ശ്രീനഗർ:  അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനാറു
പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പലരുടേയും നില ഗുരുതരമാണ്. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റംബാൻ ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തിൽ 46 ഓളം തീർത്ഥാടകർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടം നടന്ന പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്‌ച്ച അമർനാഥ് തീർത്ഥാടകർക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപാണ് അപകട വാർത്തയും പുറത്തു വന്നിരിക്കുന്നത്.1990ൽ താഴ്‌വരയിൽ കലാപം ആദ്യമായി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അമർനാഥ് തീർത്ഥാടകർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

വർഷത്തിൽ ഒരിക്കൽ നടക്കുന്ന യാത്രയ്ക്ക് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഹർക്കത്ത്-ഉൽ-അൻസർ 1993-ൽ വിലക്ക് പ്രഖ്യാപിച്ചപ്പോഴാണ് തീർത്ഥാടനത്തിന് രേഖപ്പെടുത്തപ്പെട്ട ആദ്യ ഭീഷണി ഉണ്ടായത്. ബാബറി മസ്ജിദ് തകർത്തതിനെതിരായ പ്രതിഷേധമാണ് ആക്രമണമെന്നാണ് അന്ന് ആ തീവ്രവാദ സംഘടന അവകാശപ്പെട്ടത്. എന്നാൽ പ്രദേശവാസികൾ അത്ര ആവേശഭരിതരായില്ല എന്ന് മാത്രമല്ല ആശയത്തെ എതിർക്കുകയും ചെയ്തതോടെ ഭീഷണി അത്രമേൽ ആളിക്കത്തിയില്ല. 2000 ഓഗസ്റ്റ് ഒന്നിന്, തീർത്ഥാടകർ താമസിച്ചിരുന്ന ഫൽഗാമിലെ ഒരു ക്യാമ്പിലേക്ക് തീവ്രവാദികൾ ഇരച്ചുകയറിയപ്പോൾ 17 തീർത്ഥാടകർ ഉൾപ്പെടെ 25 പേരാണ് കൊല്ലപ്പെട്ടത്.

അക്രമികൾ സുരക്ഷ സേനയെയാണ് ലക്ഷ്യമിട്ടതെന്നും തീർത്ഥാടകരെ അല്ലെന്നും ജമ്മുകാശ്മീർ സർക്കാർ അന്ന് അവകാശപ്പെട്ടെങ്കിലും കൊല വലിയ രീതിയിലുള്ള പൊതുജന രോഷത്തിന് കാരണമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താഴ്‌വരയിലെ അന്തരീക്ഷം കലുഷിതപൂർണമായിരുന്നിട്ടും, 17 വർഷമായി അമർനാഥ് യാത്രയ്ക്ക് നേരെ ഒരു ആക്രമണവും നടക്കാതിരുന്നതിനുള്ള യഥാർത്ഥ കാരണവും ആ ജനരോഷമായിരുന്നു.

കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമർനാഥ് ഗുഹാക്ഷേത്രം. പ്രകൃതിനിർമ്മിതമായ ഈ ഗുഹാക്ഷേത്രത്തിൽ സ്വയം ഭൂവായി ഉണ്ടാകുന്ന ഹിമലിംഗദർശത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്താറുണ്ട്. 1850ൽ ഒരു മുസ്ലിം ആട്ടിടയനായ ബുട്ട മാലിക്കാണ് ഏറ്റവും ആരാധിക്കപ്പെടുന്ന ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നായ അമർനാഥ് കണ്ടെത്തിയത്. ഹിന്ദു പുരോഹിതന്മാരോടൊപ്പം മാലിക്കും കുടുംബവും ഈ ഗുഹാക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരായി മാറി. 2000-ൽ ശ്രീ അമർനാഥ്ജി ക്ഷേത്ര ബോർഡിന് സർക്കാർ രൂപം കൊടുക്കുകയും ക്ഷേത്രത്തിന്റെ പരിപൂർണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

ക്ഷേത്രത്തിന്റെ പരമ്പരാഗത സൂക്ഷിപ്പുകാരായിരുന്ന മാലിക് കുടുംബത്തിന്റെ കഥ അതോടെ അവസാനിച്ചു.2008-ൽ, വനഭൂമി ക്ഷേത്ര ബോർഡിന് കൈമാറാനുള്ള സർക്കാർ തീരുമാനം സംസ്ഥാനത്തെ സാമുദായികമായി വിഭജിച്ചപ്പോൾ മാത്രമാണ് അമർനാഥ് തീർത്ഥാടനം ജമ്മുകശ്മീരിൽ ഒരു രാഷ്ട്രീയ പ്രശ്നമായി മാറിയത്. ഈ ഉത്തരവ് പിന്നീട് പിൻവലിക്കപ്പെടുകയായിരുന്നു.

