ലോകം ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകളിലേക്കും വഴികളിലേക്കും തിരിയുമ്പോഴും ഇതൊന്നുമറിയാതെ കൊടുംകാടിനുള്ളിൽ ആദിമമനുഷ്യരെപ്പോലെ അനേകം പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമോ? ഇനിയും പുറംലോകവുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഗോത്രവർഗക്കാർ നിലവിലുണ്ടെന്നാണ് ബ്രസലിലെ ആമസോൺ കാടുകളിൽനിന്നുള്ള ഈ കാഴ്ചകൾ വ്യക്തമാക്കുന്നത്. ആമസോൺ കാടുകൾക്കുമേലെ ഹെലിക്കോപ്ടറിൽ പറന്നെടുത്ത ചിത്രങ്ങളാണിത്.

പെറുവിന്റെ അതിർത്തിയോട് ചേർന്നുള്ള കാടുകളിലാണ് ഇവരെ കണ്ടെത്തിയത്. ആദ്യതവണ ഹെലിക്കോപ്ടർ കണ്ടയുടൻ ഇവർ ഓടിയൊളിക്കുകയായിരുന്നു. എന്നാൽ, പിന്നീട് കൂട്ടമായെത്തിയ ഹെലിക്കോപ്ടറിനു നേർക്ക് അമ്പെയ്ത് ചെറുത്തുനിൽക്കാനും ഇവർ ശ്രമിച്ചു. മറ്റൊരു ഗോത്രവിഭാഗത്തെ കാണുന്നതിനായി പോകുമ്പോഴാണ് ഫോട്ടോഗ്രാഫർ റിക്കാർഡോ സ്റ്റുക്കെർട്ടിന് അവിശ്വസനീയമായ ഈ കാഴ്ചകൾ കാണാനായത്. കാലാവസ്ഥ പ്രതികൂലമായതിനാൽ, ഹെലിക്കോപ്ടർ വഴിതിരിച്ചുവിടേണ്ടിവന്നതാണ് അതിന് അവസരമൊരുക്കിയതും.

2008-ലും 2010-ലു കണ്ടെത്തിയിട്ടുള്ള ഗോത്രവിഭാഗമാണ് ഇതെന്നാണ് കരുതുന്നത്. കാടുകളിൽനിന്ന് കാടുകളിലേക്ക് പലായനം ചെയ്യുന്ന ഈ വിഭാഗം ഇന്നും പുറംലോകവുമായി ബന്ധപ്പെട്ടിട്ടില്ല. 20,000 വർഷം മുമ്പുള്ള പൂർവികരുടെ അതേ ജീവിതം പിന്തുടരുന്ന ഗോത്രങ്ങൾ ഇപ്പോഴുമുണ്ടെന്ന് കണ്ടെത്താനായത് അവിസ്മരണീയമാണെന്ന് സ്റ്റുക്കെർട്ട് നാഷണൽ ജ്യോഗ്രഫിക് മാസികയിൽ അഭിപ്രായപ്പെട്ടു.

ഓലകൊണ്ട് മറച്ച കുടിലുകളിലാണ് ഇവർ താമസിക്കുന്നത്. ഹെലിക്കോപ്ടറിന്റെ ശബ്ദം കേട്ടയുടൻ പുറത്തേയ്ക്ക് വരികയും പിന്നീട് കുടിലിലേക്ക് പിന്മാറുകയുമായിരുന്നു. നൂറുപേരെങ്കിലു ഗോത്രത്തിലുണ്ടെന്നാണ് കരുതുന്നത്. 300 പേരോളമുള്ള ഗോത്രവിഭാഗങ്ങളെ മുമ്പ് ആമസോൺ കാടുകളിൽനിന്ന് കണ്ടെത്തിയിരുന്നു.