൂരിഭാഗം സ്വത്തുക്കളും അമലിന്റെ പേരിലായിരുന്നു. മൊഴി ചൊല്ലി പിരിഞ്ഞാൽ കോടിക്കണക്കിന് രൂപ നഷ്ടമാകുമെന്ന് ബോധ്യമായ നിസാം അമലുമായി ഒത്തുതീർപ്പിന് തയ്യാറായി. ബാംഗ്ലൂർ യുവതിയുമായുള്ള ബന്ധം മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ചുവെന്നും പറയുന്നു. ഉന്നത സാമ്പത്തിക സാഹചര്യവും ജീവിത ചുറ്റുപാടുമുള്ള അമല എന്തിന് നിസാമിനെ പോലൊരു ഭർത്താവിനെ സഹിച്ച് ഒപ്പം കഴിഞ്ഞുവെന്ന് പൊലീസിനോട് ചോദിച്ചാൽ മറുപടിയുമില്ല.

ചന്ദ്രബോസിനെ നിസാം കൊന്നതിൽ പങ്കില്ലെന്ന അമലിന്റെ മൊഴി അവരെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമാണ്. കസ്റ്റഡിയിൽ എടുക്കാതെ ബന്ധുവിന്റെ വീട്ടിൽ നടന്ന ചോദ്യചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല.ചന്ദ്രബോസിനെ മുഹമ്മദ് നിസാം ഇടിച്ചു വീഴ്‌ത്തിയ ശേഷം കാറിന്റെ പിറകിലിട്ടിരുന്നുവെന്ന വിവരം അറിയാതെയാണു താൻ കാറിന്റെ മുൻ സീറ്റിൽ കയറിയതെന്നും അമൽ പൊലീസിനു മൊഴി നൽകി. 29നു പുലർച്ചെ നിഷാം തന്റെ മൊബൈൽ ഫോണിൽ വിളിച്ച് ഉടൻ ഗേറ്റിലേക്കെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഫോൺ സംഭാഷണത്തിൽ എന്തോ അടിപിടി നടക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടിരുന്നു. ഉടൻ ഫ്ളാറ്റിൽ നിന്നു പുറത്തിറങ്ങി ഗേറ്റ് ഭാഗത്തേക്ക് ഓടുകയായിരുന്നു. ശോഭാസിറ്റിയിൽ ജലധാരയുടെ ഭാഗത്ത് എത്തിയപ്പോഴേക്കും നിസാം തന്റെ വാഹനം പുറപ്പെടാൻ തയാറാക്കി നിർത്തിയിരുന്നു.

തന്നോട് മുൻ സീറ്റിലേക്കു കയറാൻ ആവശ്യപ്പെട്ടു. ഭർത്താവ് വീട്ടിലേക്കു വരുന്നുവെന്ന ആശ്വാസത്തിൽ മുൻ സീറ്റിൽ കയറി. പാർക്കിങ് ഏരിയായിലെത്തി കാറിന്റെ പിറകിലെ വാതിൽ തുറന്നു പുറത്തേക്കു വലിച്ചിട്ടപ്പോഴാണ് ചന്ദ്രബോസ് പിറകിലെ സീറ്റിൽ ഉണ്ടായിരുന്നുവെന്ന കാര്യം അറിയുന്നത്. അപ്രതീക്ഷിതമായ ഈ കാഴ്ചയിൽ താൻ ഞെട്ടിപ്പോയി. ഉടൻ ശബ്ദം കൂട്ടി സമീപവാസികളെ ഉണർത്താൻ ശ്രമിച്ചു. ഇതല്ലാതെ സംഭവത്തിൽ തനിക്ക് ഒരു പങ്കുമില്ല. മുഹമ്മദ് നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമൽ മൊഴി നൽകി. ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് നിസാം തോക്കെടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അമൽ മൊഴി നൽകി.

ഞായറാഴ്ച ഉച്ചയോടെയാണ് തൃശ്ശൂരിലെത്തി ഇവർ പൊലീസിനു മൊഴി നൽകിയത്. കാളത്തോട്ടിലെ ബന്ധുവീട്ടിൽവച്ചാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. നിസാമിന്റെ കൈവശം ഇതുവരെ തോക്കുകൾ കണ്ടതായി ഓർക്കുന്നില്ലെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞതെന്നും സൂചനയുണ്ട്. ചന്ദ്രബോസിനെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് നിസാമുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താൻ അറിഞ്ഞത് എന്നാണിവർ പൊലീസിനോട് പറഞ്ഞത്.

അമൽ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നിട്ടും എങ്ങനെ കണ്ടെത്തിയെന്ന് വ്യക്തമായിട്ടില്ല. ചന്ദ്രബോസ് കൊലപാതകത്തിൽ അമലിന്റെ പങ്കിനെക്കുറിച്ചാണ് ചോദ്യംചെയ്തത് എന്നാണ് സൂചന. നിസാം മാരകമായി ആക്രമിച്ച ശേഷം ചന്ദ്രബോസിനെ തന്റെ ആഡംബര കാറിൽ കയറ്റി പോർച്ചിലേക്ക് പോകുമ്പോൾ അമലും വാഹനത്തിലുണ്ടായിരുന്നുവെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. അമൽ നിസാമിനെ തടയാൻ ശ്രമിച്ചില്ലെന്നും മൊഴിയിലുണ്ട്. ഇതെല്ലാം മറന്നാണ് അമലിനെ രക്ഷിക്കാനുള്ള ഉന്നത ഇടപെടൽ.