പരമശിവൻ അമരനായതിന്റെ രഹസ്യമന്ത്രം പാർവ്വതിദേവിക്ക് ഉപദേശിച്ച് കൊടുത്തത് അമർനാഥ് ഗുഹയിൽ വച്ചാണത്രേ. ഈ ഗുഹയിൽ സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്ന ഹിമലിംഗം ദർശനം നടത്തുന്നവർക്ക് സർവ്വ ഐശ്വര്യങ്ങളും മോക്ഷപ്രാപ്തിയും കൈവരുമെന്നാണ് വിശ്വാസം. വൈതരണികൾ താണ്ടി ഇവിടെ എത്തുന്നവരുടെ എല്ലാ പ്രാർത്ഥനകളും സഫലമാകാനായി, ചോദിക്കുന്ന വരം നൽകി അനുഗ്രഹിക്കുന്ന പ്രസന്നമൂർത്തിയായി ദിവ്യതേജസ്സായി അമർനാഥൻ ഈ ഗുഹയിൽ നിലകൊള്ളുന്നു. ശ്രാവണമാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗർണ്ണമി നാളിൽ പൂർണ്ണ രൂപത്തിലെത്തുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പൂർണ്ണരൂപത്തിലുള്ള ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരം കാണും.

കൃഷ്ണപക്ഷാരംഭത്തോടെ ലിംഗത്തിലെ ഹിമം ഉരുകാൻ തുടങ്ങുന്നു. അമാവാസി ദിവസം ഹിമലിംഗം പൂർണ്ണമായും അപ്രത്യക്ഷമാകുന്നു. ദേവന്മാരുടെ അപേക്ഷ പ്രകാരം ശ്രാവണമാസത്തിലെ പൗർണ്ണമിനാൾ മുതൽ അമാവാസിവരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപേണ പ്രത്യക്ഷപ്പെട്ട് ദർശനം നടത്തുന്നവരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ശിവലിംഗത്തിന് പുറമെ ഗുഹയ്ക്കകത്ത് പാർവ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തിൽ മാത്രം നടക്കുന്ന അത്ഭുതപ്രതിഭാസമാണിത്.

രണ്ടുമാസത്തോളം പ്രത്യക്ഷമാകുന്ന ഹിമലിംഗം ദർശിച്ച് അനുഗ്രഹം നേടാനായി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നു. ഭാരതത്തിലെ സന്യാസി ശ്രേഷ്ഠന്മാരും പ്രധാനപ്പെട്ട ആചാര്യന്മാരും ഈ ഗുഹയിൽ ദർശനം നടത്തിയിട്ടുണ്ട്. തീർത്ഥാടനകാലം കഴിഞ്ഞാൽ ഈ പർവ്വതം മുഴുവനും സഞ്ചാരയോഗ്യമല്ലാതെ ഹിമം മൂടി കിടക്കുന്നു. കാശ്മീരിലെ തീവ്രവാദി പ്രശ്നങ്ങൾ കാരണം പലപ്പോഴും അമർനാഥ് തീർത്ഥാടനം നിർത്തി വെയ്ക്കാറുണ്ട്. 1991 മുതൽ 1996 വരെ തുടർച്ചയായി 5 വർഷം തീർത്ഥാടനം നിർത്തിവെച്ചിരുന്നു.

ഇപ്പോൾ ജമ്മുകാശ്മീർ ഗവൺമെന്റ് എല്ലാ കൊല്ലവും ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ യാത്രയ്ക്ക് അനുമതി നൽകുന്നുണ്ട്. കൊല്ലത്തിൽ മുപ്പതോ നാൽപ്പതോ ദിവസങ്ങൾ മാത്രമെ അമർനാഥ് ദർശനം ലഭ്യമാകൂ. ആ ദിവസങ്ങളിൽ മാത്രം ദർശനം നടത്താനെ ഗവൺമെന്റിന്റെ അനുവാദം കിട്ടുകയുള്ളു. പട്ടാളത്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ അതികർശനമായ സെക്യൂരിറ്റിയോടെയാണ് തീർത്ഥാടനം അനുവദിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ പൂർണ്ണമായും പട്ടാളത്തിന്റെ വരുതിയിലാണ്.