കൊല്ലം: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച പ്രതിയെ പിടികൂടിയത് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങളിലൂടെ. കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ രാഹുൽ (അമ്പാടി 26) ആണു കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. മർദനമേറ്റ ആലപ്പുഴ വള്ളികുന്നം സ്വദേശി അച്ചുവിന്റെ പരാതിയിലാണ് അറസ്റ്റ്.

സോഷ്യൽ മീഡിയയിൽ അപമാനിച്ചു എന്നാരോപിച്ചാണ് ആലപ്പുഴ വള്ളികുന്നം സ്വദേശി അച്ചു എന്ന യുവാവിനെ രാഹുലും സംഘവും മർദിച്ചത്. മർദനമേറ്റ് അവശനായ അച്ചുവിനെ കൊണ്ട് രാഹുൽ കാല് പിടിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ രാഹുൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.കൊല്ലം റൂറൽ ജില്ലാ പൊലീസപരിധിയിൽ പൂയപ്പള്ളി സ്റ്റേഷനിൽ കൊലപാതകം,ബലാൽസംഘം,തട്ടിക്കൊണ്ട് പോകൽ ,പിടിച്ചുപറി തുടങ്ങി പതിനഞ്ചോളം കേസുകളുള്ള രാഹുൽ പിടികിട്ടാപുള്ളി ആണ് എന്ന് പൊലീസ് ആരോപിക്കുന്നു.

2018 ൽ ഓടനാവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കോണ്ട് പോയി ബലാൽസംഘം, വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്ന് പൊലീസ് പറയുന്നു. അച്ചുവും രാഹുലും അംഗങ്ങളായ ഫേസ്‌ബുക് കൂട്ടായ്മയിലെ ചാറ്റിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അടുത്ത ദിവസം രാഹുൽ സുഹൃത്തുമായി കരുനാഗപ്പള്ളിയിലെത്തിയ ശേഷം അച്ചുവിനെ വിളിച്ചുവരുത്തി.

കൊറിയർ നൽകാൻ എന്ന് പറഞ്ഞാണ് രാഹുൽ ഇയാളെ വിളിച്ചു വരുത്തിയത്. കരുനാഗപ്പള്ളിയിലെ ബാറിനു സമീപത്തെക്ക് മാറ്റി നിർത്തിയാണ് ഈ യുവാവിനെ ക്രൂരമായി മർദിച്ചത്. കത്തി കൊണ്ട് അച്ചുവിന്റെ കഴുത്തിൽ കുത്തിപ്പരുക്കേൽപിച്ചതായും പൊലീസ് പറയുന്നുണ്ട്. മർദിച്ചതിന് ശേഷം കാൽപിടിച്ച് മാപ്പ് പറയിക്കുകയും അത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കേരളാ പൊലീസിന്റെ സോഷ്യൽമീഡിയാ മോണിറ്ററിഗ് സെൽ ശ്രദ്ധിക്കുകയും ഇതുകൊല്ലം ജില്ലാ പൊലീസ് മേധാവി മെറിൻജോസഫ് ഐ.പി.എസ് ന് കൈ മാറുകയും ചെയ്തു.

മെറിൻ ജോസഫിന്റെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കേസ്് എടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യം മർദ്ദനമേറ്റ അച്ചുവിനെ കണ്ട് പിടിച്ച് മൊഴി രേഖപ്പെടുത്തിയാണ് പ്രതിയായ രാഹുലിലേക്ക് കരുനാഗപ്പള്ളി പൊലീസ് എത്തിയത്. പ്രതിയായ രാഹുലിന്റെ ഫോൺ നമ്പരും സോഷ്യൽ മീഡിയ വഴിയുള്ള അന്വേഷണങ്ങളാണ് കൊല്ലം തെന്മലയിൽ നിന്നും രാഹുലിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്.

കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്.എച്ച്. ഒ ഗോപകുമാർ, എസ്‌ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, ശ്രീലാൽ എഎസ്ഐമാരായ നന്ദകുമാർ, ഷാജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് രാഹുലിനെ പിടികൂടിയത്്. യുവാവിനെ വിളിച്ചുവരുത്താനും മർദന രംഗങ്ങൾ ചിത്രീകരിക്കാനും ഒപ്പം നിന്ന കൂട്ടാളിയെ പൊലീസ് തിരയുന്നുണ്ട് .പ്രചരിപ്പിച്ച വീഡിയോയിൽ അച്ചുവിനെ മർദിക്കാൻ ഇയാൾ പ്രേരിപ്പിക്കുന്നതിന്റെ ഓഡിയോ സംഭാഷണം പൊലീസിന് ലഭിച്ചിട്ടുണ്ട്.